'ഇവിടെ എത്തുമെന്ന് പ്രതീക്ഷിച്ചതല്ല'; ബിഗ് ബോസിലെ മൂന്നാം സ്ഥാനത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ഡിംപല്‍

By Web TeamFirst Published Jul 25, 2021, 2:44 PM IST
Highlights

ഷോ നടന്ന ചെന്നൈ ഇവിപി ഫിലിം സിറ്റി തന്നെയായിരുന്നു ഗ്രാന്‍ഡ് ഫിനാലെയുടെയും വേദി

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മൂന്നാം സ്ഥാനം ലഭിച്ചതിന് പ്രേക്ഷകരോട് നന്ദി അറിയിച്ച് ഡിംപല്‍ ഭാല്‍. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയുടെ ചിത്രീകരണം ഇന്നലെ നടന്നിരുന്നു. വിജയികള്‍ക്ക് അഭിനന്ദവുമായി സോഷ്യല്‍ മീഡിയ ഫാന്‍ ഗ്രൂപ്പുകള്‍ സജീവമാണെങ്കിലും ഏഷ്യാനെറ്റിന്‍റെ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്ത മത്സരാര്‍ഥികളില്‍ ഡിംപല്‍ ഭാല്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ സ്ഥാനം സ്ഥിരീകരിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഡിംപലിന്‍റെ പ്രതികരണം.

"മൂന്നാമത്തെ പൊസിഷനില്‍ എന്നെ എത്തിച്ചതിന് നന്ദി. മൂന്നാംസ്ഥാനത്ത് എത്തുമെന്ന് ഞാന്‍ തീരെ വിചാരിച്ചതല്ല. അവിടം വരെ എന്നെ എത്തിച്ചതിന്, അവിടം വരെ എന്നെ സ്നേഹിച്ചതിന് നന്ദി, ഐ ലവ് യൂ", വീഡിയോയില്‍ ഡിംപല്‍ പറഞ്ഞു.

ഡിംപലിനെക്കൂടാതെ മണിക്കുട്ടന്‍, സായ് വിഷ്‍ണു, റംസാന്‍ മുഹമ്മദ്, കിടിലം ഫിറോസ്, റിതു മന്ത്ര, അനൂപ് കൃഷ്‍ണന്‍, നോബി മാര്‍ക്കോസ് എന്നിവരാണ് അവസാന എട്ടില്‍ ഇടംപിടിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ചെന്നൈയില്‍ നടന്നുവന്നിരുന്ന ബിഗ് ബോസ് 3 ചിത്രീകരണം 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ടൈറ്റില്‍ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാര്‍ തീരുമാനിച്ചതിന്‍റെ ഫലമായി അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചു. ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. ഗ്രാന്‍ഡ് ഫിനാലെ നടത്താനുള്ള സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നു പിന്നീട് നിര്‍മ്മാതാക്കള്‍, ഒപ്പം വിജയി ആരെന്നറിയാനുള്ള ആകാംക്ഷയില്‍ പ്രേക്ഷകരും. 

ഷോ നടന്ന ചെന്നൈ ഇവിപി ഫിലിം സിറ്റി തന്നെയായിരുന്നു ഗ്രാന്‍ഡ് ഫിനാലെയുടെയും വേദി. സാധാരണ ഏഷ്യാനെറ്റില്‍ ലൈവ് സംപ്രേഷണമാണ് ഗ്രാന്‍ഡ് ഫിനാലെയെങ്കില്‍ ഇത്തവണ അത് റെക്കോര്‍ഡഡ് സംപ്രേഷണമാണ്. ചിത്രീകരണം ഇന്നലെ നടന്ന ഫിനാലെയുടെ സംപ്രേഷണ തീയതി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നിരിക്കിലും ഓഗസ്റ്റ് 1, 2 തീയതികളില്‍ സംപ്രേഷണം നടക്കുമെന്നാണ് ലഭ്യമായ വിവരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!