
തുടര്‍ വിജയങ്ങളുടെ നിറവിലാണ് മോഹന്‍ലാല്‍ ഈ വര്‍ഷം. വന്‍ കളക്ഷന്‍ നേടിയ എമ്പുരാനും തുടരുമിനും ശേഷം സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വത്തിലാണ് മോഹന്‍ലാലിനെ ഇനി കാണാന്‍ പറ്റുക. അതിനിടയ്ക്ക് അദ്ദേഹത്തിന്‍റേതായി എത്തുന്ന ഓരോ അപ്ഡേറ്റും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ പ്രകാശ് വര്‍മ്മയുടെ സംവിധാനത്തില്‍ എത്തിയ ഒരു ജ്വല്ലറി പരസ്യചിത്രത്തിലെ മോഹന്‍ലാലിന്‍റെ പ്രകടനവും വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടു. ഇപ്പോഴിതാ ആ പരസ്യത്തെക്കുറിച്ചും മോഹന്‍ലാല്‍ എന്ന അഭിനേതാവിനെക്കുറിച്ചുമുള്ള അനൂപ് മേനോന്‍റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.
അനൂപ് മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
വൈകിയിട്ടാണെങ്കിലും ആ പരസ്യം കണ്ടു. ഒരേ പൂര്‍ണ്ണതയോടെ ലിംഗഭേദങ്ങളെ അനായാസം വരച്ചിടുന്ന നടനാല്‍ വീണ്ടും വശീകരിക്കപ്പെട്ടു. ഗംഭീര അഭിനേതാക്കള്‍ പലരുണ്ടാവാം ചുറ്റും. പക്ഷേ ഇദ്ദേഹം ശ്രദ്ധ പിടിക്കുമ്പോള്‍ മറ്റാരെയും നമ്മള്‍ ഓര്‍ക്കില്ല. എങ്ങനെയാണ് താന്‍ കാണപ്പെടുന്നതെന്നോ കണ്ണുകള്‍ക്ക് അടിയിലെ മടക്കുകളെക്കുറിച്ചോ ഒട്ടും ആകുലപ്പെടാത്ത ഒരാള്‍. ചിത്രമെടുക്കുമ്പോള്‍ പ്രൊഫൈലിലാണോ അതല്ലെങ്കില്‍ മറ്റേതെങ്കിലും ആംഗിളിലാണോ താന്‍ നന്നായി കാണപ്പെടുന്നതെന്നൊന്നും ശ്രദ്ധിക്കാത്ത ഒരാള്‍. ലഭിച്ചിരിക്കുന്ന പ്രതിഭയെ ആഘോഷിക്കുകയാണ് അയാള്‍. ഈ പകര്‍ന്നാട്ടങ്ങള്‍ എത്രത്തോളം ബുദ്ധിമുട്ടേറിയതാണെന്നോ അത് എങ്ങനെ സ്വായത്തമാക്കിയെന്നോ തന്‍റെ അര്‍പ്പണം എത്രത്തോളമാണെന്നോ ഒന്നും ഒരിക്കലും വിശദീകരിക്കാത്ത ഒരാള്‍. ഒരു നല്ല ടേക്കിന് പിന്നാലെ സത്യസന്ധമായ ഒരു ചിരിയും ചിരിച്ച് അടുത്ത ഷോട്ടിന് അദ്ദേഹം പോകും. ആ ഇടവേളയില്‍ ലൈറ്റ് ബോയ്സുമായി കുസൃതി കലര്‍ന്ന ചില തമാശകളും പറയും. നെഗറ്റീവ് ചിന്തകളോ ചെളിവാരിയെറിയലോ ഇല്ല. അങ്ങേയറ്റം ആത്മവിശ്വാസമുള്ളപ്പോള്‍ത്തന്നെ നിലത്ത് കാലൂന്നിയുള്ളതുമാണ് ആ നില്‍പ്പ്. കേവല വാചാടോപമല്ല ഇതൊന്നും.
ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്, എന്താണ് അദ്ദേഹത്തെ ഒരു ഗംഭീര നടന്‍ ആക്കുന്നതെന്ന്. ഒരു മനുഷ്യന് എത്രത്തോളം ശുദ്ധവും പോസിറ്റീവും ആകാമെന്ന തിരിച്ചറിവാണ് അത്. ഓരോ തിരിവിലും മറ്റുള്ളവര്‍ നിങ്ങളെ അടിച്ചിടാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കാലത്ത് ഒരുമയുടെയും കാരുണ്യത്തിന്‍റെയും ഒരു സാമ്രാജ്യമാണ് ഈ മനുഷ്യന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അത് ഒരു സ്പോട്ട് ബോയ്‍യെയും ഒരു സൂപ്പര്‍സ്റ്റാറിനെയും ഒരേപോലെ ആശ്ലേഷിക്കുന്നു. ക്രിയേറ്റീവ് ആയ വലിയൊരു ചങ്ങാത്തത്തിന് സാക്ഷ്യം വഹിക്കുന്നതുപോലെ കൂടിയാണ് ഈ പരസ്യം. പ്രകാശേട്ടാ, ഇത് സ്റ്റേഡിയത്തിന് പുറത്തേക്കുള്ള ഒരു ബാറ്ററുടെ അടിയാണ്. നിങ്ങള്‍ രണ്ടുപേരും ചേര്‍ന്നുള്ള ഒരു ഗംഭീര സിനിമയ്ക്കായി കാത്തിരിക്കുന്നു. സ്നേഹം. (ഇംഗ്ലീഷിലുള്ള പോസ്റ്റിന്‍റെ പരിഭാഷ)