Etharkkum Thunindhavan : തിയറ്ററുകളിലേക്ക് വീണ്ടും സൂര്യ; എതര്‍ക്കും തുനിന്തവന്‍ ബുക്കിംഗ് തുടങ്ങി

Published : Mar 07, 2022, 12:10 PM IST
Etharkkum Thunindhavan : തിയറ്ററുകളിലേക്ക് വീണ്ടും സൂര്യ; എതര്‍ക്കും തുനിന്തവന്‍ ബുക്കിംഗ് തുടങ്ങി

Synopsis

Etharkkum Thunindhavan. രണ്ടര വര്‍ഷത്തിനു ശേഷം തിയറ്ററുകളില്‍ എത്തുന്ന സൂര്യ ചിത്രം

കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ നേട്ടമുണ്ടാക്കിയ നടനാണ് സൂര്യ (Suriya). തിയറ്ററുകളില്‍ സമീപകാല ചിത്രങ്ങളില്‍ ഭൂരിഭാഗവും പരാജയമായിരുന്നെങ്കിലും സൂര്യയുടെ തുടര്‍ച്ചയായ രണ്ട് ഒടിടി റിലീസുകള്‍ പ്രേക്ഷകപ്രീതി നേടി. സുധ കൊങ്കരയുടെ സംവിധാനത്തിലെത്തിയ സൂരറൈ പോട്രും ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‍ത ജയ് ഭീമും ആയിരുന്നു ഈ ചിത്രങ്ങള്‍. ഇപ്പോഴിതാ രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു സൂര്യ ചിത്രം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. പാണ്ഡിരാജിന്‍റെ സംവിധാനത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ എതര്‍ക്കും തുനിന്തവന്‍ ആണ് ഈ ചിത്രം. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് അറിയിച്ചു. മാര്‍ച്ച് 10ന് ആണ് ചിത്രത്തിന്റെ റിലീസ്.

പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.

അതേസമയം കൊവിഡ് മൂന്നാം തരംഗത്തിനു ശേഷം തമിഴ്നാട്ടിലെ തിയറ്ററുകളെ സജീവമാക്കിയത് അജിത്ത് കുമാര്‍ നായകനായ വലിമൈ ആയിരുന്നു. ഒരു അജിത്ത് കുമാര്‍ ചിത്രവും തിയറ്ററുകളില്‍ എത്തുന്നത് രണ്ടര വര്‍ഷത്തിനു ശേഷമാണ്. സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകരിൽ നിന്ന് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനകം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്.

ആദ്യദിനം തമിഴ്നാട്ടില് നിന്നു മാത്രം ലഭിച്ചത് 34.12 കോടി ആയിരുന്നു. ചെന്നൈ ന​ഗരത്തില് നിന്ന് മാത്രം 1.82 കോടിയും! അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തിയ ചിത്രം തമിഴിനു പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തിയിരുന്നു. കേരളമുള്‍പ്പെടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ആ​ഗോള ബോക്സ് ഓഫീസിലെ കളക്ഷനാണ് ഇത്. അജിത്തിന്‍റെ കരിയറിലെ ഏറ്റവും വേ​ഗത്തിലുള്ള 100 കോടി നേട്ടവുമാണ് ഇത്. പ്രീ-റിലീസ് ബിസിനസ് കൊണ്ടുതന്നെ ടേബിള്‍ പ്രോഫിറ്റ് ഉണ്ടാക്കിയ ചിത്രവുമാണിത്. തമിഴ്നാട്ടിലെ വിതരണാവകാശം കൊണ്ടുമാത്രം ചിത്രം 62 കോടി നേടിയിരുന്നു. കേരളത്തില്‍ നിന്ന് 3.5 കോടിയും കര്‍ണ്ണാടകയില്‍ നിന്ന് 5.5 കോടിയുമാണ് ഈയിനത്തില്‍ ലഭിച്ചത്. ഹിന്ദി പതിപ്പിന് 2 കോടിയും വിദേശ മാര്‍ക്കറ്റുകളിലെ വിതരണാവകാശത്തിന് മറ്റൊരു 16 കോടിയും ലഭിച്ചിരുന്നു. റീലീസിന് മുന്‍പ് ലഭിച്ച ടേബിള്‍ പ്രോഫിറ്റ് 11 കോടിയായിരുന്നു.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ