Pushpa in Karnataka : കന്നഡ പതിപ്പിന് പ്രദര്‍ശനം കുറവ്; 'പുഷ്‍പ'യ്ക്ക് കര്‍ണ്ണാടകയില്‍ ബഹിഷ്‍കരണാഹ്വാനം

Published : Dec 16, 2021, 06:31 PM IST
Pushpa in Karnataka : കന്നഡ പതിപ്പിന് പ്രദര്‍ശനം കുറവ്; 'പുഷ്‍പ'യ്ക്ക് കര്‍ണ്ണാടകയില്‍ ബഹിഷ്‍കരണാഹ്വാനം

Synopsis

സമീപകാലത്തെ ഏറ്റവും ഹൈപ്പ് ലഭിച്ച തെലുങ്ക് റിലീസ് നാളെ

നാളെ തിയറ്ററുകളിലെത്താനിരിക്കുന്ന അല്ലു അര്‍ജുന്‍റെ (Allu Arjun) 'പുഷ്‍പ'യ്ക്കെതിരെ (Pushpa) കര്‍ണ്ണാടകയില്‍ (Karnataka) സിനിമാപ്രേമികളുടെ ബഹിഷ്‍കരണാഹ്വാനം. തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലുമാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. എന്നാല്‍ കര്‍ണ്ണാടകയില്‍ കന്നഡ പതിപ്പിന് വിരലിലെണ്ണാവുന്ന പ്രദര്‍ശനങ്ങള്‍ മാത്രമാണ് ഉള്ളതെന്നും മറുഭാഷാ പതിപ്പുകള്‍ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നും ആരോപണം ഉന്നയിക്കുന്നവര്‍ വാദിക്കുന്നു. ട്വിറ്ററില്‍ നിരവധി പേര്‍ ഈ വിഷയം ഉന്നയിച്ച് രംഗത്തെത്തിയതോടെ ഇത് ഒരു ക്യാംപെയ്‍നിന്‍റെ സ്വഭാവത്തിലേക്ക് മാറിയിട്ടുണ്ട്.

BoycottPushpaInKarnataka എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ നിലവില്‍ ട്രെന്‍ഡിംഗ് ആണ്. തെലുങ്ക് ഒറിജിനലിന് 200ല്‍ ഏറെ പ്രദര്‍ശനങ്ങളും ഹിന്ദിയ്ക്ക് പത്തിലേറെ പ്രദര്‍ശനങ്ങളും തമിഴ്, മലയാളം പതിപ്പുകള്‍ക്ക് നാല് പ്രദര്‍ശനങ്ങളുമുള്ള കര്‍ണ്ണാടകയില്‍ കന്നഡ പതിപ്പിന് മൂന്ന് ഷോകള്‍ മാത്രമാണ് ഉള്ളതെന്ന് ഒരു സിനിമാപ്രമി ആരോപിക്കുന്നു. ട്വിറ്ററില്‍ ഈ ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആയതോടെ ചിത്രത്തിന്‍റെ പ്രീ-റിലീസ് ബുക്കിംഗിനെ അത് സ്വാധീനിക്കുന്നുവെന്ന് അവകാശപ്പെട്ട് ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം ടോളിവുഡില്‍ നിന്നുള്ള സമീപകാലത്തെ ഏറ്റവും വലിയ ഹൈപ്പ് ലഭിച്ച ചിത്രമാണ് പുഷ്‍പ. സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം രണ്ട് ഭാഗങ്ങളിലാണ് കഥ പറയുന്നത്. ആദ്യ ഭാഗമാണ് നാളെ തിയറ്ററുകളിലെത്തുന്നത്. ഫഹദ് ഫാസിലിന്‍റെ തെലുങ്ക് അരങ്ങേറ്റം എന്നതാണ് മലയാളി സിനിമാപ്രേമികള്‍ക്ക് ഈ ചിത്രത്തോടുള്ള പ്രത്യേക കൗതുകം. ചിത്രത്തില്‍ പ്രതിനായകനാണ് ഫഹദ്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന പൊലീസ് ഓഫീസര്‍ ആണ് ഫഹദിന്‍റെ കഥാപാത്രം. കഥാപാത്രത്തിനായി തല മൊട്ടയടിച്ചുള്ള ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. രശ്‍മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനില്‍, അനസൂയ ഭരദ്വാജ്, ഹരീഷ് ഉത്തമന്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്.

PREV
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം