
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ചടങ്ങിൽ എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ അടൂർ ഗോപാലകൃഷ്ണന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കലാകാരൻമാരെ നിശബ്ദരാക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര രംഗത്തും വർഗീയ രാഷ്ട്രീയത്തിന്റെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും കേരളത്തിൽ ഇത് വിലപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറെ കാലമായി ചലച്ചിത്രകലാരംഗത്ത് വർഗീയതയുടെ വിദ്വേഷം പകർത്താനുള്ള ശ്രമം ദേശീയതലത്തിൽ ശക്തിപ്പെട്ടു വരുന്നു. ചലച്ചിത്ര കലാകാരൻമാർ ഗുരുവായി കരുതുന്ന ദിലീപ് കുമാറിന് പോലും അസഹിഷ്ണുത നിറഞ്ഞ വർഗീയ രാഷ്ട്രീയത്തിന്റെ ഭീഷണി നേരിടേണ്ടിവന്നു. ഷബാന ആസ്മി, അനന്ദ് പട്‍വർധൻ, കമൽ ഹാസൻ, ദീപ മേത്ത എന്നീ വിഖ്യാതരായ ഒട്ടവനധി ചലച്ചിത്രകലാപ്രതിഭകൾക്ക് നേരെ ആക്രണമോ ഭീഷണിയോ ഉണ്ടായി.
ഇത്തരത്തിൽ കലാകാരൻമാരെ നിശബ്ദരാക്കാനുള്ള അർധഫാസിസ്റ്റ് സ്വഭാവത്തിലുള്ള പൊതുവായ നീക്കങ്ങളുടെ ഭാഗമായി വേണം കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണന് നേരെയുണ്ടായ ഭീഷണിയെ കാണാൻ. ഞങ്ങൾ പറയുന്നത് അനുസരിക്കുന്നില്ലെങ്കിൽ ചന്ദ്രനിൽ പോയ്‍ക്കൊള്ളൂ എന്നാണ് അസഹിഷ്ണുതയുടെ ശക്തികൾ പറഞ്ഞത്. ഈ ഭീഷണി കേരളത്തിന്റെ മണ്ണിൽ വിലപോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഇന്ത്യക്കും ഇന്ത്യ ലോകത്തിനും നൽകിയ ചലച്ചിത്ര സംഭാവനയാണ് അടൂർ ഗോപാലകൃഷ്ണന്റെ വ്യക്തിത്വം. ഫാൽകെ അവാർഡ് അടക്കം നേടിയ പ്രശസ്തനായ കലാകാരനെ ആക്ഷേപിക്കുന്നതിലൂടെ വർഗീയ ശക്തിയുടെ വക്താക്കൾ തങ്ങളുടെ സംസ്ക്കാര രാഹിത്യമാണ് വെളിവാക്കുന്നത്. നിർഭയമായി അഭിപ്രായം പറയുന്നവർ ഒഴിവായി കിട്ടിയാൽ മാത്രമേ തങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂവെന്ന ഭീരുത്വമാണ് ഇവർ വെളിവാകുന്നത്. ഇവരുടെ ഭീകരതയ്ക്കും ഭീരുത്വത്തിനും കേരളം കീഴടങ്ങില്ല. സർഗാത്മക കലയുടെ രംഗത്ത് വ്യാപരിക്കുന്നവരെ കേരളവും കേരള ജനതയും സർക്കാരും എല്ലാ നിലയ്ക്കും സംരക്ഷിക്കുമെന്നും. അവർക്ക് സ്വതന്ത്രവും ഭയരഹിതവുമായി രീതിയിൽ തുടർന്നും സംഭാവനകൾ നൽകാനുള്ള അന്തരീക്ഷം ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ