നിവിൻ പോളിയെ നായകനാക്കി പി.ആർ. അരുൺ സംവിധാനം ചെയ്ത 'ഫാർമ' വെബ് സീരീസ് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു.
നിവിൻ പോളി പ്രധാന കഥാപാത്രമായെത്തുന്ന 'ഫാർമ' വെബ് സീരീസ് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ്ങ് ആരംഭിച്ചു. കെ.പി വിനോദ് എന്ന കഥാപാത്രമായാണ് നിവിൻ പോളി സീരീസിലെത്തുന്നത്. താരത്തിന്റെ ക്യാരക്ടർ ഇൻട്രോ വീഡിയോയും ജിയോ ഹോട്ട്സ്റ്റാർ പങ്കുവച്ചിട്ടുണ്ട്.
തന്‍റെ ഇരുപതുകളില്‍ ഒരു മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് ആയി ജോലി ആരംഭിക്കുന്ന കേന്ദ്ര കഥാപാത്രത്തിലൂടെ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയിലെ അധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കുന്ന സിരീസ് ആണിത്. ഫാര്‍മയുടെ വേള്‍ഡ് പ്രീമിയര്‍ ഇന്ത്യയുടെ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ കഴിഞ്ഞ വർഷം നടന്നിരുന്നു.
ഫൈനല്‍സ് എന്ന ചിത്രമൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് പി ആര്‍ അരുണ്‍. പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍. അഗ്നിസാക്ഷിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു അദ്ദേഹത്തിന്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് ശ്രീജിത് സാരംഗ്.
ഫാര്‍മയുടെ ഭാഗമാവുന്നതില്‍ ഏറെ ആവേശമുണ്ടെന്നും ഉറപ്പായും പറയേണ്ട കഥയായാണ് തനിക്ക് തോന്നിയതെന്നും പ്രോജക്റ്റിനെക്കുറിച്ച് നിവിന്‍ പോളി പറഞ്ഞിരുന്നു. അഗ്നിസാക്ഷി പുറത്തിറങ്ങിയതിന്‍റെ 25-ാം വര്‍ഷം മലയാളത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതിന്‍റെ സന്തോഷമാണ് രജിത് കപൂറിന്. നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രോജക്റ്റ് എന്നാണ് ഫാര്‍മയെക്കുറിച്ച് സംവിധായകന്‍റെ പ്രതികരണം. താന്‍ ഹൃദയത്തോട് ഏറെ ചേര്‍ത്തുനിര്‍ത്തുന്ന ഒന്നാണ് ഇതെന്നും പി ആര്‍ അരുണ്‍ പറഞ്ഞിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളം സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ പുറത്തെത്തിയ രണ്ട് സീസണുകള്‍ക്കും മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചിരുന്നത്. ഇതില്‍ രണ്ടാമത്തെ സീസണായ ദി സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജുവിന് തിരക്കഥയൊരുക്കിയത് കിഷ്കിന്ധാ കാണ്ഡം, എക്കോ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുല്‍ രമേശ് ആയിരുന്നു.


