
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ *‘ഭീഷ്മർ’* വീണ്ടും വാർത്തകളിൽ നിറയുന്നു. ചിത്രീകരണം പൂർത്തിയായി പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിനിടെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിച്ചതിന്റെ ആവേശം പങ്കുവെക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയനോടൊപ്പം ചിത്രത്തിലെ നായകന്മാരായ ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്‍ണൻ എന്നിവര്‍ ഉള്‍പ്പടെയുള്ള പ്രധാന താരങ്ങളും സംഗീത സംവിധായകൻ രഞ്ജിൻ രാജും ഒരുമിച്ചുള്ള രസകരമായ നിമിഷങ്ങളാണ് വീഡിയോയുടെ പ്രധാന ആകർഷണം. സൗഹൃദവും നർമ്മ മുഹൂർത്തങ്ങളും നിറഞ്ഞ ഈ ഒത്തുചേരലിൽ, ആരാധകർക്കായി വലിയൊരു സർപ്രൈസ് ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചനയും സംവിധായകൻ നൽകുന്നുണ്ട്. ചിത്രീകരണം കഴിഞ്ഞിട്ടും ഇത്രയധികം താരങ്ങള്‍ എന്തിനാണ് വീണ്ടും ഒത്തുകൂടിയതെന്നും, ആ ‘വലിയ സർപ്രൈസ്’ എന്താകുമെന്നും അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ സിനിമാപ്രേമികൾ.
ധ്യാൻ ശ്രീനിവാസനെയും വിഷ്‍ണു ഉണ്ണികൃഷ്‍ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് *ഭീഷ്മർ*. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്‍ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും *ഭീഷ്മർ* സ്വന്തമാക്കുന്നു. *‘കള്ളനും ഭഗവതിയും’* എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്‍ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.
ദിവ്യ പിള്ളയും അമ്മേരയും നായികമാരായി എത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരനിര തന്നെ അണിനിരക്കുന്നു. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്‍ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. രഞ്ജിൻ രാജും കെ. എ. ലത്തീഫും ഈണം നൽകിയ അഞ്ച് ഗാനങ്ങൾക്ക് ഹരിനാരായണൻ ബി. കെ., സന്തോഷ് വർമ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവർ വരികൾ രചിച്ചിരിക്കുന്നു.
കലാസംവിധാനം: ബോബൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്‍ണന്‍, മേക്കപ്പ്: സലാം അരൂക്കുറ്റി, സംഘട്ടനം: ഫിനിക്സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതന്‍, VFX: നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, ഡിസൈനർ: മാമി ജോ, സ്റ്റിൽസ്: അജി മസ്കറ്റ് എന്നിവരാണ് മറ്റ് അണിയറ ശില്പികൾ. സജിത്ത് കൃഷ്‍ണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പെരുമ്പാവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സാണ് ഓഡിയോ ലേബൽ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 42 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ *ഭീഷ്മർ*-ന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പൂര്‍ത്തിയായി വരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ