
ലോകമെമ്പാടുമുള്ള സംഗീത ചാർട്ടുകളിൽ തങ്ങളുടെ ആധിപത്യം തുടരുന്ന ദക്ഷിണ കൊറിയൻ സൂപ്പർ ഗ്രൂപ്പ് ബിടിഎസ് ജപ്പാനിൽ മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കി. 2018-ൽ പുറത്തിറങ്ങിയ അവരുടെ ഹിറ്റ് ഗാനം 'ദ ട്രൂത്ത് അൺടോൾഡ്' സ്ട്രീമിംഗ് റെക്കോർഡുകൾ തകർത്ത് ജാപ്പനീസ് സംഗീത ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു. സൈനിക സേവനം പൂർത്തിയാക്കി മുഴുവൻ അംഗങ്ങളും തിരിച്ചെത്തുന്നതിനായുള്ള ആർമിയുടെ കാത്തിരിപ്പിനിടയിലാണ് ഈ ഏഴ് അംഗ സംഘം കൊറിയൻ പോപ്പ് ലോകത്തെ സുപ്രധാന റെക്കോർഡ് ഭേദിച്ചിരിക്കുന്നത്.
റെക്കോർഡിംഗ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് ജപ്പാൻ (RIAJ) കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കനുസരിച്ച്, ബിടിഎസിൻ്റെ 2018-ലെ ആൽബമായ ‘ലവ് യുവർസെൽഫ്: ടിയർ’ (LOVE YOURSELF 'TEAR') ലെ ഗാനമായ 'ദ ട്രൂത്ത് അൺടോൾഡ്' സ്ട്രീമിംഗ് വിഭാഗത്തിൽ 'ഗോൾഡ്' സർട്ടിഫിക്കേഷന് അർഹമായി. ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം, ഈ ഗാനം 50 ദശലക്ഷം (50 million) സ്ട്രീമുകൾ പിന്നിട്ടതോടെയാണ് ഗോൾഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ, ജപ്പാനിൽ ഏറ്റവും കൂടുതൽ ഗോൾഡ് സർട്ടിഫൈഡ് ഗാനങ്ങളുള്ള കെ-പോപ്പ് ആർട്ടിസ്റ്റ് എന്ന പദവി ബിടിഎസ് ഉറപ്പിച്ചു. നിലവിൽ അവരുടെ മൊത്തം ഗോൾഡ് സർട്ടിഫൈഡ് ഗാനങ്ങളുടെ എണ്ണം 47 ആയി ഉയർന്നു. ഒരു ഗാനം 50 ദശലക്ഷം സ്ട്രീമുകൾ നേടിയാൽ 'ആർഐഎജെ' ഗോൾഡ് സർട്ടിഫിക്കേഷനും, 100 ദശലക്ഷം നേടിയാൽ പ്ലാറ്റിനം സർട്ടിഫിക്കേഷനും, 500 ദശലക്ഷം നേടിയാൽ ഡയമണ്ട് സർട്ടിഫിക്കേഷനുമാണ് നൽകുന്നത്.
വോക്കൽ യൂണിറ്റായ ജിൻ, ജിമിൻ, വി, ജങ്കൂക്ക് എന്നിവർ ചേർന്ന് ആലപിച്ച ഒരു പോപ്പ് ബല്ലാഡ് ഗാനമാണ് 'ദ ട്രൂത്ത് അൺടോൾഡ്'. ഈ ട്രാക്ക് വീണ്ടും ജനപ്രീതി നേടിയതിന് പിന്നിൽ ഒരു കാരണമുണ്ട്. സൈനിക സേവനത്തിന് പോകുന്നതിന് മുൻപ്, ബിടിഎസ് അംഗം ജിൻ തൻ്റെ എൻകോർ ഫാൻ ഇവൻ്റായ 'RUNSEOKJIN EP. TOUR ENCORE' സമയത്ത് പിയാനോ വായിച്ചുകൊണ്ട് ഈ ഗാനം തത്സമയം ആലപിച്ചിരുന്നു. ആരാധകരിൽ വലിയ വൈകാരിക പ്രതികരണം സൃഷ്ടിച്ച ഈ പ്രകടനം ഗാനത്തിന് പുതിയ ഊർജ്ജം നൽകി.
ജപ്പാനിൽ ബിടിഎസിൻ്റെ വിജയം ഗോൾഡ് സർട്ടിഫിക്കേഷനിൽ ഒതുങ്ങുന്നില്ല. കെ-പോപ്പ് ചരിത്രത്തിൽ ആർഐഎജെ-യിൽ നിന്ന് രണ്ട് ഡയമണ്ട് സർട്ടിഫിക്കേഷനുകൾ നേടുന്ന ആദ്യത്തെ ഗ്രൂപ്പാണ് ബിടിഎസ്. അവരുടെ ആഗോള ഹിറ്റുകളായ 'ഡൈനമൈറ്റ്', 'ബട്ടർ' എന്നിവയാണ് ഈ ഡയമണ്ട് നേട്ടം സ്വന്തമാക്കിയത്. ഇതിൽ 'ഡൈനമൈറ്റ്' 500 ദശലക്ഷം സ്ട്രീമുകൾ ഏറ്റവും വേഗത്തിൽ നേടിയ ട്രാക്ക് എന്ന റെക്കോർഡും സ്വന്തമാക്കി.
സൈനിക സേവനത്തിന് ശേഷമുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടയിലും പുതിയ റെക്കോർഡുകൾ ഭേദിക്കുന്നതിലൂടെ, ജപ്പാനിലെ തങ്ങളുടെ ശക്തമായ സ്വാധീനം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ലോകമെമ്പാടുമുള്ള സംഗീത ലോകത്ത് തരംഗമായ ഈ ദക്ഷിണ കൊറിയൻ ബാൻഡ്. ഇത് കൂടാതെ 2026 ൽ ബിടിഎസി-ൻ്റെ പുതിയ ആൽബം പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകൾ ആർമിയെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ