
സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം 'കാന്താ'യെയും ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെയും പ്രശംസിച്ച് ചന്തു സലിം കുമാർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചന്തു തന്റെ അഭിനന്ദനം അറിയിച്ചത്. ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചന്തു കുറിപ്പ് അവസാനിക്കുന്നത്. അതേസമയം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായായാണ് കാന്തായിലെ ടികെ മഹാദേവൻ ചർച്ച ചെയ്യപ്പെടുന്നത്.
'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജിന്‍റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് കാന്ത. 1950 കളിലെ തമിഴ് സിനിമാലോകത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടി കെ മഹാദേവന്‍ എന്ന യുവ സൂപ്പര്‍താരമായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരു പുതുമുഖ നടിയാണ് ചിത്രത്തില്‍ ഈ കഥാപാത്രം.
തിരിച്ചുവരവ് എപ്പോഴും തിരിച്ചടിയേക്കാൾ വലുതാണ്. ഏതാണ് ഒരു മികച്ച തിരക്കഥ. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ കഥയിൽ വഴിതിരിവുകളുണ്ടാക്കി, നമ്മളെ പിടിച്ചിരുതുന്ന തിരക്കഥകളാണോ, അതോ നമുക്ക് അറിയാവുന്ന കാര്യങ്ങൾ, നമ്മൾ ഒരുപാട് കേട്ടിട്ടുള്ള കാര്യങ്ങൾ ഇവയെല്ലാം അറിഞ്ഞിരുന്നിട്ടു കൂടി നമ്മളെ തീയേറ്ററിൽ പിടിച്ചിരുത്തി ആകാംക്ഷാഭരിതരാക്കുന്ന തിരക്കഥകളാണോ മികച്ചത്. രണ്ടും മികച്ച തിരക്കഥകൾ തന്നെയാണ്. എന്നെ സംബന്ധിച്ച് രണ്ടാമത് പറഞ്ഞ തിരക്കഥയാണ് ഏറ്റവും മികച്ചത്. കാന്ത അത്തരത്തിലൊരു തിരക്കഥയാണ്, അത്തരത്തിലൊരു സിനിമയാണ്.
സെൽവമണി സെൽവരാജ്, നിങ്ങളൊരു അസാധ്യ തിരക്കഥാകൃത്താണ്. കാന്ത ഒരു ഗംഭീര സിനിമയുമാണ്. ഡാനി സാഞ്ചസ് ലോപ്പസ്, ഒരു സിനിമയിലെ വിശ്വൽസ്, കാഴ്ച്ചക്കാരന് കണ്ണിനു കുളിർമ്മയേകാൻ വേണ്ടി ആവരുത്, അവിടെ ഒരു ക്യാമറ ഇല്ലെന്നും, ഇതെല്ലാം റിയൽ ആണെന്നും കാണിക്കളെ തോന്നിപ്പിക്കുന്ന വിശ്വൽസ് ആവണം. ഈ സിനിമയും അതാണ് ആവശ്യപ്പെടുന്നത്. ഗംഭീരം. ജേക്സ് ബിജോയ്, എന്നത്തേയും പോലെ. ഇത് അയാളുടെ കാലമല്ലേ. ചുമ്മാ തീപ്പൊരി വർക്ക്.
സമുദ്രക്കനി വെറുതെ നിന്നാൽ പോലും അയാളുടെ പവർ നമുക്ക് മനസ്സിലാവും. കഥാപാത്രം ആവുകയെന്നത് അയാളെ സംബന്ധിച്ച് പൂ പറിക്കും പോലെ ഈസി ആയിട്ടുള്ള ജോലിയാണ്. ഭാഗ്യശ്രീ ബോസ്, അവരുടെ കണ്ണുകൾ ഭയങ്കര ഹോണ്ടിങ് ആണ്. കുമാരി അത്തരം കണ്ണുകൾ ആവശ്യപ്പെടുന്ന ഒരു കാരക്റ്റർ ആണ്. പൊടുന്നനെ ഉണ്ടാവുന്ന ചെയ്ഞ്ചുകൾ, കാരക്റ്റർ ഷിഫ്റ്റുകൾ എല്ലാം അവർ വളരെ മനോഹരമായാണ് ചെയ്തിരിക്കുന്നത്. റാണ, ചുമ്മാ സ്‌ക്രീനിൽ വരുന്നു. ആ സ്ക്രീൻ മൊത്തത്തിൽ അയാൾ തൂക്കുന്നു. അയാളിൽ നിന്നും മുൻപെങ്ങും കാണാത്ത ഒരു പ്രേത്യേക സ്വാഗ് ഇതിൽ ഫീൽ ചെയ്തു. സെക്കന്റ് ഹാഫ് അയാളുടേത് കൂടിയാണ്, ഒരു സമയം വരെ, അതിനു ശേഷം....
അവസാനമായി, എന്റെ ബെസ്റ്റി. നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും. അത് അയാൾ ചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്. കാന്തയിലെ TKM, ചിലയിടങ്ങളിൽ കാണികളോട് ഞാൻ നിങ്ങളെ അഭിനയിച്ചു ഞെട്ടിക്കാൻ പോകുകയാണ്, എന്ന് പറഞ്ഞതിന് ശേഷം അയാളുടെ ചില പെർഫോമൻസുകൾ, കാണുമ്പോൾ കാണികളും അതോടൊപ്പം കൈയ്യടിക്കുന്നുണ്ട്. അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീൻ ചെയ്യാൻ അയാൾ കാണിച്ച ധൈര്യത്തിന് മാത്രം ഞാൻ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ