
ക്വാറന്റൈൻകാലമാണ് ഇത്. അതിജീവിക്കാൻ ഉള്ള ഒരേയൊരു മാര്‍ഗ്ഗം അടച്ചുപൂട്ടിയിരിക്കുക എന്നതുമാണ്. അടച്ചു പൂട്ടിയിരിക്കുകയെന്നത് വിരസതയുടേതുമാണ്. പക്ഷേ കൊവിഡിനെ നേരിടാൻ സാമൂഹ്യ സമ്പര്‍ക്കം കുറച്ചേ തീരൂ. അത് പ്രധാനമന്തിയായാലും ഞാനായാലും നിങ്ങളായാലും എല്ലാം ഒരുപോലെ തന്നെ. വീട്ടിലിരിപ്പിന്റെ വിരസത മറികടന്ന് ഒരു പോരാട്ടത്തില്‍ നമ്മുടെ ഭാഗം ചേര്‍ക്കുകയെന്ന കടമയുമുണ്ട് ഓരോരുത്തര്‍ക്കും. ജീവൻ ഉണ്ടെങ്കിലേ ജീവിതം ഉള്ളൂ, രാഷ്‍ട്രം ഉണ്ടെങ്കിലേ രാഷ്‍ട്രീയമുള്ളൂവെന്ന ചിന്തയും മനസ്സില്‍ ഉറപ്പിച്ചുകരുതണം.
തിരക്കുപിടിച്ച ജീവിതത്തിലേക്ക് ആണ് ഓരോരുത്തരുടെയും ഐസൊലേഷൻ വരുന്നത്. എനിക്കും അങ്ങനെ തന്നെ. പക്ഷേ മടിപിടിച്ചിരിക്കല്‍ മാത്രമല്ല ഐസൊലേഷൻ. തിരക്കുപിടിച്ച ജീവിതത്തില്‍ ഓരോരുത്തര്‍ക്കും നഷ്‍ടമായ നല്ല മുഹൂര്‍ത്തങ്ങളുണ്ടായേക്കും. കഴിയും വിധം അവയെ തിരിച്ചുപിടിക്കാൻ കൂടി നമുക്ക് ക്വാറന്രൈൻ കാലം ഉപയോഗിക്കാം. ഞാൻ അതുകൊണ്ടുതന്നെ മകനൊപ്പമാണ്. അവന്റെ കുറെ കുസൃതികള്‍ എനിക്ക് നഷ്‍ടപ്പെട്ടിരുന്നു. അവന് ഏറ്റവും ഇഷ്‍ടം അച്ഛനും അമ്മയ്‍ക്കുമൊപ്പം വീട്ടിലിരുന്ന് ഗുസ്‍തി പിടിക്കലാണ്. അതിന് ഇപ്പോള്‍ ധാരാളം സമയവുമുണ്ട്. മറ്റൊന്ന് അവൻ കുട്ടി നോവലുകള്‍ എഴുതാറുണ്ട്. സ്‍കൂളില്‍ അവന്റെ കുട്ടി നോവലിനെ കുറിച്ച് വലിയ അഭിപ്രായവുമാണ്. അസംബ്ലയിലൊക്കെ അവനെ അഭിന്ദിച്ചിട്ടുണ്ട്. ഞാൻ ഒരു കഥ മാത്രമാണ് സമയംതികച്ച് വായിച്ചിട്ടുള്ളത്. ഇപ്പോള്‍ അവന് കൊടുത്ത വാക്കും അതാണ്. എല്ലാ നോവലുകളും എടുത്തുകൊണ്ടു വരാൻ പറഞ്ഞു. അത് ഓരോന്നായി വായിക്കാനുള്ള തീരുമാനത്തിലാണ് ഞാൻ. വായിച്ചുതുടങ്ങുകയും ചെയ്‍തു. മകന്റെ കുട്ടി നോവലുകള്‍ വായിക്കുന്ന അച്ഛൻ കൂടിയാണ് കൊറോണക്കാലത്ത് ഞാൻ. അവന്റെ കൂടെ ചെസ് കളിക്കാനും സമയമുണ്ട്.
ആടുജീവിതം എന്ന പുസ്‍കമൊ ക്കെ വളരെക്കാലം മുമ്പ് ഞാൻ വാങ്ങിച്ചതാണ്. വായിച്ചിരുന്നില്ല. ഇപ്പോഴത് വായിച്ചുതീര്‍ത്തു. മറ്റൊരു പുസ്‍കത്തിന്റെ കൂടി വായനയിലാണ്. ബൊളീവിയൻ ഡയറി എന്ന പുസ്‍തകം. ചെഗുവേരയുടെ പുസ്‍കം വായിച്ചുകൊണ്ടിരിക്കുന്നു.
കൊറോണക്കാലം തിരിച്ചറിവിന്റെ കാലം കൂടി ആക്കണമെന്നും ആഗ്രഹമുണ്ട്. എന്താണ് ജീവിതം എന്ന ചോദ്യത്തിന് ഉത്തരം കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. നമ്മള്‍ ഇതുവരെ ജീവിച്ച ജീവിതം ശരിയാണോയെന്ന ചോദ്യം മനസ്സിലുണ്ടാകണം. പ്രളയം വന്നപ്പോള്‍ ഒത്തൊരുമിച്ച് ഒന്നായി പ്രവര്‍ത്തിച്ചവരാണ് നമ്മള്‍. പക്ഷേ പ്രളയം കഴിഞ്ഞപ്പോള്‍ പരസ്‍പരം ചെളിവാരി എറിയാൻ തുടങ്ങി. കൊറോണ കഴിഞ്ഞാല്‍ അങ്ങനെ ആകരുത്. കൊറോണ കാലത്ത് വീട്ടിലിരിക്കാൻ പറയുമ്പോള്‍ നമ്മളെ പരിഹസിക്കുന്നവരുമുണ്ട്. ദിവസ വരുമാനക്കാരുടെ ജീവിതത്തിനെ കുറിച്ചാണ് പറയുന്നത്. സുഹൃത്തേ, ജീവൻ ഉണ്ടെങ്കിലേ ജീവിതമുള്ളൂവെന്ന മറുപടിയാണ് അതിന് നല്‍കാൻ പറ്റുക. എല്ലാവരുടെയും ജീവിതം ഒരുപോലെ തന്നെയാണ്. ദാരിദ്യം അനുഭവിക്കുന്നവരുടെ കാര്യം മറന്നല്ല പറയുന്നത്. സിനിമ മേഖലയില്‍ പ്രൊജക്റ്റുകളെല്ലാം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചിലത് മുടങ്ങിപ്പോയിരിക്കുന്നു. എപ്പോള്‍ തുടങ്ങും എന്നൊന്നും പറയാൻ പറ്റില്ല. എന്റെ കാര്യം അതാണ്. പക്ഷേ പണമല്ല ഇപ്പോള്‍ പ്രധാനം. ഭക്ഷണവും സുരക്ഷയുമാണ്. അത് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുമുണ്ട്.
വീട്ടിലിരിപ്പിന്റെ കാലത്ത് നമുക്ക് ചില ദൌത്യങ്ങള്‍ കൂടി നിറവേറ്റാനുണ്ട് എന്ന ചിന്തക്കാരനാണ് ഞാൻ. മറ്റുള്ളവരോടുള്ള കരുതലിന്റെ കാര്യം ചിന്തിക്കണം. വീട്ടില്‍ ഒറ്റപ്പെട്ടിരിക്കുന്നവരുടെ മാനസികാസ്വാസ്ഥ്യങ്ങളുണ്ട്. അങ്ങനെ മാനസിക സമ്മര്‍ദ്ദത്തിലാകുന്നവര്‍ക്ക് ഒപ്പം നിന്നേ മതിയാവൂ. അവരോട് പറയാനുള്ളതും അതു തന്നെയാണ്. ഭാവിയെ കുറിച്ചല്ല ഇപ്പോള്‍ ചിന്തിക്കേണ്ടത്. എല്ലാവരും ഒരുപോലെ ഒരു രോഗത്തെ നേരിടുകയാണ്. നമ്മള്‍ ഒറ്റപ്പെടില്ല. മറ്റൊരു കാര്യം മദ്യപാനികളുടേതാണ്. ഞാൻ കൊറോണക്കാലത്ത് കുടിയൻമാര്‍ക്ക് ഒപ്പമാണ്. എപ്പോഴും മദ്യപിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് മദ്യം കിട്ടാതെ വരുമ്പോള്‍ പ്രശ്‍നങ്ങളുണ്ടാകും. അതിനെ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്‍തിരുന്നു. കേരളത്തിലെ എല്ലാ ഡി അഡിക്ഷൻ സെന്ററുകളുടെയും പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വീഡിയോ. മദ്യപാനികള്‍ ഇപ്പോള്‍ വലിയൊരു അവസരവും കൂടിയാണ് ലഭിച്ചിരിക്കുന്നത്. മദ്യപാനം നിര്‍ത്താനുള്ള വലിയൊരു അവസരം.
നിലവില്‍ സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകളുടെ സമീപനം സ്വാഗതാര്‍ഹമാണ്. ഭക്ഷണത്തിന്റെ കാര്യം അവര്‍ ഉറപ്പുനല്‍കിയിരിക്കുന്നു. കേരളം മറ്റ് സംസ്‍ഥാനങ്ങള്‍ക്ക് തന്നെ മാതൃകയായിരിക്കുന്നു. അമേരിക്ക പോലും രോഗത്തിന്റെ മുന്നില്‍ പകച്ചുനില്‍ക്കുന്നു. ലോക പൊലീസ് എന്നൊക്കെ പറഞ്ഞിരുന്ന അവര്‍ ബില്‍ ലാദനെയൊക്കെ തേടിപ്പിടിച്ച് വധിച്ച ആള്‍ക്കാരാണ്. അവരുടെ നിയന്ത്രണത്തില്‍ അല്ല ഇന്ന് കാര്യങ്ങള്‍.
ഇന്ത്യയും കേരളവും വലിയ നടപടികളാണ് കൈക്കൊള്ളുന്നത്. സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ നമ്മള്‍ പാലിച്ചേ തീരു. ലാഘവത്തോടെയെടുക്കരുത് കാര്യങ്ങള്‍. ഒരിക്കല്‍ മാത്രമാണ് ഞാൻ സാധനങ്ങള്‍ വാങ്ങാൻ പുറത്തിറങ്ങിയത്. പാല്‍ വാങ്ങാൻ പോലും ഇപ്പോള്‍ പുറത്തിറങ്ങുന്നില്ല.
വീട്ടിലിരിക്കുമ്പോള്‍ ആരോഗ്യകാര്യത്തിലെ ശ്രദ്ധ മറക്കരുത്. മകൻ നിരഞ്‍ജനോട് ഞാൻ വ്യായാമത്തിനെ കുറിച്ച് പറയാറുണ്ട്. അവനും ഞാനും മുമ്പ് നടക്കാൻ പോകാറുണ്ട്. കുട്ടികളുടെ ആരോഗ്യം വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. പണ്ടൊക്കെ കുട്ടികള്‍ക്ക് കൂട്ടുകാരുണ്ടായിരുന്നു. എന്റെ മകനടക്കം കൂട്ടുകാര്‍ അധികമില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനപ്രക്രിയയ്‍ക്ക് ആവശ്യമായ ശാരീരിക അദ്ധ്വാനവുമില്ല. സ്‍കൂള്‍ വാഹനങ്ങളില്‍ ഒക്കെ നോക്കിയാല്‍ കാണാം, കുട്ടികളെല്ലാം കണ്ണട വെച്ചിരിക്കുന്നു, തടിച്ചിരിക്കുന്നു. ഞാൻ കൊറോണക്കാലത്ത് ശ്രദ്ധിക്കുന്നത് അവന്റെ ആരോഗ്യവും കൂടിയാണ്. വീട്ടില്‍ തന്നെ ഞാനും ഭാര്യയും ചെറിയ വര്‍ക്ക് ഔട്ടിനുള്ള കാര്യങ്ങള്‍ ചെയ്‍തിട്ടുണ്ട്. അവനൊപ്പം ഞങ്ങളും വര്‍ക്ക് ഔട്ട് ചെയ്യും. അവൻ ഒറ്റയ്‍ക്കാവരുത്. ആരും ഒറ്റയ്‍ക്കാവരുത്. മനസ് കൊണ്ട് എല്ലാവരും എല്ലാവര്‍ക്കുമൊപ്പമുണ്ടാകണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ