മൂന്ന് ജനറേഷന്റെ 'ധീരൻ', ഹ്യൂമർ മാത്രമല്ല സംസാരിക്കുന്നത്: സംവിധായകൻ ദേവദത്ത് ഷാജി

Published : Jun 13, 2025, 08:00 PM ISTUpdated : Jun 14, 2025, 11:50 AM IST
Devadath shaji

Synopsis

ധീരൻ എന്നാണ് ദേവദത്ത് ഒരുക്കുന്ന സിനിമയുടെ പേര്.

 

അമൽ നീരദിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ഭീഷ്മപർവ്വം. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അമലിന്റെ അസിസ്റ്റന്റ് ആയിരുന്ന ദേവദത്ത് ഷാജിയാണ്. മാസും ക്ലാസും ഒത്തിണക്കിയ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തപ്പോൾ ദേവദത്തും പ്രേക്ഷകരുടെ പ്രിയം നേടി. സിനിമ റിലീസ് ചെയ്ത് മൂന്ന് വർഷങ്ങൾക്കിപ്പുറം ദേവദത്ത് ഷാജി സംവിധായകന്റെ കുപ്പായം കൂടി അണിഞ്ഞിരിക്കുകയാണ്. ധീരൻ എന്നാണ് ദേവദത്ത് ഒരുക്കുന്ന സിനിമയുടെ പേര്. സിനിമ റിലീസിന് തയ്യാറെടുക്കുന്ന ഈ വേളയിൽ ചിത്രത്തിന്റെയും തന്റെയും വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവെക്കുകയാണ് ദേവദത്ത്.

ആരാണ് ധീരൻ

ജൂലൈ മാസത്തിലാണ് ധീരൻ റിലീസ് ചെയ്യുന്നത്. തീയതി തീരുമാനിച്ചിട്ടില്ല. ടൈറ്റിൽ കഥാപാത്രമായ ധീരനായി രാജേഷ് മാധവനാണ് അഭിനയിക്കുന്നത്. മലയാറ്റൂർ ഉള്ള ഒരു ധീരന്റെയും അവന്റെ നാട്ടുകാരുടെയും കഥയാണ് സിനിമ പറയുന്നത്. കോമഡി - ഡ്രാമ ഴോണറിൽ പെട്ട ഈ സിനിമ ആക്ഷനും ഇമോഷനും എല്ലാം പറയുന്നുണ്ട്.

 ഭീഷ്മപർവ്വത്തിന് ശേഷമുള്ള ധീരൻ

ഭീഷ്മ പർവം സിനിമയൊക്കെ ഇറങ്ങി കഴിഞ്ഞതിനുശേഷമാണ് ഈ സിനിമയുടെ തിരക്കഥ തുടങ്ങുന്നത്. ഏതാണ്ട് മൂന്ന് വർഷത്തെ യാത്രയായിരുന്നു ഈ സിനിമ.എനിക്ക് കോമഡി ഴോണർ സിനിമകളാണ് ഇഷ്ടം. ഭീഷ്മപർവ്വം സിനിമ അമൽ നീരദ് സാറിന്റെ മനസ്സിൽ ഒരുപാട് കാലം ഉണ്ടായിരുന്ന ഒരു കോൺസെപ്റ്റ് ആയിരുന്നു. ഒന്ന് എഴുതി നോക്കു എന്ന് പറഞ്ഞുകൊണ്ടാണ് ആ സിനിമ സർ ഏൽപ്പിക്കുന്നത്. ആ വർക്ക് അങ്ങനെയങ് സംഭവിച്ചതാണ്.

ധീരനിലെ കാസ്റ്റിംഗ്

മൂന്ന് ജനറേഷനിലെ താരങ്ങൾ ഈ സിനിമയിലുണ്ട്. മനോജ്‌ കെ ജയൻ, സുധീഷ്, വിനീത്, അശോകൻ, ജഗദീഷ് - ഇവർ 5 പേരും 80 കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നവരാണ്. അതുപോലെ രാജേഷ്, ശബരീഷ്, അഭിറാം, അശ്വതി തുടങ്ങിയവർ 2015 ന് ശേഷമുള്ള അഭിനേതാക്കളാണ്. ഇവരെകൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ പോലുള്ളവർ രണ്ടായിരത്തിന്റെ തുടക്കത്തിൽ വന്നവരാണ്.പക്ഷേ ഇതൊന്നും ബോധപൂർവ്വം കാലഘട്ടത്തെ അടയാളപ്പെടുത്താനായി സെലക്ട് ചെയ്തതല്ല. കഥാപാത്രങ്ങൾക്ക് വേണ്ടി തിരഞ്ഞെടുത്തതാണ്. എന്നാൽ സിനിമയുടെ പ്രധാന ആകർഷണവും ഈ അഭിനേതാക്കളാണ്.

അഭിനേതാക്കളും സഹകരണവും

പത്മരാജൻ, ഭരതൻ, കെജി ജോർജ് പോലുള്ള സംവിധായകരുടെ ക്യാമറയ്ക്ക് മുൻപിൽ അഭിനയിച്ചവരാണ് ഇവരിൽ പലരും. അത്തരത്തിലുള്ള അഭിനേതാക്കളെ സംവിധാനം ചെയ്യാൻ പറ്റി എന്നുള്ളതാണ് എന്റെ എക്സൈറ്റ് മെന്റ്. അവർ എന്നോട് സീനിയോറിറ്റി കാണിക്കാതെ എന്നെ കംഫർട്ടബിൾ ആക്കി. അത്രയേറെ സഹകരണം വന്നതുകൊണ്ട് ഞങ്ങളുടെ ലൊക്കേഷനിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.

 എന്ത്കൊണ്ട് രാജേഷ് മാധവൻ

സിനിമയിലേക്ക് കേന്ദ്ര കഥാപാത്രമായി രാജേഷ് മാധവനെ എന്തുകൊണ്ട് വെച്ചു എന്നുള്ളതിനുള്ള ഉത്തരം സിനിമ കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. ആക്സിഡന്റെൽ ഹീറോയാണ് ധീരൻ . അതിമാനുഷികനല്ല. ഒരു സാധാരണക്കാരൻ വളരെ യാദൃശ്ചികമായി ധീരനായി മാറുന്നു എന്നതാണ് ധീരന്റെ കഥ. രാജേഷ് മാധവന്റെ അടുത്ത് എത്തുന്നതിനു മുൻപ് മൂന്നുനാല് പേരോട് ഈ സിനിമയുടെ കഥ പറഞ്ഞിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. പിന്നീട് രാജേഷ് മാധവൻ എന്ത് കൊണ്ട് ധീരൻ ആയിക്കൂട എന്ന ചിന്ത വന്നു. ആ ചിന്ത കൃത്യമായിരുന്നു എന്ന് രാജേഷ് മാധവൻ അഭിനയം കൊണ്ട് മനസ്സിലാക്കി തന്നു.

തിരക്കഥ തരുന്ന നേട്ടങ്ങൾ

ഭീഷ്മ പർവ്വത്തിനു ഒരു തിരക്കഥയുമായി ഒരു ആർട്ടിസ്റ്റിലേക്ക് എത്തുക എന്നത് ലളിതമായി.ഒരു സിനിമ ഓൺ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാനാദ്യം വിചാരിച്ചിരുന്നു ഭീഷ്മർവ്വം സിനിമയ്ക്ക് ശേഷം എന്റെ സംവിധാന സംരംഭം വളരെ എളുപ്പത്തിൽ നടക്കുമെന്ന്. അത് തെറ്റിദ്ധാരണ മാത്രമാണെന്ന് പിന്നെ മനസിലായി. അക്കാര്യത്തിൽ ഒരു നവാഗതൻ എടുക്കുന്ന എല്ലാ സ്ട്രഗിളും ഞാൻ അനുഭവിച്ചിട്ടുണ്ട്

സംവിധായകന്റെ തയ്യാറെടുപ്പുകൾ

ഞാൻ പരസ്പര ബഹുമാനമാണ് എല്ലാവരിൽ നിന്നും ആഗ്രഹിക്കുന്നത്. എനിക്കത് എല്ലായിടത്തും നിർബന്ധമാണ്. ഒരു സിനിമ ലൊക്കേഷനിൽ പോലും ആ പരസ്പരബഹുമാനം ആവശ്യമാണ്. ഒരു നല്ല സിനിമ ഉണ്ടാക്കണമെങ്കിൽ ടീം വർക്ക് ആവശ്യമാണ്.അതിന് പരസ്പര സഹകരണം ആവശ്യവുമാണ്. അതുകൊണ്ട് തന്നെ ധീരൻ ചെയ്യുമ്പോൾ ആ മര്യാദ എല്ലാവരും കാണിച്ചിട്ടുണ്ട്. നിർമ്മാതാക്കൾ പോലും വളരെയധികം സഹകരണത്തോടെയാണ് പെരുമാറിയിട്ടുള്ളത്. അതിന്റെ ഒരു റിസൾട്ട് ഈ സിനിമയിൽ കാണാൻ പറ്റും എന്നാണ് വിശ്വസിക്കുന്നത്.

പ്രചോദനം ചെറുതല്ല

എല്ലാവരെയും പോലെ ഇവിടത്തെ ക്ലാസിക് സിനിമകൾ ഒക്കെ കണ്ട് അതിൽ പ്രചോദനം ഉൾക്കൊണ്ട ആളാണ് ഞാനും. എന്നെ വലിയ രീതിയിൽ സ്വാധീനിച്ച സിനിമയാണ് സ്ഫടികം. പിൽക്കാലത്തു ഷോർട്ട് ഫിലിംസ് ഒക്കെ ചെയ്യാൻ തുടങ്ങിയപ്പോഴാണ് അന്യഭാഷ സിനിമകളൊക്കെ കാണാൻ തുടങ്ങുന്നത്. പക്ഷേ ഇത്തരത്തിലുള്ള സിനിമകൾ ചെയ്യണമെന്നൊക്കെ ആദ്യം തോന്നിയത് കിരീടം, തനിയാവർത്തനം, സ്ഫടികം ഒക്കെ കണ്ടിട്ടാണ്.

 വിനീത് എന്ത്കൊണ്ട്

വ്യക്തിപരമായി എനിക്ക് വളരെയധികം ഇഷ്ടമുള്ള നടനാണ് വിനീത്. അദ്ദേഹത്തിന്റെ സൗണ്ട് മോഡ്ലേഷൻ ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹം കരിയറിൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ഈ സിനിമയിൽ ഉള്ളത്. ആ കഥാപാത്രത്തിനുള്ള ഫസ്റ്റ് ഓപ്ഷൻ തന്നെ വിനീതേട്ടനായിരുന്നു. അങ്ങനെ ആദ്ദേഹത്തെ നേരിട്ട് വിളിച്ചു സംസാരിച്ചപ്പോൾ അദ്ധ്യേഹവും വളരെയധികം എക്സൈറ്റഡ് ആയിരുന്നു.

സന്തോഷിപ്പിച്ച നിമിഷം

ഈ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഇതിനകത്ത് പല ആർട്ടിസ്റ്റുകളും എന്നെ അവരുടെ പ്രകടനം കൊണ്ട് എക്സൈറ്റ് ചെയ്യിച്ചിട്ടുണ്ട്. ഞാൻ മനസ്സിൽ വിഷ്വലൈസെസ് ചെയ്ത കാര്യങ്ങൾ അതിലും മനോഹരമായാണ് പല സീനുകളിലും അവർ അഭിനയിച്ചു കാണിച്ചത്. അതിനെക്കുറിച് എടുത്തു പറഞ്ഞാൽ അത് സ്പോയ്‌ലർ ആയി പോകും

കരിയർ തുടക്കം

2013 ൽ ഞാൻ എഞ്ചിനീയറിങ്ന് ചേർന്നു. ഫസ്റ്റ് സെമസ്റ്ററിലാണ് ആദ്യത്തെ ഷോർട്ട് ഫിലിം ചെയ്തത്. പിന്നീട് എല്ലാ സെമസ്റ്ററിലും ഓരോ ഷോർട്ട് ഫിലിം ചെയ്തു. ഞാൻ തന്നെ സ്ക്രിപ്റ്റ് ചെയ്തു സംവിധാനം ചെയ്യും. അതുപോലെ രണ്ട് ചെറുകഥ സമാഹാരങ്ങൾ പുസ്തകങ്ങളായി പുറത്തിറക്കി. ഒന്ന് പ്ലസ് ടൂവിൽ പഠിക്കുമ്പോഴും മറ്റൊന്ന് എഞ്ചിനീയറിങ് പഠിക്കുമ്പോഴും. എന്റെ അവസാനം ഇറങ്ങിയ ഷോർട്ട് ഫിലിം കണ്ടിട്ടാണ് ദിലീഷ് പോത്തൻ സാർ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി എന്നെ കൂടെ കൂട്ടുന്നത്. അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത കുമ്പളങ്ങി നൈറ്സ്സ് ആയിരുന്നു ആദ്യ സിനിമ. പിന്നെ അമൽ നീരദ് സാറിന്റെ കൂടെ വർക്ക് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ