മിണ്ടാപ്രാണികളോട് മനുഷ്യൻ കാണിക്കുന്നത് എന്ത് ക്രൂരതകളാണ്?

Web Desk   | Asianet News
Published : Apr 03, 2020, 02:14 PM ISTUpdated : Apr 03, 2020, 02:28 PM IST
മിണ്ടാപ്രാണികളോട് മനുഷ്യൻ കാണിക്കുന്നത് എന്ത് ക്രൂരതകളാണ്?

Synopsis

ലോക്ക്  ഡൗൺ സമയത്ത് പൂനെയിൽ നിന്നുള്ള ഒരു കാഴ്‍ച വല്ലാതെ മനസിലുടക്കിയെന്ന് ഗോകുല്‍ സുരേഷ്.

തിരക്കുകളില്ലാത്ത ജീവിതം. എത്രമാത്രം നമുക്ക് ആസ്വദിക്കാനാകും അത്?. മനസ്സിലാക്കി വരുന്നതേയുണ്ടാവൂ ഓരോരുത്തരും. സ്വന്തം വീട്ടില്‍ വീട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സമയമാണ്. ശുദ്ധമായ വായു, പ്രകൃതി, വീടും പരിസരം, ചെടികള്‍. ഇവയ്‍ക്കൊപ്പമെല്ലാം ചേര്‍ന്നുനിന്ന് ജീവിതം എത്രത്തോളം  മനോഹരമാക്കാം. ലോക്ക് ഡൗൺ കാലത്തെ ജീവിതം പാഠപുസ്‍തകമാണ്. സ്വയം ചിന്തിക്കാനും മറ്റുള്ളവർക്ക് കരുതലാവാനും പ്രകൃതിയെ കൂടുതൽ മനസിലാക്കാനുമൊക്കെയുള്ള പാഠപുസ്‍തകം.

ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ലോക്ക് ഡൗണിലേയ്ക്ക് പോയ ആളാണ് ഞാൻ. വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ മാറിയുള്ള ഒരു അപ്പാര്‍‌ട്‍മെന്റിലാണ് ഞാനും അനിയനും ഇപ്പോൾ. ലണ്ടനിലാണ് അവൻ പഠിക്കുന്നത് . നാട്ടിലെത്തിയപ്പോൾ സ്വയം മുൻകരുതലെന്നരീതിയിൽ അവൻ ക്വാറിന്റിൻ പ്രവേശിക്കുകയായിരുന്നു. എന്റെ സുഹൃത്ത് പോളും ഞങ്ങൾക്ക് ഒപ്പം ഇവിടെയുണ്ട്. ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാർ ലോക്ക്  ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് അത് പാലിക്കാൻ നമ്മൾ തയ്യാറാവണം. ലോക്ക് ഡൗൺ  തുടങ്ങി നാല് ദിവസം കഴിഞ്ഞപ്പോൾ മുതൽ എന്റെ പല കൂട്ടുകാരും മടുത്തുവെന്ന് പറയുന്നു. സ്വന്തം വീട്ടിൽ ഇരിക്കുന്നത് എങ്ങനെ മടുപ്പാകുമെന്ന് എനിക്ക് മനസിലാകുന്നേയില്ല.

വിട്ടില്‍ എന്തുമാത്രം കാര്യങ്ങള്‍ നമുക്ക് ചെയ്യാനാകും. വീട്ടില്‍ എനിക്ക്  ഒരു കമ്പോസ്റ്റ് യൂണിറ്റ് ഉണ്ട്. വീട്ടിലെ മാലിന്യം സംസ്‍ക്കരിക്കാന്‍ ഇതിലൂടെ സാധിക്കും. ഓരോ വീട്ടുടമയും അൽപമൊന്നു മനസ്സു വച്ചാൽ അവനവന്റെ വീട്ടിലെ മാലിന്യങ്ങൾ കോമ്പൗണ്ട് വോളിനുള്ളിൽ തന്നെ സംസ്‍കരിക്കാം. അത് ചെടികൾക്ക് എല്ലാം നമുക്ക് ഉപയോഗിക്കാൻ സാധിക്കും.

പ്രകൃതിയെ നമ്മുടെ ആവശ്യങ്ങൾക്കായി ധാരാളം ചൂഷണം ചെയ്യുന്നവരാണ് മനുഷ്യൻമാർ. എന്നാൽ പ്രകൃതിയെ പരിചരിക്കാൻ നമുക്ക് ആകുന്നില്ല. പ്രകൃതിയെ സംരക്ഷിക്കാൻ അത് ചെയ്യണം ഇത് ചെയ്യണം എന്ന് പറയുവാൻ ഒരുപാട് ആൾക്കാരുണ്ട്. എന്നാൽ അവ എത്ര പേര് പാലിക്കുന്നുണ്ട്. പലപ്പോഴും മനുഷ്യർ യാന്ത്രികമായി പോവുന്നു. നമ്മൾ ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അത് നമ്മൾ ചെയ്യുക തന്നെ വേണം. പക്ഷെ അത് ഒരിക്കലും മറ്റുള്ളവരെ കാണിക്കാനോ, ഞാനാണ് ഇങ്ങനെ ചെയ്‍തത് എന്ന് പറയാനോ ആവരുത്. അതിനൊക്കെ ലോക്ക് ഡൗൺ കാലം ഗുണകരമാകും.

വീട്ടിലിരിക്കുമ്പോള്‍ സിനിമ കാണാലോ. എത്ര ഭാഷകളിലുള്ള സിനിമകള്‍ കാണാം. സാമൂഹ്യമാധ്യമത്തില്‍ പലപ്പോഴും ഞാൻ വീഡിയോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ലോക്ക് ഡൗൺ സമയത്ത് പൂനെയിൽ നിന്നുള്ള ഒരു കാഴ്‍ച വല്ലാതെ മനസിലുടക്കി. ഓമനിച്ച് വളര്‍ത്തിയ നായകളെ ഉപേക്ഷിച്ച് ഫ്ലാറ്റുകളിൽ നിന്ന് പലരും പോകുന്നതു കണ്ട്. പലതും വലിയ വിലയുള്ള നായകൾ. എവിടെയാണ് മനുഷ്യന് ആത്മാർത്ഥതയുള്ളത്. മിണ്ടാപ്രാണികളോട് മനുഷ്യൻ കാണിക്കുന്നത് എന്ത് ക്രൂരതകളാണ്.

മനുഷ്യൻ ഏറ്റവുമധികം സഹായമനസോടെ നിലനിൽക്കേണ്ട  സമയത്ത് ചിലയാളുകളുടെ ചൂഷണമനോഭാവം കാണുമ്പോൾ വേദനയുണ്ടാകാറുണ്ട്.. വല്ലാതെ മുതലെടുപ്പാണ് ചുറ്റം നടക്കുന്നത്. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന വിധത്തില്‍ മാസ്‌ക്കിന്റെയും  സാനിറ്റൈസറിന്റെയും വില കൂട്ടിവിൽക്കുന്നു. കോവിഡ് കാലത്ത് ഇങ്ങനെയൊക്കെ ചെയ്യുന്നത് കാണുന്നത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പലപ്പോഴും തോന്നാറുണ്ട് മനുഷ്യൻ എങ്ങോട്ടാണ് പോവുന്നതെന്ന്.

മറ്റുള്ളവരുടെ കുറ്റങ്ങളിൽ സന്തോഷം കണ്ടെത്താനാണ് എല്ലാവരും കൂടുതൽ ശ്രമിക്കാറുള്ളത്. ആരോഗ്യപ്രവർത്തകർക്കുള്ള ആദരവായി എല്ലാവരും പാത്രത്തിൽ ക്ലാപ് ചെയ്യണമെന്നുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ ഏറ്റെടുക്കണമെന്ന് മോഹൻലാൽ സാറിന്റെ വാക്കുകൾ പലരീതിയിലാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത്. ക്ലാപ് ചെയ്യുന്നതുമൂലം വൈറസുകൾ ചാകുമെന്ന് അദ്ദേഹം പറഞ്ഞട്ടില്ലാ, പക്ഷെ സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചത് അത്തരത്തിലാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് മോഹൻലാൽ. അദ്ദേഹം പറഞ്ഞത് എന്താണന്നുപോലും ശരിക്കും കേൾക്കാതെയാണ് പലരും കളിയാക്കുന്നത്. പാത്രങ്ങൾ ക്ലാപ്പ് ചെയ്യുന്നതിലൂടെയുള്ള ഒരു പോസ്റ്റീവ് വൈബ് വലുതാണ്. ഞാനും ഈ ക്ലാപ്പ് ചെയ്‍തിരുന്നു. എനിക്ക് അത് വല്ലാത്ത ഒരു അനുഭവമായാണ് തോന്നിയത്. പക്ഷെ പലരും അത് കളിയാക്കാൻ മാത്രമായിട്ടാണ് കാണുന്നത്. നമുക്ക് ചുറ്റും പട്ടിണികാരണവും പനികാരണവും ഒരുപാട് കുഞ്ഞുങ്ങൾ മരിക്കുന്നു. പക്ഷെ പലരും അത് കാണുന്നതായി തോന്നുന്നില്ല. എല്ലായിടത്തും പലതരത്തിലുള്ള മുതലെടുപ്പുകളാണ് നടക്കുന്നത്.

പരസ്‍പരമുള്ള കരുതലും സ്‍നേഹവുമാണ് മനുഷ്യന് വേണ്ടത്. ഇപ്പോൾ തന്നെ നോക്കൂ. നമ്മുടെ സർക്കാർ സംവിധാനങ്ങൾ എത്ര മികച്ച രീതിയിലാണ് കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രളയമായാലും നിപ്പയെയും എല്ലാം പൊരുതി തോൽപ്പിച്ചവരാണ്  നമ്മള്‍. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന്റെയും പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അവരുടെ കടമകൾ മനോഹരമായി അവർ ചെയ്യുന്നുണ്ട്. നാടിനൊപ്പമാണ് കേരള സർക്കാർ പ്രവർത്തിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. ബിബിസി അടക്കമുള്ള മാധ്യമങ്ങൾ നമ്മുടെ കൊച്ചു കേരളത്തെപറ്റിയും ഇവിടെത്തെ ആരോഗ്യപ്രവർത്തനങ്ങളെ പറ്റിയും പറയുന്നത് അഭിമാനമുളവാക്കുന്ന കാര്യമാണ്.  

ബ്രേക്ക് ദി ചെയ്ന്‍ ആലോചനയുടെ ഭാഗമായി ഇടയ്ക്കിടെ കൈകഴുകുന്നവരാണ് നമ്മൾ. പക്ഷെ പലരും കൈ കഴുകി തീരുന്നവരെ ടാപ്പ് തുറന്ന് വിടുകയാണ്. ശരിക്കും ഇക്കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കണം. വരൾച്ചയുടെ നാളുകളാണ് ഇനി വരുവാൻ പോവുന്നത്. അമിതമായി ജലം പാഴാക്കാതെ ഉപയോഗിക്കാൻ എല്ലാവരും ശ്രമിക്കണം.  

ക്വാറന്റൈൻ കാലം അകല്‍ച്ചയുടേതല്ല. ഒരുമയുടേതു തന്നെയാണ്. കാണാത്ത വിധം ഓരോരുത്തരും സ്വന്തം വീടുകളിലാവാം. പക്ഷേ മനസ്സു കൊണ്ടു ഒത്തൊരുമിച്ചാകണം എല്ലാവരും. നാടാകെ ഒന്നാകെ ഒത്തൊരുമിച്ചുള്ള നാളുകള്‍. അങ്ങനെ കണ്ടാവണം ക്വാറന്റൈൻ കാലത്തെ അതിജീവനവും പ്രതിരോധവും. ക്വാറന്റൈൻ കാലം കഴിഞ്ഞാലും നമ്മള്‍ ഒന്നു തന്നെയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം 'പ്ലൂട്ടോ' ഷൂട്ടിംഗ് പൂര്‍ത്തിയാക്കി
വൈബിൽ വൈബായി മേളക്കാലം; കാണാം ഐഎഫ്എഫ്കെ ഫോട്ടോകൾ