പരമ്പര മുതല്‍ ബാല്യകാലസഖി വരെ ; മമ്മൂട്ടി ഡബിള്‍ റോളിൽ തിളങ്ങിയ സിനിമകൾ

By Web TeamFirst Published Aug 6, 2021, 9:49 AM IST
Highlights

ഒരേ സിനിമയിൽ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി ഈ പ്രതിഭ. 

മ്പത് വർഷങ്ങൾക്ക് മുമ്പ് ഓ​ഗസ്റ്റ് ആറാം തീയതിയാണ് മുഹമ്മദ് കുട്ടി എന്ന ചെറുപ്പക്കാരൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. തോപ്പിൽഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. സത്യനും പ്രേം നസീറും ഷീലയുമെല്ലാം പ്രധാനവേഷങ്ങളെ അവതരിപ്പിച്ചപ്പോൾ ജൂനിയർ ആർട്ടിസ്റ്റിന്റെ വേഷമായിരുന്നു ഈ പയ്യൻ കൈകാര്യം ചെയ്തത്. പിന്നീടിങ്ങോട്ട് ആ ചെറുപ്പക്കാരന്റെ വളർച്ചയായിരുന്നു. മുഹമ്മദ് കുട്ടി എന്ന പേര് മാറി മമ്മൂട്ടി എന്നായി, ഓടുവിൽ മലയാളികളുടെ പ്രിയ മമ്മൂക്കയുമായി. സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾ. ഒരു സിനിമയിൽ തന്നെ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി ഈ പ്രതിഭ. മലയാള സിനിമയിൽ അമ്പതിന്റെ നിറവിൽ നിൽക്കുന്ന മമ്മൂട്ടി അനശ്വരമാക്കിയ ഏതാനും ചില ഡബിൾ റോളുകളെ പരിചയപ്പെടാം.

1990ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'പരമ്പര'യായിരുന്നു മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ ആദ്യ ചിത്രം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു ഇത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഡബിള്‍ റോളുകളില്‍ മമ്മൂട്ടി തിളങ്ങി. ദാദാസാഹിബ്,അണ്ണന്‍ തമ്പി,ബല്‍റാം വേഴ്‌സസ് താരാദാസ്,മായാബസാര്‍ തുടങ്ങി ചിത്രങ്ങളില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ചിട്ടുണ്ട്. 

പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ശ്വേത മേനോൻ, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രത്തില്‍ മൂന്നു വേഷങ്ങളിലാണ് മമ്മൂട്ടി എത്തിയത്. ചിത്രത്തിലെ അഹമ്മദ് ഹാജി എന്ന കഥാപാത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കോഴിക്കോടിന്റെ വടക്കൻ ഉൾനാട് പറഞ്ഞ് പരിചയിച്ച ഭാഷയെ അഹമ്മദ് ഹാജിയുടെ നെറികേടുകളുടെ തനി ശബ്ദമാക്കുകയാണ് മമ്മൂട്ടി ചിത്രത്തിൽ ചെയ്തത്.

ദാദാസാഹിബ്

മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദാദാസാഹിബ്. ദേശസ്‌നേഹം വിഷയമാക്കിയ ചിത്രത്തില്‍ ദാദാസാഹിബ്, അബൂബക്കര്‍ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം  ആ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റ് കൂടിയായിരുന്നു. പലരും പറഞ്ഞു തുടങ്ങുന്നതിനു മുന്‍പേ തന്നെ മലയാള സിനിമയില്‍ മതസൗഹാര്‍ദ്ദത്തിനു വേണ്ടിയും, തീവ്രവാദത്തിനെതിരെയും ശക്തമായി സംസാരിച്ച സിനിമ കൂടിയായിരുന്നു ഇത്. അച്ഛൻ കഥാപാത്രത്തിന് യാതൊരു വിധ കോട്ടവും തട്ടാതെ തന്നെ മമ്മൂട്ടി അതിനെ അനശ്വരമാക്കി മാറ്റി. 

ബൽറാം v/s താരാദാസ്

മമ്മൂട്ടി, കത്രീന കൈഫ്,ശ്രീനിവാസന്‍,സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബൽറാം V/S താരാദാസ്.ബല്‍റാം എന്ന പൊലീസ് ഓഫീസറായും താരദാസ് എന്ന കള്ളക്കടത്തുകാരനായും മമ്മൂട്ടി തകര്‍ത്തഭിനയച്ച ചിത്രമായിരുന്നു ഇത്. 

മായാബസാർ

തോമസ് സെബാസ്റ്റിയന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു മായാബസാര്‍.ചിത്രത്തില്‍  രമേശന്‍, സ്വാമി എന്നീ കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

അണ്ണൻ തമ്പി

ആദ്യമായി മമ്മൂട്ടി ഇരട്ട സഹോദരങ്ങളുടെ വേഷം അവതരിപ്പിച്ച ചിത്രമായിരുന്നു അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത അണ്ണന്‍ തമ്പി. 2008ലെ ബ്ലോക്ക്ബസ്റ്ററുകളിലൊന്നു കൂടിയാണ് ഈ ചിത്രം. തിയറ്ററുകളിൽ വൻ സ്വീകാര്യതയായിരുന്നു മമ്മൂട്ടി കഥാപാത്രങ്ങൾക്കും ചിത്രത്തിനും ലഭിച്ചത്. 

ഈ പട്ടണത്തിൽ ഭൂതം

ജോണി ആന്റണി സംവിധാനം ചെയ്ത കോമഡി ഫാന്റസി ചിത്രമാണ് ഈ പട്ടണത്തിൽ ഭൂതം.മമ്മൂട്ടി ഇരട്ട വേഷത്തില്‍ എത്തിയ സിനിമയില്‍ കാവ്യ മാധവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, രാജന്‍ പി.ദേവ് തുടങ്ങിയവരെല്ലാം അഭിനയിച്ചിരുന്നു.ചിത്രം തിയറ്ററുകളില്‍ തരക്കേടില്ലാത്ത വിജയം കൈവരിച്ചിരുന്നു. ഭൂതമായും നായകനായുമാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്.

ദ്രോണ 

മമ്മൂട്ടിയെ നായകനാക്കി  ഷാജി കൈലാസ്‌ സംവിധാനം ചെയ്ത  ചിത്രമായിരുന്നു ദ്രോണ 2010. മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ ചിത്രം പകയുടെ കഥയാണ് പറയുന്നത്. ചേട്ടനും അനുജനുമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. 

ബാല്യകാലസഖി

ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിനെ ആസ്പദമാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാല്യകാലസഖി. കേന്ദ്രകഥാപാത്രങ്ങളായ മജീദ്, മജീദിന്റെ പിതാവിനെയുമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!