മോഹന്‍ലാലും ഫഹദുമില്ല, ക്രിസ്മസിന് മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ഷെയ്ന്‍

By Web TeamFirst Published Nov 11, 2019, 7:36 PM IST
Highlights

നേരത്തേ പ്രതീക്ഷിക്കപ്പെട്ടതില്‍ നിന്ന് വ്യത്യാസമായി മോഹന്‍ലാല്‍, ഫഹദ് ചിത്രങ്ങള്‍ ക്രിസ്മസ് റിലീസുകളായി തീയേറ്ററുകളില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ഷെയ്ന്‍ നിഗം ചിത്രങ്ങള്‍ ക്രിസ്മസിന് എത്തുകയും ചെയ്യും.

കേരളത്തിലെ തീയേറ്ററുകളില്‍ താരസമ്പന്നമായ ക്രിസ്മസ് ആണ് വരാനിരിക്കുന്നത്. നേരത്തേ പ്രതീക്ഷിക്കപ്പെട്ടതില്‍ നിന്ന് വ്യത്യാസമായി മോഹന്‍ലാല്‍, ഫഹദ് ചിത്രങ്ങള്‍ ക്രിസ്മസ് റിലീസുകളായി തീയേറ്ററുകളില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ഷെയ്ന്‍ നിഗം ചിത്രങ്ങള്‍ ക്രിസ്മസിന് എത്തുകയും ചെയ്യും.

ഫഹദ് ഫാസില്‍ നായകനാവുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ്, മോഹന്‍ലാലിന്റെ സിദ്ദിഖ് ചിത്രം ബിഗ് ബ്രദര്‍ എന്നിവയാണ് റിലീസ് മാറ്റിയ ചിത്രങ്ങള്‍. 'ഇട്ടിമാണി'ക്ക് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന 'ബിഗ് ബ്രദറി'ന്റെ ഫൈനല്‍ ഷെഡ്യൂള്‍ എറണാകുളത്ത് പുരോഗമിക്കുകയാണ്. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തീയേറ്ററുകളിലെത്തുമെന്നാണ് അനൗദ്യോഗിക വിവരം. അതേസമയം പോസ്റ്റ് പ്രാഡക്ഷന്‍ പൂര്‍ത്തിയാവാത്തതിനാലാണ് അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് വൈകുന്നതെന്നാണ് അറിയുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാവും ട്രാന്‍സ് തീയേറ്ററുകളിലെത്തുക.

 

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഷൈലോക്ക്', പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമ്മൂടും ഒരു പ്രധാന വേഷത്തിലെത്തുന്ന ലാല്‍ ജൂനിയര്‍ ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സ്', ജയസൂര്യയെ നായകനാക്കി നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം, ഷെയ്ന്‍ നിഗത്തിന്റെ ഡിമല്‍ ഡെന്നിസ് ചിത്രം 'വലിയ പെരുന്നാള്‍' എന്നിവയാണ് ക്രിസ്മസ് റിലീസുകളായി നിലവില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍. 

 

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുകയാണ് ഷൈലോക്കിലൂടെ. ചിത്രം ഒരു മാസ്-ആക്ഷന്‍-ഫാമിലി ചിത്രം ആയിരിക്കുമെന്ന് സംവിധായകന്‍ നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. മീന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

ലാല്‍ ജൂനിയറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ വാഹനക്കമ്പമുള്ള സൂപ്പര്‍ സ്റ്റാറാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം. അദ്ദേഹത്തിന്റെ ആരാധകനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് സുരാജിന്റെ കഥാപാത്രം. പൃഥ്വിരാജിന്റെ ജോഡിയായി എത്തുന്നത് ദീപ്തി സതിയാണ്. സുരാജിന്റെ ജോഡിയായി മിയയും എത്തുന്നു. ഹണി ബീ 2ന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സച്ചിയാണ്.

 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് തൃശൂര്‍ പൂരത്തിന്റെ നിര്‍മ്മാണം. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം തൃശൂര്‍ പശ്ചാത്തലമായ ഒരു കഥയില്‍ ജയസൂര്യ നായകനാവുകയുമാണ്. ഷെയ്ന്‍ നിഗത്തിന്റെ വലിയ പെരുന്നാള്‍ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ്. ഹിമികാ ബോസ് ആണ് നായിക. ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. 

click me!