മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘ഓമി’ന്‍റെ അവസാന ഷെഡ്യൂൾ മലേഷ്യയിൽ ആരംഭിച്ചു.
മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടിയും അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം നസീറുദ്ദീന്‍ ഷായും ഉണ്ട് എന്നത് സിനിമാപ്രേമികളെ ആവേശഭരിതരാക്കുന്നുണ്ട്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെയും നസീറുദ്ദീന്‍ ഷായെയും ഒരുമിച്ച് കാണാം എന്നത് മലയാളി സിനിമാപ്രേമികളില്‍ കൗതുകം പകരുന്ന ഘടകമാണ്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ല്‍ എത്തിയ പൊന്തന്‍മാടയില്‍ നസീറുദ്ദീന്‍ ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഓമിന്‍റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ മലേഷ്യയില്‍ ആരംഭിച്ചു എന്നതാണ് അത്. ഐഎഎന്‍എസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മലേഷ്യന്‍ ഷെഡ്യൂള്‍ ഇന്നാണ് ആരംഭിച്ചത്. മലേഷ്യയില്‍ നിന്നുള്ള മമ്മൂട്ടിയുടെയും ധനുഷിന്‍റെയും ചിത്രങ്ങളും ധനുഷിന്‍റെ ചില വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മലേഷ്യന്‍ ഷെഡ്യൂളില്‍ മമ്മൂട്ടിക്ക് അഞ്ച് ദിവസത്തെ ചിത്രീകരണം മാത്രമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ധനുഷും നസീറുദ്ദീന്‍ ഷായും ഈ ഷെഡ്യൂള്‍ അവസാനിക്കുന്നത് വരെയും ഉണ്ടാവും.
8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഇത്. ചിത്രം രണ്ട് ഭാഗങ്ങളിലായാണ് വരുന്നത്. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. 2018 ൽ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. അതിലെ ഗംഭീര പ്രകടനത്തിന് വലിയ പ്രേക്ഷക, നിരൂപക പ്രശംസയും മമ്മൂട്ടി നേടിയിരുന്നു. തമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ നായകനായി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി. അത് കൊണ്ട് തന്നെ അദ്ദേഹം വീണ്ടും തമിഴിൽ എത്തുമ്പോൾ ആരാധകരുടെ ആവേശം വളരെ വലുതാണ്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്‍റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക. ഒക്ടോബര്‍ 16 ന് ആണ് ചിത്രത്തിന്‍റെ റിലീസ്.



