
അഭിനയവും സാമൂഹ്യപ്രവര്‍ത്തനവുമൊക്കെയായി സജീവമായ താരമാണ് സീമ ജി നായര്‍. അന്തരിച്ച നടി ശരണ്യയുടെ ചികിത്സക്കുള്ള ധനസഹായത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചതോടെയാണ് സീമ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായത്. എന്നാൽ അതിനു മുൻപും താൻ ഇങ്ങനെയുളള പ്രവർത്തനങ്ങൾ ചെയ്യുമായിരുന്നു എന്നും അതൊന്നും പുറത്തു പറഞ്ഞിരുന്നില്ല എന്നും സീമ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ ആലപ്പി അഷ്റഫിന്റെ വ്ളോഗും ശ്രദ്ധിക്കപ്പെടുകയാണ്.
'മലയാള സിനിമയിലെ മദർ തെരേസ' എന്നാണ് സീമ ജി നായരെ ആലപ്പി അഷ്റഫ് വിശേഷിപ്പിച്ചത്. ''സിനിമയിൽ നിന്നും കോടികൾ കൂമ്പാരം കൂട്ടി അതിന് മുകളിൽ അടയിരിക്കുന്ന ഒരുപാട് വ്യക്തികളെ എനിക്കറിയാം. മറ്റുള്ളവർക്ക് ഒരു കാലി ചായ വാങ്ങി കൊടുക്കുന്നതിൽ പോലും മടിയുള്ളവരാണ് ഇവർ. കള്ളപ്പണം കത്തിച്ച് കളഞ്ഞാലും കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഇക്കൂട്ടർ തയ്യാറാവില്ല. എന്നാൽ, പാവങ്ങളുടെ കണ്ണീര് തുടയ്ക്കുന്ന ഒരു മാലാഖയുണ്ട്. കാരുണ്യത്തിന്റെ രശ്മികൾ ചൊരിയുന്ന ആ വ്യക്തിയുടെ പേരാണ് സീമ ജി നായർ. സ്വന്തം അമ്മയിൽ നിന്നാണ് അഭിനയിക്കാനുള്ള കഴിവും സഹജീവികളെ സ്നേഹിക്കാനും സഹായിക്കാനുമുള്ള മനസും സീമയ്ക്ക് കിട്ടിയത്'', ആലപ്പി അഷ്റഫ് വീഡിയോയിൽ പറഞ്ഞു.
''എന്റെ സുഹൃത്തും കലാകാരനുമായ ബെന്നിക്ക് ഒരപകടത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. കൃത്രിമക്കാലിന് പണം കണ്ടെത്താനുള്ള സഹായം ചോദിച്ച് മുഖ്യമന്ത്രിക്ക് അടക്കം ബെന്നി കത്ത് അയച്ചിരുന്നു. പക്ഷേ ആരും സഹായിച്ചില്ല. അന്ന് ബെന്നിയെ സഹായിക്കാനെത്തിയത് സീമ ജി നായരാണ്.
സീരിയൽ നടി ശരണ്യയ്ക്ക് വേണ്ടി സീമ ജി നായർ സഹിച്ച ത്യാഗം ചരിത്രത്തിൽ എഴുതപ്പെടേണ്ടതു തന്നെയാണ്'', എന്നും ആലപ്പി ആഷ്റഫ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക