Pushpa : 'അല്ലു കൊലമാസ്, ഫാഹദിന്റെ പ്രകടനം ഗംഭീരം'; 'പുഷ്പ' ഡബ്ബിംഗ് പൂര്‍ത്തിയാക്കി ജിസ് ജോയ്

By Web TeamFirst Published Dec 8, 2021, 4:56 PM IST
Highlights

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ജിസ് ജോയ്. 

തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജ്ജുന്‍(Allu Arjun). ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ പ്രിയതാരം. അല്ലു അർജുന് മലയാളത്തിൽ ഡബ്ബിം​ഗ് ചെയ്യുന്നത് സംവിധായകൻ ജിസ് ജോയ്(Jis Joy) ആണ്. ഒരുഘട്ടത്തിൽ അല്ലുവിന്റെ യഥാർത്ഥ ശബ്ദം ഇതാണെന്ന് പോലും തെറ്റിദ്ധരിച്ചവരുമുണ്ട്. പുഷ്പ(Pushpa) എന്ന ബി​ഗ് ബജറ്റ് ചിത്രമാണ് താരത്തിന്റെതായി റിലീസ് കാത്തിരിക്കുന്ന സിനിമ. പതിവ് പോലെ പുഷ്പയുടെ മലയാളം ഡബ്ബിം​ഗ് പൂർത്തിയാക്കിയിരിക്കുകയാണ് ജിസ് ജോയ്. 

ജിസ് ജോയ് തന്നെയാണ് ഡബ്ബിം​ഗ് പൂർത്തിയായ വിവരം പങ്കുവച്ചത്. ‘അല്ലു കൊലമാസായായിട്ടുണ്ട്. ഫാഹദ് ഫാസിലിന്റെ പ്രകടനം ഗംഭീരം. പാട്ടും, ഡാന്‍സും, ഫൈറ്റും, കോമഡിയുമെല്ലാം മനോഹരം. കൊമേഴ്‌സ്യല്‍ ചേരുവകളെല്ലാം നന്നായി ചേര്‍ത്തിട്ടുണ്ട്. സിനിമയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷം,’  ജിസ് ജോയ് കുറിച്ചു.

തെലുങ്കു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആ​ദ്യഭാ​ഗം ഡിസംബര്‍ 17 ന് തിയറ്ററുകളില്‍ എത്തും. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്.  രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിച്ചത്. 

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. 

click me!