Latest Videos

ദൃശ്യം 2 തുടങ്ങുന്നു, ചിത്രീകരണം തൊടുപുഴയില്‍

By Web TeamFirst Published Jul 2, 2020, 12:36 PM IST
Highlights

മോഹൻലാലിന്റെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ചിത്രീകരണം തുടങ്ങുന്നു.

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രമായ ദൃശ്യം രണ്ട് ചിത്രീകരണം തുടങ്ങുന്നു. ഓഗസ്റ്റ് 17ന് തൊടുപുഴയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

കൊവിഡ് 19 സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളോടു കൂടിയാകും ചിത്രം ആരംഭിക്കുക. ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം രണ്ടും സംവിധാനം ചെയ്യുന്നത്. 2013ലെ ചിത്രത്തിന്റെ തുടര്‍ച്ചായാകും ചിത്രം. ക്രൈം ത്രില്ലര്‍ തന്നെയാകും ചിത്രമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമ.

ദൃശ്യം സിനിമയിലെ പുതിയ കഥാഗതിയെ കുറിച്ചുള്ള സൂചനകള്‍ ഒന്നും വന്നിട്ടില്ല.

മലയാളത്തില്‍ കോടി ക്ലബില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്‍തിരുന്നു. കമല്‍ഹാസനും വെങ്കടേഷുമൊക്കെ ഓരോ ഭാഷകളില്‍ നായകരായി.  കന്നഡയിലേക്ക് ദൃശ്യ എന്ന പേരില്‍ ആയിരുന്നു ചിത്രം റീമേക്ക് ആയി എത്തിയത്. പി വാസുവായിരുന്നു സംവിധാനം ചെയ്‍തത്. വി രവിചന്ദ്രൻ നായകനായപ്പോള്‍ നവ്യ നായര്‍ നായികയായി. ആശാ ശരത് കന്നഡയിലും അഭിനയിച്ചു. ഇളയരാജയായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രം കന്നഡയിലും വൻ ഹിറ്റായി. 2014 ജൂണ്‍ 20ന്  റിലീസ് ചെയ്‍ത ചിത്രത്തിലെ പ്രകടനത്തിന് രവിചന്ദ്രനും നവ്യ നായര്‍ക്കും വലിയ അഭിനന്ദനം ലഭിച്ചു. 100 ദിവസത്തിലധികം ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു.

ദൃശ്യത്തിന്റെ റീമേക്ക് വിജയം സിനിമയെ മറ്റ് ഭാഷകളിലേക്ക് എത്തിച്ചു.

തെന്നിന്ത്യയും കടന്ന് ദൃശ്യം ഹിന്ദിയിലുമെത്തി. നിഷികാന്ത് കമ്മത്ത് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ഹിന്ദിയിലും വൻ വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. അജയ് ദേവ്‍ഗണ്‍ നായകനായി. ശ്രിയ ശരണ്‍ നായികയും.

ദൃശ്യം  അതേപേരില്‍ തന്നെയാണ് തെലുങ്കില്‍ റിമേക്ക് ചെയ്‍ത് എത്തിയത്. ശ്രിപ്രിയ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. വെങ്കടേഷ് നായകനായി എത്തി മികച്ച പ്രകടനം നടത്തി. മീന തന്നെയാണ് തെലുങ്കിലും നായികയായത്. ആശാ ശരത്തിന്റെ വേഷത്തില്‍ നാദിയ അഭിനയിച്ചു. 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം തെലുങ്കിലും വിജയമായി.

തമിഴില്‍ പാപനാശം എന്ന പേരിലായിരുന്നു ദൃശ്യം റീമേക്ക് ചെയ്‍ത് എത്തിയത്. ജീത്തു ജോസഫ് തന്നെയായിരുന്നു സംവിധായകൻ. കമല്‍ഹാസനും ഗൗതമിയുമായിരുന്നു നായകനും നായികയും. നിവേദയും എസ്‍തറും മക്കളായി അഭിനയിച്ചു. തമിഴിലും ചിത്രം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു.

ടിവി കേബിള്‍ ഓപ്പറേറ്ററായ ജോര്‍ജുകുട്ടിയുടെ കഥയായിരുന്നു ദൃശ്യം പറഞ്ഞത്.  ചതിക്കാൻ ശ്രമിക്കുന്ന, അപമാനിക്കാൻ ശ്രമിക്കുന്ന യുവാവിനെ ജോര്‍ജുകുട്ടിയുടെ മകള്‍ അഞ്‍ജു കൊല്ലുന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവിനെ അഞ്‍ജു കൊല്ലുന്നത്. തന്റെ കുടുംബത്തിന് നേരെ വന്ന ശത്രുവിനെ കൊന്ന കാര്യം ജോര്‍ജുകുട്ടി മറ്റാരും അറിയാതിരിക്കാൻ ശ്രമിക്കുന്നു. ബുദ്ധിമാനായ ജോര്‍ജുകുട്ടി അതില്‍ വിജയിക്കുകയും ചെയ്യുന്നു. ഒരു ഫാമിലി ത്രില്ലര്‍ ചിത്രമായി എത്തിയ ദൃശ്യം തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി. മോഹൻലാല്‍ നായകനായപ്പോള്‍ മീന നായികയായി. അൻസിബയും എസ്‍തറും മക്കളായി. ആശാ ശരത്, സിദ്ദിഖ് എന്നിവരും മികച്ച കഥാപാത്രങ്ങളുമായി.  2013ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ആദ്യമായി അമ്പത് കോടിയിലധികം കളക്ഷൻ നേടിയ മലയാള ചിത്രവുമായി. ജീത്തു ജോസഫ് ഏറ്റവും ശ്രദ്ധ നേടിയ സംവിധായകനുമായി. സിനിമ വീണ്ടും വരുമ്പോള്‍ പ്രേക്ഷകര്‍ വലിയ ആകാംക്ഷയിലുമാണ്.

click me!