
ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രം ഹേയ് സിനാമികയുടെ (Hey Sinamika) സ്നീക്ക് പീക്ക് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. ദുല്‍ഖറും നായികമാരില്‍ ഒരാളായ അദിതി റാവു ഹൈദരിയും പ്രത്യക്ഷപ്പെടുന്ന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍ മറ്റൊരു നായിക. സംഭാഷണ പ്രിയനായ യാഴന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. യാഴന്‍റെ ഭാര്യ മൗനയായി അദിതിയും എത്തുന്നു. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ആദ്യ ചിത്രത്തിലെ നായകനെക്കുറിച്ച് ആലോചിച്ചപ്പോള്‍ത്തന്നെ ദുല്‍ഖറിന്‍റെ മുഖമാണ് തന്‍റെ മനസില്‍ തെളിഞ്ഞതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ ബൃന്ദ മാസ്റ്റര്‍ പറഞ്ഞിരുന്നു. ഇഷ്‍ട നടൻ ദുൽഖർ ആണ്. മദൻ എന്നോട് ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ മനസ്സിൽ തെളിഞ്ഞ മുഖം ദുൽഖറിന്റേത് തന്നെയാണ്. ദുൽഖർ 'യാഴനാ'യി എത്തിയാൽ നന്നായിരിക്കുമെന്ന് എല്ലാവരും പറഞ്ഞു. അങ്ങനെയാണ് കഥ പറയുന്നത്. അഭിനയിക്കാൻ താൻ തയ്യാറാണെന്ന് ദുൽഖർ പറഞ്ഞതോടെ ഞാൻ ഹാപ്പിയായി. നിരവധി സിനിമകളിൽ ഞാൻ കൊറിയോഗ്രാഫി ചെയ്‍തിട്ടുണ്ടെങ്കിലും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനെ പോലൊരു നടൻ അഭിനയിച്ചതിൽ ഏറെ സന്തോഷം തോന്നുന്നു. സെറ്റിലെല്ലാം ഞങ്ങൾ ഒരു ഫാമിലിയെ പോലെയായിരുന്നു. രസകരമായ ഒരുപാട് നിമിഷങ്ങൾ ഉണ്ടായി. നന്നായി ഡാൻസ് ചെയ്യുന്ന ആളാണ് ദുൽഖർ. യഥാർത്ഥത്തിൽ ഒരു സ്റ്റൈലിഷ് ഡാൻസറാണ് ദുൽഖർ. ഡാൻസ് കളിക്കുക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ശൈലിയിൽ നിന്നും അത് വ്യക്തമാണ്, ബൃന്ദ മാസ്റ്റര്‍ പറഞ്ഞു.
ദുല്‍ഖര്‍, പ്രണവ്, പൃഥ്വിരാജ്, 'ഹേയ് സിനാമിക'; ബൃന്ദ മാസ്റ്റര്‍ അഭിമുഖം
നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്‍, കോതണ്ഡ രാമന്‍, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടന്‍, ജെയിന്‍ തോംപ്‍സണ്‍, രഘു, സംഗീത, ധനഞ്ജയന്‍, യോഗി ബാബു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാണം ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ് ആണ്. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും മദന്‍ കാര്‍ക്കിയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍, എഡിറ്റിംഗ് രാധ ശ്രീധര്‍, കലാസംവിധാനം എസ് എസ് മൂര്‍ത്തി, സെന്തില്‍ രാഘവന്‍. കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ നേടിയ മികച്ച വിജയത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന ദുല്‍ഖറിന്‍റെ തമിഴ് ചിത്രം എന്നതായിരുന്നു കോളിവുഡിന് ഈ പ്രോജക്റ്റിന്മേലുള്ള കൗതുകം.
അതേസമയം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ആണ് ദുല്‍ഖറിന്‍റേതായി ഇനി പുറത്തെത്താനുള്ള ചിത്രം. നേരത്തേ തിയറ്റര്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം ഒടിടി റിലീസിലേക്ക് മാറിയിട്ടുണ്ട്. സോണി ലിവിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.