ബിൽബോർഡ് കീഴടക്കി 'കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സ്' ചിത്രത്തിലെ ഗാനം; ഗ്രാമി നാമനിർദ്ദേശങ്ങളുടെ തിളക്കത്തിൽ 'ഗോൾഡൻ'

Published : Nov 14, 2025, 06:50 PM IST
K Pop Demon Hunters Golden Song Grabs Grammy Nominations And Billboard Success

Synopsis

നെറ്റ്ഫ്ലിക്സ് ആനിമേറ്റഡ് ചിത്രമായ 'കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സ്' എന്നതിലെ 'ഗോൾഡൻ' എന്ന ഗാനം കെ-പോപ്പ് ലോകത്ത് ചരിത്രം സൃഷ്ടിച്ചു. ഗ്രാമി അവാർഡ് നോമിനേഷനുകൾ ലഭിച്ച ഈ ഗാനം യു.എസ്. ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ തുടർച്ചയായി…

കെ-പോപ്പ് സംഗീതലോകത്തെയും ആനിമേഷൻ ഇൻഡസ്ട്രിയെയും ഒരുപോലെ ത്രസിപ്പിച്ചുകൊണ്ട്, 'കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സ്' എന്ന നെറ്റ്ഫ്ലിക്സ് ആനിമേറ്റഡ് ചിത്രത്തിലെ 'ഗോൾഡൻ' ഗാനം ബിൽബോർഡ് ചാർട്ടുകളിൽ ഇടം പിടിച്ചിരിക്കുന്നു. ഗ്രാമി അവാർഡ് നോമിനേഷനുകളുടെ തിളക്കത്തിന് പിന്നാലെയാണ് ഈ 'സുവർണ്ണ' നേട്ടം. ചിത്രത്തിന്റെ ഒറിജിനൽ സൗണ്ട്ട്രാക്ക് ഗാനമായ 'ഗോൾഡൻ', യു.എസ്. ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ രണ്ടാം സ്ഥാനം നേടി, ഈ സ്ഥാനം തുടർച്ചയായി മൂന്ന് ആഴ്ചയോളം നിലനിർത്തുകയും ചെയ്തു. പോപ്പ് രാജ്ഞി ടെയ്‌ലർ സ്വിഫ്റ്റിന്റെ 'ദി ഫേറ്റ് ഓഫ് ഒഫീലിയ' എന്ന ഗാനത്തിന് തൊട്ടുപിന്നിലാണ് 'ഗോൾഡൻ' ഇടം നേടിയത്. ഈ ഗാനം ഒക്ടോബർ അവസാനത്തോടെയാണ് മൂന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. യു.എസ്., യു.കെ., ദക്ഷിണ കൊറിയ എന്നിങ്ങനെ ഒന്നിലധികം പ്രധാന വിപണികളിൽ ഇത്രയും ഉയർന്ന റാങ്കിംഗിൽ എത്തുന്ന ആദ്യ വനിതാ കെ-പോപ്പ് ഗാനം എന്ന അപൂർവ നേട്ടവും 'ഗോൾഡൻ' സ്വന്തമാക്കി. ഇതൊരു കെ-പോപ്പ് ഗാനത്തിന് മാത്രമല്ല, ആനിമേറ്റഡ് സിനിമകളിൽ നിന്നുള്ള സംഗീതത്തിന് മെയിൻസ്ട്രീം സംഗീത ലോകത്ത് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കപ്പെടുന്നു.

ചാർട്ട് കീഴടക്കിയ ആൽബം

പ്രശസ്തരായ എജേ, ഓഡ്രി നൂണ, റെയി അമി (Rei Ami) എന്നിവരടങ്ങുന്ന സാങ്കൽപ്പിക കെ-പോപ്പ് ഗ്രൂപ്പായ ഹൺട്രി/എക്സ് ആണ് ഈ ഹൈ-എനർജി ട്രാക്കിന് പിന്നിൽ. ആകർഷകമായ ഈണവും പ്രചോദനം നൽകുന്ന വരികളുമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. 'ഗോൾഡൻ' കൂടാതെ ഈ ആൽബത്തിലെ മറ്റ് ഏഴ് ഗാനങ്ങൾ കൂടി ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഇടം നേടി. 'സോഡാ പോപ്പ്' 12-ാം സ്ഥാനത്തും, 'യുവർ ഐഡൽ' 14-ാം സ്ഥാനത്തും എത്തി. കൂടാതെ, ബിൽബോർഡ് 200 ചാർട്ടിൽ ഈ ആൽബം തുടർച്ചയായി 20 ആഴ്ചയയിട്ടും രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്. ആനിമേറ്റഡ് ചലച്ചിത്ര സൗണ്ട്ട്രാക്കുകൾക്ക് ലഭിക്കുന്ന അസാധാരണമായ നേട്ടമാണിത്.

ഗ്രാമിയിലേക്ക് 'ഗോൾഡൻ'

ഈ വിജയത്തിന് പുറമെ, 'ഗോൾഡൻ' ഗാനത്തിന് സോംഗ് ഓഫ് ദി ഇയർ , ബെസ്റ്റ് വിഷ്വൽ മീഡിയ സോംങ്ങ് ഉൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളിൽ ഗ്രാമി അവാർഡ് നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്. കെ-പോപ്പ് സംഗീതത്തെയും ആനിമേഷൻ സൗണ്ട്ട്രാക്കുകളെയും ആഗോള പോപ്പ് സംസ്കാരത്തിൽ കൂടുതലായി കൊണ്ടുവരുന്നതിൽ ഈ ഗാനം വലിയ പങ്കുവഹിച്ചു. ഇത് യാഥാർത്ഥ്യത്തിനും ഫിക്ഷനുമിടയിലുള്ള വിടവ് നികത്തുന്ന ഗാനമായി സംഗീത നിരൂപകർ വിലയിരുത്തുന്നു.

PREV
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ