ആൻ്റണി പെരുമ്പാവൂർ വന്നതിന് ശേഷമാണ് മോഹൻലാലിന് കൂടുതൽ മികച്ച സിനിമകളും സാമ്പത്തിക അച്ചടക്കവും ഉണ്ടായതെന്ന് നിർമ്മാതാവ് സന്തോഷ് ടി കുരുവിള. Mohanlal deduct the film's losses from his remuneration says santhosh t kuruvilla.
സിനിമയ്ക്ക് ഉണ്ടാവുന്ന നഷ്ടം മോഹൻലാലിന്റെ ശമ്പളത്തിൽ നിന്നും അദ്ദേഹം കുറയ്ക്കാറുണ്ടെന്ന് വെളിപ്പെടുത്തി നിർമ്മാതാവ് സന്തോഷ് ടി കുരുവിള. നീരാളി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞതെന്നും സന്തോഷ് ടി കുരുവിള പറയുന്നു. മോഹൻലാൽ ഒരു കലാകാരൻ ആണെന്നും, ഒരു കലാകാരന് ഒരിക്കലും കച്ചവടക്കാരനായി മാറാൻ സാധിക്കില്ലെന്നും പറഞ്ഞ സന്തോഷ് ടി കുരുവിള, ആന്റണി പെരുമ്പാവൂർ വന്നതിന് ശേഷമാണ് മോഹൻലാലിന് നല്ല സിനിമകളും ഫിനാൻഷ്യൽ ഡിസിപ്ലിനും ഉണ്ടായതെന്നും കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സന്തോഷ് ടി കുരുവിളയുടെ പ്രതികരണം.
"നീരാളി സിനിമയുടെ ഷൂട്ടിങ്ങിന് ലാലേട്ടന്റെ കൂടെ ആകെ രണ്ട് സ്റ്റാഫേ ഉള്ളൂ, ഞാനുണ്ട്. ബാക്കി ആരുമില്ല. ബോംബേയിലാണ്, ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കും. ഒരു ഹോട്ടലിൽ തൊട്ടടുത്തുള്ള മുറിയിലാണ്. അന്നേരം സംസാരിക്കുമ്പോൾ പുള്ളിയുടെ വായിൽ നിന്ന് തന്നെ വന്നിട്ടുണ്ട്. വലിയ ഹിറ്റ് പടങ്ങളൊക്കെ അതിനു മുമ്പ് ഇറങ്ങിയിട്ടുണ്ട്. അവസാനം കണക്കുമായിട്ട് വരുമ്പോൾ ഒന്നും കാണത്തില്ല. നഷ്ടമായിരിക്കും. പുള്ളിക്ക് കൊടുക്കാനുള്ള ശമ്പളത്തിൽ അത് കുറയ്ക്കും." സന്തോഷ് ടി കുരുവിള പറയുന്നു.
"ലാലേട്ടൻ ഒരു കലാകാരനാണ്, ഒരു കലാകാരൻ ഒരു കാരണവശാലും ഒരു കച്ചവടക്കാരനായി മാറാൻ ഒക്കത്തില്ല. കച്ചവടക്കാരൻ ആയാൽ അയാളുടെ കല അയാളിൽ നിന്ന് പോകും. ആന്റണി പെരുമ്പാവൂർ വന്നതിന് ശേഷമാണ് ലാലേട്ടന് നല്ല സിനിമകളും ഫിനാൻഷ്യൽ ഡിസിപ്ലിനും ഉണ്ടായത്. ഞാൻ അതിന് ശേഷമാണ് ലാലേട്ടനെ പരിചയപ്പെടുന്നത്. അതിന് മുന്നേയുള്ള കാര്യങ്ങൾ എനിക്ക് അറിയില്ല." സന്തോഷ് ടി കുരുവിള കൂട്ടിച്ചേർത്തു.
പെണ്ണും പൊറാട്ടും
രാജേഷ് മാധവൻ സംവിധാനം ചെയ്ത ആദ്യ ചിത്രം പെണ്ണും പൊറാട്ടും ആണ് സന്തോഷ് ടി കുരുവിള നിർമ്മിച്ച ഏറ്റവും പുതിയ ചിത്രം. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന് ഫിലിം ഫെസ്റ്റിവലിലെ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ലഭിച്ചിരുന്നു. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.



