പത്താം വാരം ആവേശകരമാക്കാന്‍ ചലഞ്ചേഴ്സ് എത്തി

മുന്‍ സീസണുകളെ അപേക്ഷിച്ച് ഒട്ടേറെ സര്‍പ്രൈസുകളാണ് മലയാളം സീസണ്‍ 5 ല്‍ ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. അതില്‍ പ്രധാനമാണ് ചലഞ്ചേഴ്സിന്‍റെ കടന്നുവരവ്. മുന്‍ സീസണുകളിലെ ശ്രദ്ധേയ മത്സരാര്‍ഥികളെ കുറച്ച് ദിവസത്തേക്ക് നിലവിലെ സീസണിലേക്ക് കൊണ്ടുവരുന്നതിനെയാണ് ചലഞ്ചേഴ്സിന്‍റെ കടന്നുവരവായി പറയപ്പെടുന്നത്. മറ്റു ഭാഷകളില്‍ നേരത്തേ നടന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇതാദ്യമായി സീസണ്‍ 5 ല്‍ ആണ് ചലഞ്ചേഴ്സ് എത്തുന്നത്.

50 ദിവസത്തിനു ശേഷം റോബിന്‍ രാധാകൃഷ്ണനും രജിത്ത് കുമാറുമായിരുന്നു ഈ സീസണിലെ ആദ്യ ചലഞ്ചേഴ്സ് ആയി എത്തിയത്. അവര്‍ ഹൗസിനെ പല രീതിയില്‍ ഇളക്കിമറിക്കുകയും ചെയ്തു. ഇപ്പോഴിതാ ചലഞ്ചേഴ്സ് ആയി മറ്റു രണ്ട് മത്സരാര്‍ഥികളെക്കൂടി രംഗത്തിറക്കിയിരിക്കുകയാണ് ബിഗ് ബോസ്. സീസണ്‍ 3 മത്സരാര്‍ഥി ഫിറോസ് ഖാനെയും സീസണ്‍ 4 മത്സരാര്‍ഥി റിയാസ് സലിമിനെയുമാണ് ബിഗ് ബോസ് രംഗത്തിറക്കിയിരിക്കുന്നത്. നിലവിലെ മത്സരാര്‍ഥികളെ പ്രകോപിപ്പിക്കല്‍ തന്നെയാണ് ഇരുവരുടെയും ഉദ്ദേശ്യം എന്ന് വെളിപ്പെടുത്തുന്നതാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പ്രൊമോ.

അനിയന്‍ മിഥുനോടാണ് ഫിറോസ് ഖാന്‍റെ ആദ്യ ഡയലോഗ്. മ്യൂസിക്ക് ഇട്ട് ബിഗ് ബോസ് ഇരുവരെയും ഹൗസിലേക്ക് കയറ്റുമ്പോള്‍ മറ്റു മത്സരാര്‍ഥികള്‍ ആകാംക്ഷാപൂര്‍വ്വം പുറത്ത് വന്ന് നില്‍ക്കുന്നുണ്ട്. വന്നത് ഇവരാണെന്ന് കാണുമ്പോള്‍ പലരും ഞെട്ടുന്നുമുണ്ട്. 'അനിയന്‍' എന്ന് സ്വയം പരിചയപ്പെടുത്തുന്ന മിഥുനോട് ഫിറോസിന്‍റെ ചോദ്യം ഇപ്പോള്‍ എന്‍ട്രി ആയതാണോ എന്നാണ്. ഞാന്‍ ആദ്യം മുതലേ ഇവിടെ ഉണ്ട് എന്ന് അനിയന്‍റെ മറുപടി. ആണോ, കണ്ടില്ല അതുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്നും ഇനി കാണാമെന്നും പൊളി ഫിറോസ് എന്ന ഫിറോസ് ഖാന്‍റെ മറുപടി. അതേസമയം ഇരുവരുടെയും കടന്നുവരവോടെ ഈ വാരം പ്രേക്ഷകര്‍ക്ക് രസകരമാവുമെന്ന് ഉറപ്പാണ്.

ALSO READ : കേരളത്തില്‍ 25-ാം ദിനവും 265 തിയറ്ററുകളില്‍ '2018'; കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

#BBMS5Promo ഇനി അവരുടെ വരവ്... ഫിറോസും റിയാസും ബിഗ് ബോസ് ഹൗസിലേക്ക്.