നന്ദൂട്ടിയുടെ അമ്മ അഖിലയുടെ പ്രതികരണം.

സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ കുട്ടിത്താരമാണ് നന്ദൂട്ടി. അടുത്തിടെ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലേക്കും നന്ദൂട്ടി എത്തിയിരുന്നു. ലെച്ചുവിന്റെ മകൾ കല്ലുവായിട്ടാണ് നന്ദൂട്ടി ഉപ്പും മുളകിലേക്ക് എത്തിയത്. എല്ലാ പ്രോത്സാഹനങ്ങളും നൽകി ഒപ്പം നിൽക്കുന്നത് നന്ദൂട്ടിയുടെ മാതാപിതാക്കളായ അഖിലയും നിധിനുമാണ്. കഴിഞ്ഞ ദിവസമാണ് ഇവരുടെ കോസ്മെറ്റിക്സ് ബ്രാൻഡിന്റെ ഓഫ്‍ലൈൻ സ്റ്റോർ ഉദ്ഘാടനം ചെയ്തത്. കൺമണി എന്നാണ് ബ്രാൻഡിന്റെ പേര്. ഉപ്പും മുളകിലെ താരങ്ങളും ഉദ്ഘാടനത്തിന് എത്തിയിരുന്നു. ഇതിനിടെ മകളിലൂടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും തങ്ങളുടെ പുതിയ സ്ഥാപനത്തെക്കുറിച്ചുമെല്ലാം നന്ദൂട്ടിയുടെ അമ്മ അഖില സംസാരിച്ചിരുന്നു. ഭാഗ്യം ചെയ്ത അമ്മയാണ് താനെന്നും എങ്കിലും ഇടയ്ക്ക് ചില കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരാറുണ്ടെന്നും അഖില പറയുന്നു.

''ഞങ്ങളുടെ സ്ഥാപനം ഈ ഒരു ലെവൽ വരെ വളരാനുള്ള ഒരു കാരണം എന്റെ മകളാണ്. ഭാഗ്യം ചെയ്ത അമ്മയാണ് ഞാൻ. എന്റെ മകളാണ് എന്നെ ഈ നിലയിൽ എത്തിച്ചത്. ‍ അതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. കൺമണി എന്ന സ്ഥാപനം തുടങ്ങിയതും അവൾ കാരണമാണ്. മോളെ വെച്ച് ജീവിക്കുന്നുവെന്ന തരത്തിൽ ഒരുപാട് പേർ നെഗറ്റീവ് പറയാറുണ്ട്. മോള് മുഖേനയാണ് ഞങ്ങൾക്ക് ഇങ്ങനൊരു ബിസിനസ് തുടങ്ങാൻ കഴിഞ്ഞത്. ഏത് പ്രോഡക്ട് ഇറക്കിയാലും എന്റെ മോൾ ആയിരിക്കും അതിൽ മോഡൽ.

ഉപ്പും മുളകിലെ കല്ലുവിനെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളുടെ പ്രോഡക്ട്സ് കൂടുതലും വാങ്ങുന്നത്. നന്ദൂട്ടനെ കാണാൻ പറ്റുമോ സംസാരിക്കാൻ പറ്റുമോയെന്ന് ചോദിച്ച് ഞങ്ങൾക്ക് വരുന്ന ഫോൺകോളുകൾക്ക് കണക്കില്ല. അവൾ എനിക്ക് കിട്ടിയ നിധിയാണ്. ഇതിനേക്കാൾ വലിയൊരു ഭാഗ്യം എനിക്ക് കിട്ടാനില്ല'', എന്നായിരുന്നു അഖിലയുടെ പ്രതികരണം.