ഏത് നാട്ടിലായാലും അവിടുത്തുകാരനാകുന്ന മമ്മൂട്ടി മാജിക്

By Web TeamFirst Published Aug 6, 2021, 9:22 AM IST
Highlights

ഏത് ഭാഷാ ശൈലിയെയും അതിന്റെ സ്വാഭാവികതയോടെ മമ്മൂട്ടി അവതരിപ്പിച്ചതിന് ഉദാഹരണങ്ങള്‍ ഏറെയാണ്. 

കേരളത്തില്‍ എത്ര മലയാളമുണ്ടാകും. അത്രത്തോളം മലയാളഭാഷകളില്‍ തെളിമ ചോരാതെ മമ്മൂട്ടി സംസാരിക്കുമെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ഓരോ പ്രദേശത്തെയും ഭാഷാവൈവിധ്യങ്ങള്‍ സംസാരത്തില്‍ കൊണ്ടുവന്നിട്ടുണ്ട് മമ്മൂട്ടി. ഏത് ഭാഷാ ശൈലിയെയും അതിന്റെ സ്വാഭാവികതയോടെ മമ്മൂട്ടി അവതരിപ്പിച്ചതിന് ഉദാഹരണങ്ങള്‍ ഏറെയാണ്. വള്ളുവനാടന്‍ മലയാളം പറയുന്ന വാത്സല്യത്തിലെ രാഘവനും, തൃശൂര്‍ക്കാരനായ പ്രാഞ്ചിയേട്ടനും, ഇടുക്കിക്കാരനായ ലൗഡ് സ്പീക്കറും, കോട്ടയം കുഞ്ഞച്ചനും, പുത്തന്‍പണത്തിലെ തുളു കലര്‍ന്ന മലയാളവും, കുഞ്ഞനന്തന്റെ കടയിലെ കണ്ണൂരുകാരനുമെല്ലാം അവയിൽ ഏതാനും ചിലത്. താരത്തിന്റെ ബിഗ് സ്‍ക്രീൻ ജീവിതത്തിന് 50 വയസാകുമ്പോള്‍ വ്യത്യസ്‍ത ഭാഷാ ശൈലികൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ മമ്മൂട്ടി ചിത്രങ്ങളിലേക്ക് ഒരുതിരിഞ്ഞുനോട്ടം.

ഒരു വടക്കൻ വീര​ഗാഥ

മിത്തുകളുടെ പൊളിച്ചെഴുത്തായിരുന്നു എം.ടിയുടെ ‘ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമ. മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും കരുത്തും കാമ്പുമുള്ള കഥാപാത്രങ്ങളുടെ പട്ടികയിൽ, ചന്തുവെന്ന കഥാപാത്രത്തിന് വലിയ സ്ഥാനമാണുള്ളത്. ശബ്ദത്തിലും രൂപത്തിലും ഭാവത്തിലും മമ്മൂട്ടി അല്ലാതെ മറ്റൊരു നടനെയും ചന്തുവായി സങ്കൽപ്പിക്കാൻ മലയാളിക്ക് കഴിയാത്തതും അതുകൊണ്ട് തന്നെയാണ്. വാൾ മുനപോലെ മൂർച്ചയുള്ള ചന്തുവിന്റെ ഭാഷയെ കരുത്തോടെ അവതരിപ്പിച്ച് മമ്മൂട്ടി ആ വിശ്വാസത്തെ കാത്തു. 

1921

മലബാർ കലാപത്തെ ആസ്പദമാക്കി ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രമാണ് 1921. ഏറനാട്ടുകാരൻ ഖാദർ എന്ന മുസ്ലിം കഥാപാത്രത്തെ ഏറനാടിന്റെ വാമൊഴിവഴക്കത്തിൽ പാകപ്പെടുത്തി എടുക്കാൻ മമ്മൂട്ടിക്ക് സാധിച്ചു. 

ബസ്കണ്ടക്ടര്‍

വി.എം. വിനു സംവിധാനം ചെയ്ത ബസ് കണ്ടക്ടർ എന്ന ചിത്രത്തിൽ കുഞ്ഞാക്ക എന്ന കഥാപാത്രമായി, തനി മലപ്പുറത്തുകാരനായി മമ്മൂട്ടി മാറി. ഇശലിന്റെ ഇമ്പം നിറയുന്ന ഭാഷ മമ്മൂട്ടിയുടെ കൈകളിലെത്തിയപ്പോൾ അതിന്റെ എല്ലാ സൗന്ദര്യവും പുറത്തുകാട്ടി. മലപ്പുറത്തെ മുസ്ലിം ജീവിതത്തെയും ഭാഷയെയും പലസിനിമകളിൽ വ്യത്യസ്ത വേഷങ്ങളിലൂടെ താരം അടയാളപ്പെടുത്തിയിട്ടുണ്ട്. 

പാലേരി മാണിക്യം

കോഴിക്കോടിന്റെ വടക്കൻ ഉൾനാട് പറഞ്ഞ് പരിചയിച്ച ഭാഷയെ അഹമ്മദ് ഹാജിയുടെ നെറികേടുകളുടെ തനി ശബ്ദമാക്കുകയാണ് മമ്മൂട്ടി ചിത്രത്തിൽ ചെയ്തത്. പ്രാദേശിക ഭാഷാ ഭേദങ്ങളുടെ ഉൾക്കരുത്ത് ചിത്രത്തിൽ അത്രമേൽ പ്രകടമാക്കി ഈ നടൻ. അഹമ്മദ് ഹാജിയുടെ രണ്ട് മക്കൾക്കും തീർത്തും വേറിട്ട ഭാഷയെ സമ്മാനിക്കുന്ന മമ്മൂട്ടിയെയും ഈ രഞ്ജിത് ചിത്രത്തിലൂടെ കാണാം.  

വിധേയൻ

മമ്മൂട്ടിയെ ദേശീയ പുരസ്കാരത്തിന് അർഹനാക്കിയ വിധേയനിലെ ഭാസ്കര പട്ടേലർ എന്ന കഥാപാത്രം സംസാരിച്ചത് തുളുകലർന്ന മലയാളമായിരുന്നു. സക്കറിയയുടെ 'ഭാസ്കര പട്ടേലറും എന്റെ ജീവിതവും' എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്.

ചട്ടമ്പിനാട്

കന്നഡ കലർന്ന മലയാളഭാഷ സംസാരിക്കുന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. വീരേന്ദ്ര മല്ലയ്യ എന്ന കഥാപാത്രത്തെ തന്റെ മാനറിസങ്ങളും കന്നഡ കലർന്ന മലയാളഭാഷയും കൊണ്ട് മമ്മൂട്ടി മികച്ചതാക്കി മാറ്റി. ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നൽകി ഷാഫിയാണ് ചിത്രം സംവിധാനം ചെയ്തത്.

അമരം

അമരത്തിൽ‌ അരയനാകുന്ന മമ്മൂട്ടി, കടലോര ഭാഷയുടെയും ഭാവങ്ങളുടെയും അമരത്തേറുക ആയിരുന്നു. ലോഹിതദാസിന്റെ കഥാപാത്രത്തിന് ആലപ്പുഴ കടപ്പുറത്തിന്റെ ഭാഷതന്നെ സമ്മാനിച്ചു മമ്മൂട്ടി. കടലിരമ്പം പോലെ സങ്കടം ഉള്ളിൽ നിറയുമ്പോഴും ഭാഷയുടെ ഭാവം, താരം മുറുകെ പിടിച്ചിരുന്നു. 

കോട്ടയം കുഞ്ഞച്ചൻ

ചട്ടമ്പിത്തരവും ഉള്ളിൽ നന്മയും നിറച്ച തനി കോട്ടയം അച്ചായൻ ആയാണ് ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. മമ്മൂട്ടിതന്നെ ഒരുപാട് കോട്ടയം അച്ചായൻ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കുഞ്ഞച്ചനെ വെല്ലുന്ന മറ്റൊരു കോട്ടയം കാരൻ ഇന്നുവരെ മലയാള സിനിമയിലുണ്ടായിട്ടില്ല എന്നാണ് ആരാധകരുടെ ഭാഷ്യം. ടി.എസ്. സുരേഷ്ബാബുവാണ് സിനിമ സംവിധാനം ചെയ്തത്.

പ്രാഞ്ചിയേട്ടൻ

രഞ്ജിത്തിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്. ചിറമ്മൽ ഈനാശു ഫ്രാൻസിസ് എന്ന പ്രാഞ്ചിയേട്ടനായി മമ്മൂട്ടി മാറി. അനായാസമായി താരം തൃശ്ശൂർ ഭാഷ പറഞ്ഞപ്പോൾ അത് മലയാളം കണ്ട മികച്ച ചിത്രങ്ങളിൽ ഒന്നായി.

കറുത്ത പക്ഷികൾ

തമിഴ്നാട്ടുകാരനായ തേപ്പുകാരൻ മുരുകനായി മമ്മൂട്ടി മാറിയപ്പോൾ കഥാപാത്ര ഭാഷ തമിഴ് കളർന്ന മലയാളമായിരുന്നു. ജോലി തേടിവരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതങ്ങളുടെ അടയാളപ്പെടുത്തലായിരുന്നു ഈ കമൽ ചിത്രം. 

പുത്തൻപണം

മലയാള സിനിമയിൽ ആരും പരീക്ഷിക്കാത്ത കാസർകോട് ജില്ലയുടെ വടക്കേയറ്റത്ത് സംസാരിക്കുന്ന മലയാളം സംസാരിച്ച മമ്മൂട്ടി കഥാപാത്രമായിരുന്നു പുത്തൻപണത്തിലെ നിത്യാനന്ദ ഷേണായി. ഷേണായിയായി മമ്മൂട്ടി തനി കാസർകോട് ഭാഷ സംസാരിച്ചപ്പോൾ അത് ആ ദേശത്തെ ഭാഷയ്ക്കുള്ള വെള്ളിത്തിരയിലെ ആദരമായി മാറി. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തത്. 

മൃ​ഗയ

സ്വന്തം രൂപത്തെയും ഭാഷയെയും ഉടച്ചു കളഞ്ഞ മമ്മൂട്ടി ചിത്രമായിരുന്നു മൃ​ഗയ. വാറുണ്ണിയുടെ ശബ്ദത്തിലെ തീവ്രത കുറച്ച്, നിഷ്കളങ്കമായി അവതരിപ്പിച്ച ശബ്ദവും സംഭാഷണ രീതിയും ഏറെ വ്യത്യസ്ഥത പുലര്‍ത്തിയിരുന്നു.

രാജമാണിക്യം

ഹാസ്യരൂപേണമാത്രം അവതരിപ്പിച്ചുകൊണ്ടിരുന്ന ഒരു ഭാഷയ്ക്ക് സ്നേഹത്തിന്റെയും നൊമ്പരത്തിന്റെയും അംശമുണ്ടെന്ന് കാണിച്ചുതന്ന മമ്മൂട്ടി ചിത്രമാണ് രാജമാണിക്യം. മമ്മൂട്ടി തിരുവനന്തപുരം ഭാഷ പറയുന്ന ബെല്ലാരി രാജയായി അടിമുടി മാറിയപ്പോൾ മലയാള സിനിമയുടെ ബോക്സോഫീസിന്റെ ചരിത്രം പോലും മാറ്റിയെഴുതപ്പെട്ടു. അൻവർ റഷീദായിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.

വാൽത്സല്യം

മേലേടത്ത് രാഘവൻ നായർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. സ്നേഹവും കരുതലും നൊമ്പരവും ഒളിപ്പിച്ച വള്ളുവനാടൻ മലയാളം, പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് 1993- ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും താരത്തെ തേടി എത്തി.

ഡാനി

ഡാനിയുടെ ജീവിതം മമ്മൂട്ടി അനശ്വരമാക്കിയത് കൊച്ചിയുടെ മലയാളം, സംഭാഷണത്തിൽ അലിയിച്ചു ചേർത്തായിരുന്നു. ഫോർട്ട് കൊച്ചിയുടെ തനത് ഭാഷയിലേക്ക് പരകായപ്രവേശം നടത്താൻ ചിത്രത്തിലൂടെ താരത്തിന് സാധിച്ചു. കൊച്ചിയുടെ ഭാഷയും ജീവിതവും കൂടി അടയാളപ്പെടുത്താൻ ടി.വി. ചന്ദ്രൻ ചിത്രത്തിന് സാധിച്ചു.

കാഴ്ച

കുട്ടനാട്ടുകാരനായ മാധവൻ എന്ന സിനിമാ ഓപ്പറേറ്ററായ മമ്മൂട്ടി കഥാപാത്രം ഭാഷയുടെ കുളിർമ ബി​ഗ് സ്ക്രീനിലേക്ക് കൊണ്ടുവന്നു. കുട്ടനാടൻ ശൈലിയിൽ മമ്മൂട്ടി മാധവന്റെ ജീവിതത്തിലേക്ക് വാതിൽ തുറന്നപ്പോൾ പ്രേക്ഷകന്റെ ഹൃദയത്തിൽ ഒരു മായാത്ത നൊമ്പരക്കാഴ്ചയായി മാറി. ബ്ലെസ്സി ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തിരുന്നു.

ലൗഡ്സ്പീക്കർ

ഉച്ചത്തിൽ സംസാരിക്കുന്ന തോപ്രാം കുടിക്കാരനായി മമ്മൂട്ടി ലൗഡ്സ്പീക്കറിൽ നിറഞ്ഞപ്പോൾ ഇടുക്കിയിലെ മലയോര ജീവിതത്തിന്റെ മലയാളം, പ്രേക്ഷകൻ കേൾക്കുക ആയിരുന്നു. ഫിലിപ്പോസ് എന്ന മൈക്കായി ആദ്യവസാനം നിഷ്കളങ്കത നിറഞ്ഞ കഥാപാത്രത്തെയാണ് മമ്മൂട്ടി വാർത്തെടുത്തത്. 2009- ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജയരാജാണ്.

കമ്മത്ത് &കമ്മത്ത്

മമ്മൂട്ടിയും ദിലീപും ഒന്നിച്ച ചിത്രമാണ് കമ്മത്ത് ആൻഡ് കമ്മത്ത്. മമ്മൂട്ടിയുടെ കൊങ്കിണി മലയാളം തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. കൊങ്കിണി എന്ന ഭാഷയുടെ അടയാളപ്പെടുത്തൽ കൂടി ആയിരുന്നു ഇത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!