
മുന്‍കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം ടെലിവിഷന്‍ പരമ്പരയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സ്. ജനപ്രിയ പരമ്പരയായ 'ക്യൂംകി സാസ് ഭി കഭി ബഹു തി'യുടെ പുതിയ പതിപ്പിൽ അതിഥി വേഷത്തിൽ ബിൽ ഗേറ്റ്സ് എത്തുമെന്നാണ് സ്മൃതി ഇറാനി അറിയിച്ചത്. ഇന്ത്യൻ വിനോദ ലോകത്തെ സംബന്ധിച്ച് ഇത് ചരിത്ര നിമിഷമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. വരാനിരിക്കുന്ന എപ്പിസോഡുകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് മുൻഗണന നൽകുകയെന്നും സ്മൃതി ഇറാനി പറഞ്ഞു.
"ഇന്ത്യൻ വിനോദ ലോകത്തെ ഒരു ചരിത്ര നിമിഷമാണിത്. വളരെക്കാലമായി, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മുഖ്യധാരാ ചർച്ചകളിൽ വരുന്നില്ല. അത് മാറ്റുന്നതിനുള്ള ശക്തമായ ഒരു ചുവടുവയ്പ്പാണിത്"- സിഎൻബിസി-ടിവി18 ന് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു. മാതൃ- ശിശു ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബിൽ ഗേറ്റ്സ് വീഡിയോ കോൾ വഴി സ്മൃതി ഇറാനി അവതരിപ്പിക്കുന്ന കഥാപാത്രമായ തുളസിയുമായി സംവദിക്കും. ബിൽ ആന്‍ഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും.
വരാനിരിക്കുന്ന എപ്പിസോഡില്‍ ഒരു വിശിഷ്ടാതിഥി എത്തുമെന്ന സൂചന നിര്‍മ്മാതാക്കള്‍ തന്നെയാണ് സൂചന നല്‍കിയത്. ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട ഒരു ടീസറിലൂടെ ആയിരുന്നു ഇത്. അമേരിക്കയിൽ നിന്നുള്ള ഒരു വ്യക്തിയുമായി തുളസി വീഡിയോ കോളിൽ സംസാരിക്കുന്നതാണ് പ്രൊമോയിലുള്ളത്, അതാരാണെന്ന് പ്രൊമോയിൽ കാണിക്കുന്നില്ല.
"അമേരിക്കയില്‍നിന്ന് നേരിട്ട് ഞങ്ങളുമായും കുടുംബവുമായും ബന്ധപ്പെടുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാ" - ടീസറില്‍ സ്മൃതി ഇറാനി അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നത് ഇങ്ങനെയാണ്. പിന്നീട് സ്മൃതി ഇറാനി തന്നെയാണ് ആ അതിഥി ബിൽ ഗേറ്റ്സാണെന്ന് വ്യക്തമാക്കിയത്.
ഈ വര്‍ഷം ആദ്യമാണ് സ്മൃതി ഇറാനി മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പരമ്പര വലിയ ജനപ്രീതി നേടുന്നുണ്ട്. എട്ട് വര്‍ഷത്തോളം 1833 എപ്പിസോഡുകളിലായാണ് പരമ്പരയുടെ ആദ്യ ഭാഗം എത്തിയത്. എന്നാൽ രണ്ടാം ഭാഗം 150 എപ്പിസോഡുകളുള്ള ലിമിറ്റഡ് സീരീസായാണ് ഒരുക്കിയിരിക്കുന്നത്.