മമ്മൂട്ടിയുടെ ഖേദ പ്രകടനം മാതൃകയാണെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും ശിവൻകുട്ടി.

സംവിധായകൻ ജൂഡ് ആന്റണി വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി ശിവൻകുട്ടി. മമ്മൂട്ടിയുടെ ഖേദ പ്രകടനം മാതൃകയാണെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിക്കുന്നു. ബോഡി ഷെയ്മിംഗ് സംസ്കാരത്തെ നമ്മൾ തുടച്ചു നീക്കുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

"ഈ മാതൃകയെ അഭിനന്ദിക്കുന്നു.. മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂ.. ബോഡി ഷെയ്മിംഗ് സംസ്കാരത്തെ നമ്മൾ തുടച്ചു നീക്കുക തന്നെ വേണം..", എന്നായിരുന്നു വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയുടെ ഖേദ പ്രകടന പോസ്റ്റും മന്ത്രി പങ്കുവച്ചിട്ടുണ്ട്. 

ജൂഡിന്റെ പുതിയ ചിത്രമായ 2018ന്റെ ടീസർ ലോഞ്ചിനിടെ ആയിരുന്നു വിമര്‍ശനങ്ങള്‍ക്ക് ഇടയായ സംഭവം നടന്നത്. 'ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്' എന്ന മമ്മൂട്ടിയുടെ വാക്കുകളാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. മമ്മൂട്ടി നടത്തിയത് ബോഡി ഷെയ്മിംഗ് ആണെന്ന് ഒരു വിഭാഗം ആരോപിക്കുക ആയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഖേദ പ്കടനവുമായി മമ്മൂട്ടിയും രംഗത്തെത്തി. 

ജൂഡ് ആന്റണിയെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ തനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നുവെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. "എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു" എന്ന് ജൂഡ് ആന്‍റണി കമന്‍റായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

'പഠാൻ' വിവാ​ദം കൊഴുക്കുന്നു; ഷാരൂഖിന്റെ കോലം കത്തിച്ച് പ്രതിഷേധം- വീഡിയോ

കേരളം 2018 ല്‍ നേരിട്ട പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ഒരുക്കുന്ന ചിത്രമാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'. വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൌതമി നായര്‍ എന്നിവരൊക്കെ ചിത്രത്തില്‍ ഉണ്ട്. ജൂഡ് ആന്‍റണി ജോസഫ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്‍റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്.