
തിരുവനന്തപുരം: കീരിക്കാടൻ ജോസ് എന്ന് അറിയപ്പെടുന്ന നടൻ മോഹൻരാജ് അവശനിലയിൽ ആശുപത്രിയിലാണെന്നും ചികിത്സാ ചെലവിനായി സാമ്പത്തിക സഹായം തേടുകയാണെന്നും സമൂഹമാധ്യമത്തിൽ പ്രചരിച്ചത് വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോയും വീഡിയോയും വൈറലായതിന് പിന്നാലെ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് പ്രതികരിച്ച് നടന്‍ ഇടവേള ബാബു രംഗത്തെത്തിയിരുന്നു. കാലിലെ വെരിക്കോസ് രോഗത്തിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമാക്കി മോഹൻരാജിന്‍റെ സഹോദരൻ പ്രേംലാലും രംഗത്തെത്തിയിരുന്നു. തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി.
ഇപ്പോഴിതാ, ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മോഹൻരാജിനെ സന്ദർശിച്ച നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരും ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് ശരിവയ്ക്കുകയാണ്. മോഹന്‍രാജിനെ കീരിക്കാടനാക്കിയ കിരീടത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് ദിനേശ് പണിക്കര്‍. ആശുപത്രിയിൽവച്ച് പകർത്തിയ മോഹന്‍രാജിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ട് അദ്ദേഹം വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ്.
കീരിക്കാടന് ആരിൽനിന്നും സാമ്പത്തിക സഹായം ആവശ്യമില്ലെന്നും രോഗം ഉടൻ ഭേദമായി വീണ്ടും സിനിമയിൽ കാണാൻ സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ദിനേശ് പണിക്കര്‍ കുറിച്ചു.
ദിനേശ് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:
കീരിക്കാടന്‍ ജോസ്, 1989ല്‍ ഞാന്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ ഒരിക്കലും മറക്കാനാകാത്ത വില്ലന്‍. ഇദ്ദേഹമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഗുരുതര രോഗം ബാധിച്ച് മോഹന്‍രാജ് ആശുപത്രിയിൽ വളരെ മോശം അവസ്ഥയിൽ കിടക്കുകയാണെന്നും അദ്ദേഹത്തിന് സാമ്പത്തിക സഹായം ആവശ്യമാണെന്നുമുള്ള തരത്തിൽ ആരോ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു.
ഞാൻ നിർമ്മിച്ച മൂന്ന് സിനിമകളിൽ (കിരീടം,ചെപ്പുകിലുക്കണ ചങ്ങാതി, സ്റ്റാലിന്‍ ശിവദാസ്) മോഹന്‍രാജ് അഭിനയിച്ചിട്ടുണ്ട്. എന്റെ അടുത്ത സുഹൃത്തെന്ന നിലയിക്ക് ഞാൻ ഇന്ന് അദ്ദേഹത്തെ പോയി കണ്ടിരുന്നു. ഒരുപാട് നേരം സംസാരിച്ചു. വെരിക്കോസ് വെയിനിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്. സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ മോഹന്‍രാജ് മടങ്ങിയെത്തുകയും ചെയ്യും.
Read More: അവശനിലയിൽ ആശുപത്രിയില്‍ എന്ന് വ്യാജ പ്രചാരണം; പരാതിയുമായി കീരിക്കാടൻ ജോസ്
അദ്ദേഹത്തെയും കുടുംബത്തെയും നന്നായി അറിയാവുന്ന ആളെന്ന നിലയ്ക്ക് എനിക്ക് ഉറപ്പു പറയാനാകും അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണ്. അദ്ദേഹത്തിന് ആരുടെയും സാമ്പത്തിക സഹായം ആവശ്യമില്ല. എന്റെ എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും കീരിക്കാടനൊപ്പം ഉണ്ടാകും. പൂര്‍ണ ആരോഗ്യത്തോടെ വീണ്ടും സിനിമയില്‍ കാണാന്‍ സാധിക്കട്ടെ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ