
തുടർച്ചയായി നടി അൻസിബ ഹസനെതിരെ വിദ്വേഷപരവും വർഗീയപരവുമായ പരാമർശങ്ങൾ നടത്തുന്ന ലക്ഷ്മി പ്രിയയോട് ചോദ്യങ്ങളുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സോഷ്യല്‍ മീഡിയ നിങ്ങളെ കടന്നാക്രമിക്കുന്നതിന് കാരണക്കാരി നിങ്ങൾ തന്നെയല്ലേ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞണം കാണിക്കുന്നത് പോലെ നിങ്ങള്‍ അന്‍സിബയെ കുറിച്ച് പുതിയ കുറേ കഥകള്‍ ഇറക്കുകയാണെന്നും അവർ മദ്യപിച്ചാലും ഒരു പുരുഷനുമായി ബന്ധമുണ്ടെങ്കിലും ലക്ഷ്മി പ്രിയയ്ക്ക് എന്താണ് പ്രശ്നമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ
ലക്ഷ്മി പ്രിയ.. കുറച്ചു നാളുകളായിട്ട് സോഷ്യല്‍ മീഡിയ നിങ്ങളെ കടന്നാക്രമിക്കുന്നത് കണ്ട് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് ഞാന്‍ ഇന്ന് സംസാരിക്കുന്നത്. ഇങ്ങനെ കടന്നാക്രമിക്കാനുള്ള കാരണക്കാരി ആരാണ്? നിങ്ങള് തന്നെയല്ലേ? നിങ്ങള് തന്നെ ഒരു വടി കൊടുത്തിട്ട് എന്നെ അടിക്ക് എന്ന് പറയുന്നത് പോലെയല്ലേ? നിങ്ങള്‍ എന്താണ് പറയുന്നത് എന്ന് നിങ്ങള്‍ക്ക് തന്നെ യാതൊരു ബോധവും ഇല്ലാതെയാണ് സംസാരിക്കുന്നത്. നിങ്ങളുടെ സംഘടനയ്ക്കുള്ളില്‍, നിങ്ങളുടെ കമ്മിറ്റിയും അന്‍സിബയും തമ്മില്‍ ഒരു വലിയ പ്രശ്നമുണ്ടായി. പലപലപല പ്രശ്നങ്ങളുണ്ടായി. അവര്‍ നിങ്ങളോട് പറഞ്ഞു. നിങ്ങളാരും അത് ഗൗരവത്തില്‍ എടുത്തില്ല. വളരെ നിസാരമായി അതിനെ തള്ളിക്കളഞ്ഞു. അവര്‍ അവര്‍ക്ക് പറയാനുള്ളത് പുറം ലോകത്തോട് വന്ന് പറഞ്ഞു. ഈ പുറംലോകത്ത് വന്ന് പറയുമ്പോള്‍, എവിടെയെങ്കിലും ഒരിടത്ത്, അവര്‍ രാജിവച്ച് ഇറങ്ങിയപ്പോള്‍, നിങ്ങള്‍ ആരെയെങ്കിലും കുറിച്ച് അവര്‍ മോശമായൊരു പരാമര്‍ശം നടത്തിയോ? വ്യക്തിഹത്യ നടത്തിയോ?
ജനറല്‍ ബോഡിയില്‍ വച്ച് അവര്‍ക്ക് പറയാനുള്ളത് അവര്‍ തെളിവ് സഹിതം പറഞ്ഞു. നിങ്ങളെല്ലാവര്‍ക്കും ഉത്തരം മുട്ടി. രാജിവച്ച് പുറത്ത് പോയി. അതിന് ശേഷം ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞണം കാണിക്കുന്നത് പോലെ നിങ്ങള്‍ അന്‍സിബയെ കുറിച്ച് പുതിയ കുറേ കഥകള്‍ ഇറക്കുന്നു. അതും വളരെ മോശമായ കഥകള്‍. ഒരു പെണ്‍കുട്ടിയെ കുറിച്ച് പറയാന്‍ പാടില്ലാത്ത കഥകള്‍. അവള്‍ മദ്യപിക്കും, ഞാന്‍ മദ്യം ഒഴിച്ച് കൊടുത്തിട്ടുണ്ട്, ഒരു പയ്യനുമായിട്ട് ബന്ധം... ഇതൊക്കെ ഉണ്ടെങ്കില്‍ തന്നെ എന്താ പ്രശ്നം. അന്‍സിബ മദ്യപിക്കുകയോ ഒരു പയ്യനുമായി അടുപ്പമുണ്ടെങ്കിയോ അതവരുടെ സ്വകാര്യ കാര്യം. അതും നിങ്ങളുടെ എഎംഎംഎ എന്ന സംഘടനയുമായിട്ട് എന്താണ് ബന്ധം? അതാണോ നിങ്ങളുടെ പ്രശ്നം? എന്തിനാണ് ഒരു പെണ്ണിനെ കുറിച്ച് മറ്റൊരു പെണ്ണായ നിങ്ങള്‍ ഇങ്ങനെ ഇരുന്ന് പരദൂഷണം പറയുന്നത് ലക്ഷ്മി പ്രിയ ? അതുകൊണ്ടല്ലേ നിങ്ങള്‍ സമൂഹത്തിന് മുന്നില്‍ ഒരു പരിഹാസ്യയാകുന്നത് ?
ദയവ് ചെയ്ത് ഇനിയെങ്കിലും ഇതൊന്ന് നിര്‍ത്തു. നിങ്ങള്‍ക്ക് അന്‍സിബയുടെ അഭിപ്രായത്തോട് എതിരുണ്ടെങ്കില്‍ അത് കോടതി മുഖാന്തിരം സംസാരിക്കൂ. തെളിവെല്ലാം കയ്യിലുണ്ടെങ്കില്‍ കോടതി വഴി സംസാരിക്കൂ. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് ഒരു പെണ്‍കുട്ടിയെ കുറിച്ച് ഓരോ കഥകള്‍ ഇറക്കി വിടരുത്. ഉള്ളതോ ഇല്ലാത്തതോ എന്തോ ആയിക്കോട്ടേ. ഒരാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഇത്തരം പരാമര്‍ശം നടത്തുമ്പോള്‍ 2026ല്‍ ആരും ആ പെണ്‍കുട്ടിയെ തെറ്റിദ്ധരിക്കില്ല. ആ കാലമൊക്കെ കടന്നു പോയി. അത്തരം കുലസ്ത്രീ പരിവേഷമൊക്കെ എന്നേ കടന്ന് സ്ത്രീകള്‍ ഒരുപാട് മുന്നോട്ട് വന്നു. ദയവ് ചെയ്ത് ലക്ഷ്മി പ്രിയ അത് മനസിലാക്കൂ.
അന്‍സിബയോട് സംസാരിക്കണം എന്നുണ്ടെങ്കില്‍, സംഘടനാപരമായ കാര്യങ്ങള്‍ അഭിമുഖത്തിലൂടെയോ സോഷ്യല്‍ മീഡിയയിലൂടേയോ സംസാരിക്കൂ. അല്ലാതെ അന്‍സിബയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് നിങ്ങള്‍ സംസാരിക്കരുത്. അതിനുള്ള അധികാരം നിങ്ങള്‍ക്കില്ല. അത് സംസാരിക്കുന്തോറും സമൂഹത്തിന് മുന്നില്‍ നിങ്ങള്‍ പരിഹാസ്യയാകും. സമൂഹം നിങ്ങളെ ആക്രമിച്ച് കൊണ്ടേയിരിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ