Latest Videos

വന്‍ ചിത്രങ്ങള്‍ ബോംബുകളായി , ടിക്കറ്റ് തുക 30 ആക്കിയിട്ടും രക്ഷയില്ല: ബോളിവുഡ് തീയറ്ററുകള്‍ അടച്ചിടുന്നു

By Web TeamFirst Published Apr 25, 2024, 9:30 AM IST
Highlights

പ്രേക്ഷകരെ ആകർഷിക്കാനുള്ള എക്സിബിറ്റർമാരുടെ അവസാന ആശ്രയമാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കുക എന്നത്. 

ദില്ലി: അക്ഷയ് കുമാറിന്‍റെയും ടൈഗർ ഷ്റോഫിന്‍റെയും  ബഡേ മിയാൻ ഛോട്ടേ മിയാനും അജയ് ദേവ്ഗണിന്‍റെ മൈതാനും ഏപ്രിൽ 11 ന് ഈദ് ദിനത്തിലാണ് തിയറ്ററുകളിൽ റിലീസ് ചെയ്തതത്. എന്നാല്‍ ചിത്രങ്ങള്‍ ബോക്‌സോഫീസിൽ ഇപ്പോള്‍ അത്ര മെച്ചപ്പെട്ട രീതിയില്‍ അല്ലെന്നാണ് വിവരം. രണ്ട് ബിഗ് ബജറ്റ് അതിഗംഭീര താരങ്ങളുമായി എത്തിയ ചിത്രങ്ങള്‍ ബോളിവുഡിന് ആശ്വാസം നല്‍കും എന്നാണ് കരുതിയിരുന്നത്.

എന്തായാലും ഇപ്പോൾ ഈ രണ്ട് ചിത്രങ്ങളുടെയും മോശം പ്രകടനവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലത്ത്  ഒരു സിനിമയും റിലീസ് ചെയ്യാത്തതും ബോളിവുഡ് തിയേറ്ററുകളുടെ, പ്രത്യേകിച്ച് സിംഗിൾ സ്‌ക്രീനുകളുടെ നിലനിൽപ്പ് ബുദ്ധിമുട്ടാക്കിയിരിക്കുന്നു എന്നാണ് വിവരം. പല തീയറ്ററുകളും താല്‍ക്കാലികമായി അടച്ചിടാന്‍ പോകുന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

സൽമാൻ ഖാൻ നായകനായ ടൈഗർ സിന്ദാ ഹേ, ഭാരത് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ബഡേ മിയാൻ ഛോട്ടേ മിയാൻ 350 കോടി രൂപ ബജറ്റിലാണ് നിർമ്മിച്ചത്. ബോണി കപൂര്‍ നിര്‍മ്മിച്ച അമിത് ശർമ്മയുടെ മൈതാനും 250 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ചതാണ്. 

ബോക്‌സ് ഓഫീസിൽ ആദ്യ 13 ദിവസത്തില്‍ ബഡേ മിയാൻ ഛോട്ടേ മിയാൻ ഇന്ത്യയിൽ 56 കോടി നേടിയപ്പോൾ മൈദാൻ കളക്ഷൻ 36.3 കോടി രൂപമാത്രമാണ് നേടിയത്. പ്രേക്ഷകരെ ആളൊഴിഞ്ഞ തീയറ്ററുകളിലേക്ക് ആകർഷിക്കാൻ  ടിക്കറ്റ് നിരക്കും വെട്ടിക്കുറച്ച് പല തീയറ്റര്‍ ഉടമകളും ശ്രമം നടത്തിയെങ്കിലും വിജയിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പല തീയറ്ററുകളും ഷോകള്‍ വെട്ടിക്കുറച്ചിരുന്നു. 

പ്രേക്ഷകരെ ആകർഷിക്കാനുള്ള എക്സിബിറ്റർമാരുടെ അവസാന ആശ്രയമാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കുക എന്നത്. ആഗ്രയിലെ രാജീവ് സിനിമാ ടിക്കറ്റ് നിരക്ക് 80-100 രൂപയിൽ നിന്ന് 30-50 രൂപയായി കുറച്ചു എന്നാണ് വിവരം. 

ഏപ്രിൽ 26 ന് ആയുഷ് ശർമ്മയുടെ റുസ്ലാൻ റിലീസ് ചെയ്തതിന് ശേഷം ഉത്തരേന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ മറ്റ് ചിത്രങ്ങളൊന്നും റിലീസ് ചെയ്യുന്നില്ല. വിക്രാന്ത് മാസിയുടെ ദി സബർമതി റിപ്പോർട്ട്, മെയിൽ ആദ്യം റിലീസ് ചെയ്യാനിരുന്ന സെൻസർ പ്രശ്നങ്ങളാല്‍ ഓഗസ്റ്റിലേക്ക് റിലീസ് മാറ്റി. 

അതേ സമയം രാജ്കുമാർ റാവുവിൻന്‍റെ ശ്രീകാന്തും ദീപക് തിജോരിയുടെ ടിപ്പപ്‌സിയും മെയ് 10 ന് എത്തുമ്പോൾ മനോജ് ബാജ്‌പേയിയുടെ ഭയ്യാ ജി മെയ് 24 ന് ഭാഗ്യം പരീക്ഷിക്കും. എന്നാല്‍ വരുന്ന മാസത്തിൽ വലിയ സിനിമകളൊന്നും റിലീസാകില്ല എന്നതിനാൽ തിയേറ്റർ ഉടമകൾക്ക് ഈ ചിത്രങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നില്ല. 

'പെരുമാനി മോട്ടോഴ്സ്' ഓടിത്തുടങ്ങുന്നു, ചിത്രം മെയിൽ തിയറ്ററുകളിൽ ; പോസ്റ്ററുമായി അണിയറക്കാര്‍

ഐപിഎല്‍ ഫ്രീയായി തന്നെ കിട്ടുമോ?: പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ സിനിമ, എല്ലാം അറിയാം

click me!