
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർനടപടികളെ ചൊല്ലി വീണ്ടും വിവാദം. റിപ്പോർട്ടിന്മേൽ എന്ത് നടപടി എടുത്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട പാർവ്വതി തിരുവോത്തിനെ ഭാഗ്യലക്ഷ്മിയും മാല പാർവ്വതിയും വിമർശിച്ചു. അന്വേഷണ സംഘവുമായി സഹകരിക്കാത്ത പാർവ്വതി സർക്കാറിനെ വിമർശിച്ചത് ന്യായമല്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ വിമർശനം. റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ വാർത്താസമ്മേളനം നടത്തി വിശദീകരിക്കുമെന്നാണ് സാംസ്ക്കാരിക മന്ത്രിയുടെ പ്രതികരണം.
ഒരിടവേളക്ക് ശേഷമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി വീണ്ടും വിവാദം ഉയരുന്നത്. കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസുകൾ പ്രത്യേക അന്വേഷണ സംഘം അവസാനിപ്പിക്കാൻ പോകുന്നത് ഏഷ്യാനെെറ്റ് ന്യൂസായിരുന്നു. അതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയോടുള്ള പാർവ്വതിയുടെ ചോദ്യം. ഹേമകമ്മിറ്റി റിപ്പോർട്ടിന്മേൽ എന്താണ് ഇപ്പോൾ സംഭവിക്കുന്നത്. വലിയ ധൃതിയൊന്നുമില്ല, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചരവർഷമല്ലേ ആയൂള്ളൂ, ഇതായിരുന്നു വിമർശനവും പരിഹാസവും.
പേരെടുത്ത് പറയാതെയാണ് പാർവ്വതിക്കെതിരായ ഭാഗ്യലക്ഷ്മിയുടെ ഇപ്പോഴത്തെ വിമർശനം. പാർവ്വതിയുടെ നടപടിയെ വിമർശിച്ച് മാലാ പാർവ്വതി തുറന്ന കത്തെഴുതി. കമ്മിറ്റിക്ക് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് ശിക്ഷിക്കണമെന്നാണോ ആഗ്രഹമെന്നാണ് ചോദ്യം. ഒരു സഹപ്രവർത്തക രഹസ്യമായി തന്നോട് പങ്കുവെച്ച ദുരനുഭവം ഹേമ കമ്മിറ്റിക്ക് മുന്നിൽ താൻ പറഞ്ഞതിൽ എഫ്ഐആർ ഇട്ടപ്പോൾ സഹപ്രവർത്തക എതിർത്തത് കൊണ്ടാണ് സുപ്രീംകോടതിയിൽ പോയതെന്നാണ് മാല പാർവ്വതിയുടെ വിശദീകരണം. ചെയ്യേണ്ടതെല്ലാം ചെയ്തന്നാണ് സർക്കാർ നിലപാട്.
കേസുകളോട് നടിമാരക്കം സഹകരിക്കാത്ത പ്രശ്നം തുറന്ന് പറയാനാണ് സർക്കാറിൻ്റെയും ഡബ്ള്യുസിസിയെ എതിർക്കുന്നവരുടെയും നീക്കം. എന്നാൽ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പോലും നീതി കിട്ടാതിരിക്കെ വർഷങ്ങൾക്ക് മുമ്പ് നടന്ന ദുരനുഭവങ്ങളിൽ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിട്ട് എന്ത് കാര്യമെന്നാണ് പല ഡബ്ള്യുസിസി അംഗങ്ങളും ചോദിക്കുന്നത്.