പ്രമുഖ മലയാള ചലച്ചിത്ര നിർമ്മാതാവ് ആഷിഖ് ഉസ്മാൻ താൻ മൂന്നാമതും അച്ഛനായ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു

മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ആഷിഖ് ഉസ്മാന്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ വ്യക്തിജീവിതത്തിലെ ഒരു സന്തോഷം മറ്റുള്ളവരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. താന്‍ മൂന്നാമതും അച്ഛനായ സന്തോഷ വാര്‍ത്തയാണ് അത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം അക്കാര്യം അറിയിച്ചിരിക്കുന്നത്. ഭാര്യ ഖദീജ അഷ്റഫിനും മൂന്ന് മക്കള്‍ക്കും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഫർദീൻ, സോയ എന്നിങ്ങനെയാണ് ആഷിഖ് ഉസ്മാന്‍റെ രണ്ട് മക്കളുടെ പേരുകള്‍.

Add Asianetnews as a Preferred SourcegooglePreferred

സന്തോഷം പങ്കുവച്ച് ആഷിഖ് ഉസ്‍മാന്‍

സർഹാൻ ആഷിഖ് ഉസ്മാൻ എന്ന പേരാണ് മൂന്നാമത്തെ കുഞ്ഞിന് നൽകിയിരിക്കുന്നത്. 2026 ജനുവരി 31 നാണ് കുഞ്ഞ് ജനിച്ചത്. “രണ്ടിൽ നിന്നും മൂന്നിലേക്ക്… ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുന്നു. ഞങ്ങളുടെ കുഞ്ഞു മാലാഖയെ ഈ ലോകത്തേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു” എന്നായിരുന്നു ആഷിഖ് ഉസ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിനിമാ രംഗത്തുള്ള നിരവധി താരങ്ങളും സഹപ്രവർത്തകരും ആശംസകളുമായി രംഗത്തെത്തിയിരുന്നു. അഭിനേതാക്കളും സംവിധായകരും നിർമ്മാതാക്കളും ഉൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ കുടുംബത്തിന് ആശംസകൾ നേർന്ന് കമന്റ് ചെയ്തു. ആരാധകരും സോഷ്യൽ മീഡിയയിൽ ആശംസകൾ പങ്കുവെക്കുകയാണ്. സിനിമയിലെ വിജയങ്ങൾക്കൊപ്പം കുടുംബ ജീവിതത്തിലും പുതിയ സന്തോഷങ്ങൾ ചേർന്നു കൊണ്ടിരിക്കുകയാണ് ആഷിഖ് ഉസ്മാന്റെ ജീവിതം.

2013-ൽ പുറത്തിറങ്ങിയ അരികിൽ ഒരാൾ എന്ന ചിത്രത്തിലൂടെയാണ് ആഷിഖ് ഉസ്മാന്‍ സിനിമാ നിർമ്മാണ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് വ്യത്യസ്തത നിറഞ്ഞ കഥകളും പുതുമയുള്ള സിനിമകളും നിർമ്മിച്ച് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു. മിലി, ഹാപ്പി ജേർണി, വർണ്യത്തിൽ ആശങ്ക, അഞ്ചാം പാതിരാ, തല്ലുമാല, അള്ളു രാമേന്ദ്രൻ, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് തുടങ്ങിയ നിരവധി ഹിറ്റ് സിനിമകൾ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എത്തി. പുതുമയുള്ള സംവിധായകരെയും വ്യത്യസ്ത ആശയങ്ങളെയും പിന്തുണയ്ക്കുന്നതിൽ ആഷിഖ് ഉസ്മാൻ ശ്രദ്ധേയനാണ്. ഇപ്പോൾ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ നിർമ്മാണത്തിലാണ് അദ്ദേഹം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming