ലാല്‍ജോസ്, അന്‍വര്‍ റഷീദ്, അമല്‍ നീരദ്...; പുതുമുഖങ്ങളോട് എന്നും 'യെസ്' പറഞ്ഞ മമ്മൂട്ടി

By Web TeamFirst Published Aug 6, 2021, 8:59 AM IST
Highlights

പുതുമുഖ സംവിധായകര്‍ക്ക് കൈകൊടുത്ത മമ്മൂട്ടി.

"സിനിമ എന്നു പറഞ്ഞ് നടന്ന്, ഒരുപാടുകാലം അലഞ്ഞ ആളാണ് ഞാന്‍. അതുപോലെ അലയുന്നവരാണ് പലരും. ഇതും ഒരു ഗിവ് ആന്‍ഡ് ടേക്ക് ആണ്. എനിക്ക് കിട്ടിയത് തിരിച്ചുകൊടുക്കുന്നു എന്ന് വിചാരിച്ചാല്‍ മതി", താങ്കളുടെ സിനിമാജീവിതത്തില്‍ പുതുമുഖ സംവിധായകര്‍ക്ക് ഇത്രയും അവസരങ്ങള്‍ നല്‍കുന്നതിന്‍റെ കാരണമെന്ത് എന്ന ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടിയാണ് ആദ്യം. മിക്കവാറും സംവിധായകര്‍ ഏറ്റവുമധികം കാലം ചിന്തയില്‍ സൂക്ഷിച്ചതും ഹോം വര്‍ക്ക് ചെയ്‍തതും ആദ്യ സിനിമയ്ക്കുവേണ്ടിയാവും. അയാളില്‍ ഒരു മികച്ച ചലച്ചിത്രകാരന്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍ ഫലവത്താവാനിരിക്കുന്ന ആ അരങ്ങേറ്റത്തിന്‍റെ ഭാഗമാവാനുള്ള ആവേശമാണ് മമ്മൂട്ടിയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്‍തനാക്കുന്നത്. മമ്മൂട്ടി എത്തുന്നതോടെ ആ പ്രോജക്റ്റ് ഒരു 'താരചിത്ര'മാവുകയും നിര്‍മ്മാതാവ്, വിതരണക്കാര്‍, പ്രദര്‍ശനശാലകള്‍ തുടങ്ങി എല്ലാ വാതിലുകളും ആ നവസംവിധായകനു മുന്നില്‍ ഒരുമിച്ച് തുറക്കുകയും ചെയ്യുന്നു. അങ്ങനെ തുറന്നുകിട്ടിയ ആ വാതിലിലൂടെ സിനിമാലോകത്തേക്ക് പ്രവേശിച്ചവരാണ് ലാല്‍ജോസും ആഷിക് അബുവും അമല്‍ നീരദും മാര്‍ട്ടിന്‍ പ്രക്കാട്ടും തുടങ്ങി എഴുപതിലേറെപ്പേര്‍.

ടെക്നോളജിയിലെയും വാഹനങ്ങളിലെയും ഫാഷനിലെയുമൊക്കെ പുതുമകളോട് മമ്മൂട്ടിക്കുള്ള ആഭിമുഖ്യം എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളതാണ്. അതുപോലെ തന്നെയാണ് പുതിയ ആശയവുമായെത്തുന്ന ഒരു സംവിധായകനെ മമ്മൂട്ടി കാണുന്നതും. എന്നാല്‍ അതിലൊരു റിസ്‍ക് ഉണ്ട്. പറയാന്‍ പോകുന്ന കഥയിലും ആശയത്തിലുമൊക്കെ ഗംഭീരമായിരിക്കുമ്പോള്‍ത്തന്നെ ചിലര്‍ അത് അതേമട്ടില്‍ സ്‍ക്രീനില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടേക്കാം. ആ റിസ്‍കിനെക്കുറിച്ച് അറിയുന്ന ആളും മമ്മൂട്ടി തന്നെയാണ്. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം 'രാജമാണിക്യ'ത്തിനും 'കഥ പറയുമ്പോളി'നുമൊക്കെ സമ്മതം മൂളിയത്. അതേസമയം നവാഗത സംവിധായകരുടെ തെരഞ്ഞെടുപ്പില്‍ തനിക്ക് 80 ശതമാനം സ്ട്രൈക്ക് റേറ്റ് ഉണ്ടെന്നാണ് മമ്മൂട്ടി സ്വയം വിലയിരുത്തുന്നത്. താന്‍ ഒപ്പം പ്രവര്‍ത്തിച്ച എഴുപതിലേറെ നവാഗത സംവിധായകരില്‍ എണ്‍പത് ശതമാനം പേരും മലയാളത്തിലും തമിഴിലുമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മലയാള സിനിമയില്‍ സ്വന്തം മുദ്ര പതിപ്പിച്ചുതുടങ്ങിയ കാലം മുതല്‍ മമ്മൂട്ടി നവാഗതര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും താരപദവി ഉറച്ചതിനു ശേഷമുള്ള ആ തീരുമാനങ്ങള്‍ മലയാളത്തിന്‍റെ തന്നെ പുതുകാല സിനിമയുടെ ഭാവിയുമാണ് കുറിച്ചത്. രണ്ടായിരങ്ങളുടെ തുടക്കം എന്നത് മലയാളസിനിമയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ സ്ഥിരം ചേരുവകള്‍ പ്രേക്ഷകരെ മടുപ്പിച്ചു തുടങ്ങിയെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന കാലം, ബി-സി ക്ലാസ് തിയറ്ററുകാര്‍ക്ക് പിടിച്ചുനില്‍ക്കാനായി സോഫ്റ്റ് പോണ്‍ സിനിമകളെ ആശ്രയിക്കേണ്ടിവന്ന കാലം. സിനിമ തന്നെ ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറുന്നതിന് മുന്‍പുള്ള ആശയക്കുഴപ്പങ്ങളുടെ ഒരു കാലമായിരുന്നു അതെന്ന് ഇന്ന് വിലയിരുത്താനാവും. അപ്പോഴും നാളത്തെ സിനിമയെ മുന്നില്‍ക്കണ്ട്, ഭാവി ചലച്ചിത്ര പ്രവര്‍ത്തകരെ തീരുമാനിച്ചതില്‍ മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പുകള്‍ക്ക് വലിയ പങ്കുണ്ട്.

2000 മുതലുള്ള പത്ത് വര്‍ഷങ്ങളില്‍ മമ്മൂട്ടി ഒപ്പം സഹകരിച്ച നവാഗത സംവിധായകരില്‍ 'കാഴ്ച'യുമായി ബ്ലെസ്സിയുണ്ട് (2004), 'രാജമാണിക്യ'വുമായി അന്‍വര്‍ റഷീദ് (2005) ഉണ്ട്, 'ബിഗ് ബി'യുമായി അമല്‍ നീരദും (2007) 'കഥ പറയുമ്പോഴു'മായി എം മോഹനനും (2007) 'ഡാഡി കൂളു'മായി (2009) ആഷിക് അബുവുമുണ്ട്. ഒരു നവാഗതനെന്ന് പറയാനാവാത്ത ആളായിരുന്നു ബ്ലെസ്സി. പി പത്മരാജനൊപ്പം സംവിധാനസഹായിയായി പ്രവര്‍ത്തിച്ചുതുടങ്ങിയ കലാകാരന്‍. പതിറ്റാണ്ടുകളുടെ അനുഭവപരിചയത്തിനു ശേഷം കാഴ്ചയിലൂടെ അരങ്ങേറിയപ്പോള്‍ ആ സംവിധായകന്‍റെ സിനിമാ കാഴ്ചപ്പാടിലും രണ്ട് കാലങ്ങളുടെ ഒരു സംയോഗമുണ്ടായിരുന്നു. പറയുമ്പോള്‍ ലളിതമായ കഥയെങ്കിലും അവതരണത്തില്‍ ഏറെ സൂക്ഷ്‍മതയും സങ്കീര്‍ണ്ണതയുമുള്ള ചിത്രം. മമ്മൂട്ടി പക്ഷേ ആ റിസ്ക് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. അങ്ങനെ കാഴ്ച സംഭവിച്ചു. രണ്ടായിരത്തോടു ചേര്‍ന്നുള്ള 'താര പരാജയ ചിത്രങ്ങള്‍'ക്കു ശേഷം തിയറ്റര്‍ പൂരപ്പറമ്പാക്കി ചിത്രമായിരുന്നു 'രാജമാണിക്യം'. അങ്ങനെ മുഖ്യധാരാ താരചിത്രങ്ങളില്‍ പുതിയൊരു നിലവാരം സാധ്യമാണെന്നു പറഞ്ഞ് അന്‍വര്‍ റഷീദ് എത്തി. റിലീസ് സമയത്ത് വലിയ വിജയം ആയില്ലെങ്കിലും പില്‍ക്കാല മുഖ്യധാരാ സിനിമയുടെ കാഴ്ചകളെ എത്തരത്തില്‍ സ്വാധീനിച്ച ചിത്രമായിരുന്നു 'ബിഗ് ബി' എന്ന് ഇന്ന് സംശയത്തിന്‍റെ കാര്യമില്ല. മലയാളസിനിമ ഡിജിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അതിന്‍റെ അമരക്കാരില്‍ ഒരാളായി പരിണമിച്ച ആഷിക് അബുവിനും ആദ്യം ഡേറ്റ് കൊടുത്തത് മമ്മൂട്ടി ആയി എന്നത് കേവലയാദൃശ്ചികതയല്ല.

ടെക്നോളജിയോ വാഹനലോകമോ ഫാഷനോ ഒക്കെപ്പോലെ സിനിമയുടെ കാര്യത്തിലും അപ്ഡേറ്റഡ് ആണ് എന്നതാണ് മമ്മൂട്ടിയെ ഔട്ട്ഡേറ്റഡ് ആവാതെ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ വേരുറപ്പിച്ച് നിര്‍ത്തുന്നത്. ഒടിടിയും വെബ് സിരീസുകളും ഇന്‍റര്‍നാഷണല്‍ സിനിമകളിലെ പുതിയ പരീക്ഷണങ്ങളുമൊക്കെ സാകൂതം നിരീക്ഷിക്കാനും അതില്‍ നിന്നൊക്കെ സ്വന്തം സിനിമാജീവിതത്തിലേക്ക് ഊര്‍ജ്ജം ആവാഹിക്കാനുമുള്ള അദ്ദേഹത്തിന്‍റെ കഴിവാണ് മാറുന്ന കാലത്തെ മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുന്നത്. "കിം കി ഡുക്കിനെയും ക്രിസ്റ്റഫര്‍ നോളനെയുമൊക്കെ പുതിയ തലമുറയ്ക്കൊപ്പം ഞാനും കാണുന്നു എന്നതാണ് ഞങ്ങള്‍ക്കിടയിലെ ജനറേഷന്‍ ഗ്യാപ്പ് ഇല്ലാതാക്കുന്ന കാര്യം", അദ്ദേഹം പറയുന്നു. 'ദി പ്രീസ്റ്റി'നു ശേഷം ഒരു പുതുമുഖ സംവിധായികാ ചിത്രം കൂടി മമ്മൂട്ടിക്ക് പൂര്‍ത്തിയാക്കാനുണ്ട്. റതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന 'പുഴു'വാണ് ആ ചിത്രം.

 

മമ്മൂട്ടിക്കൊപ്പം പുതുമുഖ സംവിധായകര്‍ (2000നു ശേഷം)

പുഴു- റതീന ഷര്‍ഷാദ്

ദി പ്രീസ്റ്റ്- ജോഫിന്‍ ടി ചാക്കോ- 2021

അബ്രഹാമിന്‍റെ സന്തതികള്‍- ഷാജി പാടൂര്‍- 2018

കസബ- നിഥിന്‍ രണ്‍ജി പണിക്കര്‍- 2016

പ്രെയ്‍സ് ദി ലോര്‍ഡ്- ഷിബു ഗംഗാധരന്‍- 2014

ബാല്യകാലസഖി- പ്രമോദ് പയ്യന്നൂര്‍- 2014

ജവാന്‍ ഓഫ് വെള്ളിമല- അനൂപ് കണ്ണന്‍- 2012

ബോംബെ മാര്‍ഡ്ഡ് 12- ബാബു ജനാര്‍ദ്ദനന്‍- 2011

ഡബിള്‍സ്- സോഹന്‍ സീനുലാല്‍- 2011

ബെസ്റ്റ് ആക്ടര്‍- മാര്‍ട്ടിന്‍ പ്രക്കാട്ട്- 2010

പോക്കിരിരാജ- വൈശാഖ്-2010

ഡാഡി കൂള്‍- ആഷിക് അബു- 2009

കഥ പറയുമ്പോള്‍- എം മോഹനന്‍- 2007

ബിഗ് ബി- അമല്‍ നീരദ്- 2007

രാജമാണിക്യം- അന്‍വര്‍ റഷീദ്- 2005

കാഴ്ച- ബ്ലെസ്സി- 2004

വജ്രം- പ്രമോദ് പപ്പന്‍- 2004


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!