
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനയകനെതിരെ കേസെടുക്കും. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം നോർത്ത് പൊലീസിനെ ചുമതലപ്പെടുത്തി. ഉമ്മൻചാണ്ടിയുടെ വിലാപ യാത്ര നടക്കുന്നതിനിടെയാണ് വിനായകൻ അധിക്ഷേപിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയത്.
വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നൽകിയിരുന്നു. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നൽകിയത്.
എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ സതീഷ് ഡിജിപിക്കാണ് പരാതി നൽകിയത്. വിനായകൻ സിനിമ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ക്ക് അജിത്ത് അമീർ ബാവ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. വിനായകന്‍റെ ലഹരി - മാഫിയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
'കൈ വിട്ട ആയുധം വാ വിട്ട വാക്ക്, ഓർത്താൽ നന്ന്..'; വീണ്ടും വിനായകനെ ഓർമപ്പെടുത്തി അഖിൽ മാരാർ
ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' - വിനായകൻ ലൈവിൽ ചോദിച്ചു.
പുതുപ്പള്ളിയിലേക്ക് അവസാനയാത്ര, സംസ്കാര ചടങ്ങുകൾ വൈകും; ഒഴുകിയെത്തി ജനസാഗരം
വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്. താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുകള്‍ നിറയുന്നുണ്ട്. താരം പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.