
ആഗോള സംഗീത ലോകത്തെ ശ്രദ്ധേയമായ അവാർഡ് ഷോ 'കൊറിയ ഗ്രാൻഡ് മ്യൂസിക് അവാർഡ് 2025' (KGMA) തുടക്കമായി. കൊറിയൻ സംഗീതത്തിലെ മികച്ച പ്രതിഭകളെ ആദരിക്കുന്ന ഈ പുരസ്‌കാര നിശയുടെ ആദ്യ ദിനം തന്നെ വൻ വിജയമായിരുന്നു. കെ-പോപ്പ് ലോകത്തെ കിരീടം വെക്കാത്ത രാജാക്കന്മാരായ ബിടിഎസ് അംഗങ്ങൾ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയപ്പോൾ, മറ്റ് പ്രമുഖ താരങ്ങളും വേദിയിൽ തിളങ്ങി. നവംബർ 14, വെള്ളിയാഴ്ച റെഡ് കാർപ്പറ്റ് ഇവൻ്റോടെ ആരംഭിച്ച ഈ രണ്ട് ദിവസത്തെ ആഘോഷത്തിന് 'ദ ഗുഡ് പാർട്ണർ' എന്ന പരമ്പരയിലെ നായിക നാം ജി ഹ്യൂൺ ആണ് മുഖ്യ അവതാരകയായി എത്തിയത്.
കൊറിയൻ സംഗീതത്തിന്റെ മൂന്നാം തലമുറയിലെ സൂപ്പർതാരങ്ങൾ എന്നറിയപ്പെടുന്ന ബിടിഎസ് അംഗങ്ങളാണ് ആദ്യ ദിനം വലിയ നേട്ടം കൊയ്തത്. "Don't Say You Love Me" എന്ന മ്യൂസിക് വീഡിയോയിലൂടെ 'ജിൻ' മികച്ച മ്യൂസിക് വീഡിയോയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച ഹിപ് ഹോപ്പ് ആർട്ടിസ്റ്റ് പുരസ്‌കാരം "Killin' It Girl" എന്ന ഗാനത്തിലൂടെ 'ജെ-ഹോപ്പ്' നേടി. കൂടാതെ, മുൻകൂട്ടി പ്രഖ്യാപിച്ച പുരസ്‌കാരങ്ങളിൽ 'ജിമിൻ' ഫാൻ ഫേവറേറ്റ് ആർട്ടിസ്റ്റ് ആയും, 'വി'(കിം ടേഹ്യുങ്) ട്രെൻഡ് ഓഫ് ദി ഇയർ ആയും തിളങ്ങി.
കെ-പോപ്പ് ലോകത്തെ കരുത്തരായ താരങ്ങളും ആദ്യ ദിനം തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. 'മികച്ച ആർട്ടിസ്റ്റ്' പുരസ്‌കാരം ടോപ്പ് 10 പ്രഖ്യാപിച്ചപ്പോൾ അതിൽ ബ്ലാക്ക്പിങ്ക് താരം ജെനി ഇടംനേടി.
അതോടൊപ്പം, റൈസ് , ബോയ്‌നെക്‌സ്‌റ്റ്‌ഡോർ എന്നീ ഗ്രൂപ്പുകളും ഈ ടോപ്പ് 10 ലിസ്റ്റിൽ ഇടം പിടിച്ചു. മറ്റ് പ്രധാന പുരസ്‌കാരങ്ങൾ നേടിയവരിൽ, എക്‌സോയിലെ ഡി.ഒ. (Doh Kyungsoo) "Forever" എന്ന ഗാനത്തിന് മികച്ച ഒ.എസ്.ടി. പുരസ്‌കാരം ലഭിച്ചു. 'ന്യൂജീൻസ്' ഗേൾ ഗ്രൂപ്പ് 'ട്രെൻഡ് ഓഫ് ദി ഇയർ' പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, ട്രോട്ട് വിഭാഗത്തിൽ കെ-പോപ്പ് താരം 'ലീ ചാൻ വോൺ' 'ട്രെൻഡ് ഓഫ് ദി ഇയർ' പുരസ്‌കാരം നേടി. മ്യൂസിക് ഗ്രൂപ്പായ 'ഓൾഡേ പ്രോജക്റ്റ്' പുരസ്‌കാരത്തിന് ആർഹമായി. KGMA-യുടെ ആദ്യ ദിനം സ്റ്റേജ് പ്രകടനങ്ങളായിരുന്നു. പല പ്രമുഖ താരങ്ങളും ആദ്യ ദിനം വേദിയിലെത്തി. ആഹ്ൻ ഹ്യോ സിയോപ്പ് ഉൾപ്പെടെയുള്ള കെ-ഡ്രാമ താരങ്ങൾ അവാർഡുകൾ നൽകാൻ എത്തിച്ചേർന്നു.