'സാമുവലും' 'കറുത്ത ജൂതനും'; സലിം കുമാറിന്‍റെ രണ്ട് ഞെട്ടിക്കലുകള്‍

Published : Jun 07, 2026, 12:43 PM IST
different roles of salim kumar first in serious roles and second as director

Synopsis

'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെയാണ് സലിം കുമാര്‍ അഭിനയത്തില്‍ ആദ്യമായി വേറിട്ടൊരു പരീക്ഷണം നടത്തിയത്

എത്ര പ്രതിഭാധനരായിരുന്നാലും സ്ക്രീനില്‍ എത്ര തവണ അത് പകര്‍ന്നാടിയിട്ടുണ്ടെങ്കിലും കോമഡി റോളുകളില്‍ തിളങ്ങുന്നവര്‍ നേരിടുന്ന ഒരു പ്രതിസന്ധിയുണ്ട്. മികച്ച അഭിനേതാക്കളുടെ ലിസ്റ്റ് എടുക്കുമ്പോള്‍ അവരെ പരിഗണിക്കുന്നവര്‍ തുലോം കുറയും എന്നതാണ് അത്. അതിനാല്‍ത്തന്നെ അത്തരത്തിലല്ലാതെ വീണുകിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുക എന്നത് അഭിനേതാവ് എന്ന നിലയില്‍ അവരുടെ സ്ഥാനം അടയാളപ്പെടുത്താന്‍ അനിവാര്യമാണ്. കരിയറില്‍ അത്തരത്തില്‍ ലഭിച്ച അപൂര്‍വ്വം അവസരങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട് സലിം കുമാര്‍. പ്യാരിയെയും മണവാളനെയുമൊക്കെ അവതരിപ്പിച്ച അതേ സലിം കുമാര്‍ തന്നെയാണോ ഇതെന്ന് അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളും പ്രകടനങ്ങളും.

അടുത്ത സുഹൃത്ത് കൂടിയായ ലാല്‍ജോസ് ആണ് സലിം കുമാറിലെ അത്തരമൊരു വേറിട്ട സാധ്യത ആദ്യമായി കണ്ടെത്തിയത്. അച്ഛനുറങ്ങാത്ത വീട് ആയിരുന്നു ചിത്രം. ഒട്ടേറെ പ്രതിസന്ധികളിലൂടെയും വൈകാരികമായ പിരിമുറുക്കങ്ങളിലൂടെയും കടന്നുപോകുന്ന സാമുവല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സലിം കുമാര്‍ അവതരിപ്പിച്ചത്. തൊമ്മനും മക്കളും, മായാവി തുടങ്ങിയ ചിത്രങ്ങളൊക്കെ ഇറങ്ങിയ കരിയറിന്‍റെ അതേ ഘട്ടത്തിലാണ് ഈ ചിത്രവും ഇറങ്ങുന്നത്. ഓഹോ, ഇയാള്‍ക്ക് ഇത്തരത്തില്‍ ഒരു റേഞ്ച് കൂടി ഉണ്ടായിരുന്നോ എന്ന് പ്രേക്ഷകരെ ഒന്നടങ്കം ചിന്തിപ്പിച്ചു ആ കഥാപാത്രത്തിലൂടെ സലിം കുമാര്‍. അഞ്ച് വര്‍ഷത്തിന് ശേഷം മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ഒരുമിച്ച് നേടിക്കൊടുത്ത ആദാമിന്‍റെ മകന്‍ അബുവിലേക്കുള്ള സലിം കുമാറിലെ അഭിനേതാവിന്‍റെ ചുവടുവെപ്പായിരുന്നു അച്ഛനുറങ്ങാത്ത വീട്.

ഹജ്ജിന് പോകാന്‍ അതിയായി ആഗ്രഹിക്കുന്ന അബു എന്ന അതിസാധാരണക്കാരനായ മധ്യവയസ്കന്‍ ആയിരുന്നു ആദാമിന്‍റെ മകന്‍ അബുവിലെ സലിം കുമാറിന്‍റെ ടൈറ്റില്‍ റോള്‍. സിനിമയുടേതായ സാധാരണ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ നേരിട്ട് കഥ പറയുന്ന സംവിധായകന്‍ സലിം അഹമ്മദിന്‍റെ രീതി കാണികളുടെ ഉള്ളില്‍ തൊട്ടതിന് ഒരു പ്രധാന കാരണം സലിം കുമാറിന്‍റെ പ്രകടനമായിരുന്നു. അഭിനയ മേഖലയില്‍ നിന്ന് സംവിധായകരാവുന്നവര്‍ വരുന്നത് ട്രെന്‍ഡ് ആവുന്നതിന് മുന്‍പേ ക്യാമറയ്ക്ക് പിന്നിലേക്കുമെത്തി സലിം കുമാര്‍. 2015 ല്‍ കമ്പാര്‍ട്ട്മെന്‍റ് എന്ന ചിത്രത്തിലൂടെയും പിന്നീട് കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ. കുമാര്‍ ആകണം എന്നീ ചിത്രങ്ങളിലൂടെയും. സലിം കുമാറിന്‍റെ കോമഡി പരിവേഷമുള്ള ഒരു നടന്‍ സംവിധായകനാവുന്നു എന്നതും കാണികളില്‍ കൗതുകം പകര്‍ന്ന കാര്യമാണ്. കറുത്ത ജൂതന്‍ എന്ന ചിത്രത്തിന് മികച്ച കഥയ്ക്കുള്ള 2016 ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആരോമലിനെയും ചന്തുവിനെയും ചേർത്തുപിടിച്ച് മുഖ്യമന്ത്രി, സുഹൃത്തിനെ അവസാനമായി കാണാൻ ഓടിയെത്തി വി.ഡി. സതീശൻ
'പേര് കേട്ടാൽ മുസ്ലീങ്ങളെ പോലെ, കൂടെ ഒരു കുമാർ കൂടി ചേർക്കൂവെന്ന് അധ്യാപകൻ'; 'ഞാൻ അങ്ങനെ വിശാല ഹിന്ദുവായി'; സലിംകുമാർ അന്ന് പറഞ്ഞത്