പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ രാജശേഖരൻ അന്തരിച്ചു.

ലയാള സിനിമയിൽ പോലീസ് വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടൻ രാജശേഖരൻ അന്തരിച്ചു. എൺപതുകൾ മുതൽ ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന അദ്ദേഹം, മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ പോലീസ് ഇൻസ്പെക്ടർ വേഷം കൈകാര്യം ചെയ്ത നടന്മാരിൽ ഒരാളാണ്. സിനിമാക്കാർക്കിടയിൽ 'എസ്‌.ഐ രാജശേഖരൻ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'രാജാവിന്റെ മകൻ', 'സന്ദർഭം', 'മുദ്ര', 'നായർ സാബ്', 'സേതുരാമയ്യർ സിബിഐ', 'താപ്പാന' തുടങ്ങിയ ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായി. 'സന്ദർഭ'ത്തിലെ പോലീസ് ഇൻസ്പെക്ടർ, 'രാജാവിന്റെ മകനി'ലെ ആഭ്യന്തര മന്ത്രിയുടെ സഹായിയായ സാബു, 'വഴിയോരക്കാഴ്ചകളി'ലെ ഡോക്ടർ, 'സേതുരാമയ്യർ സിബിഐ'യിലെ ജയിലർ രാജു എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷങ്ങളിൽ ചിലതാണ്. 

ഇവയ്ക്ക് പുറമെ 'നമ്പർ 20 മദ്രാസ് മെയിൽ', 'പാറശ്ശാല പാച്ചു പയ്യന്നൂർ പരമു' തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. സിനിമകൾക്ക് പുറമെ മിനിസ്ക്രീൻ രംഗത്തും സജീവമായിരുന്നു. നിരവധി ടെലിവിഷൻ സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്. 2015-ൽ തിയേറ്ററുകളിലെത്തിയ 'ഒരു സെക്കൻഡ് ക്ലാസ് യാത്ര' എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.