'ഹൃദയഭേദകം ഈ കാഴ്ച'; ഗുസ്‍തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അപര്‍ണ ബാലമുരളി

By Web TeamFirst Published May 29, 2023, 5:44 PM IST
Highlights

മാര്‍ച്ചിനിടെ ദില്ലി പൊലീസ് താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുന്നതിന്‍റെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു

ദില്ലിയില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടി അപര്‍ണ ബാലമുരളി. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ വൈറല്‍ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അപര്‍ണ ബാലമുരളിയുടെ പ്രതികരണം. 

"നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്" എന്നാണ് ചിത്രത്തിനൊപ്പം അപര്‍ണ കുറിച്ചിരിക്കുന്നത്. നീതി വൈകുന്നത് നീതി നിഷേധമാണ് എന്ന ഒരു ഹാഷ് ടാഗും അപര്‍ണ സ്റ്റോറിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ലൈംഗികാതിക്രമ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം നടത്തുന്നത്. ജന്ദര്‍ മന്ദിറിയില്‍ നിന്ന് പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിന് മുന്നിലേക്ക് സമരക്കാര്‍ ഇന്നലെ മാര്‍ച്ച് നിശ്ചയിച്ചിരുന്നു. മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത താരങ്ങളെ ദില്ലി പൊലീസ് രാത്രിയോടെ വിട്ടയച്ചു. ഇതില്‍ ബജ്റംഗ് പൂനിയയെ രാത്രി ഏറെ വൈകിയാണ് വിട്ടയച്ചത്. 

 

അതേസമയം താരങ്ങള്‍ക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സെക്ഷൻ 147, 149, 186, 188, 332, 353, പിഡിപിപി ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്. സമരം അവസാനിച്ചിട്ടില്ലെന്നും ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങൾ വ്യക്തമാക്കി. അതേസമയം ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി പൊലീസ് പൂർണ്ണമായും പൊളിച്ചുമാറ്റിയതോടെ സമരത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.

ALSO READ : 'ഇപ്പൊ എന്‍ട്രി ആയതാണോ'? അനിയന്‍ മിഥുനോട് പൊളി ഫിറോസ്

click me!