
സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. ടൊവിനൊ നായകനായ 'അജയൻ്റെ രണ്ടാം മോഷണം' എന്ന സെറ്റിൽ നിന്നാണ് താരം അവാർഡ് സ്വീകരിക്കാൻ പോയത്. പുരസ്ക്കാര വിതരണത്തിന് ശേഷം സെറ്റിൽ തിരിച്ചെത്തിയ ബേസിലിനെ കേക്ക് മുറിച്ച് അനുമോദിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്കാരം. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്.
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്. ആറ് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം കാസർഗോഡ്, കാഞ്ഞങ്ങാട് ഭാഗങ്ങളിലായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളിൽ എത്തുന്ന സിനിമയാണ് അജയൻ്റെ രണ്ടാം മോഷണം. തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂർണമായും ത്രീഡിയിൽ ഒരുക്കുന്ന ചിത്രത്തിന് ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകൾ ഉണ്ട്.
ടൊവിനോയെയും ബേസിലിനെയും കൂടാതെ ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴിൽ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ