
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകർ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കുമെതിരെ നടപടിയെടുത്ത് ഫെഫ്ക. ഇരുവരെയും സസ്പെന്‍ഡ് ചെയ്തതായി ഡയറക്ടേഴ്സ് യൂണിയൻ അറിയിച്ചു. കേസ് അന്വേഷണ പുരോഗതി അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ലഹരിയിൽ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ നേരത്തെ അറിയിച്ചിരുന്നു.
ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പ്രശസ്ത സംവിധായകരടക്കം മൂന്ന് പേരാണ് കൊച്ചിയില്‍ അറസ്റ്റിലായത്. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവർക്ക് പുറമെ ഷാലിഫ് മുഹമ്മദ് എന്ന ആളും അറസ്റ്റിലായി. അർധരാത്രി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ കണ്ടെടുത്തു. അളവ് കുറവായതിനാൽ അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആലപ്പുഴ ജിംഖാന, തല്ലുമാല സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന.
ഇരുവര്‍ക്കുമെതിരെ നടപടി വന്നെങ്കിലും ഓരോ കേസും പുറത്ത് വരുമ്പോൾ ഉള്ള നടപടി പ്രഖ്യാപനങ്ങൾക്കപ്പുറം സിനിമ മേഖലയിലെ ലഹരി ഇല്ലാതാക്കാൻ സംഘടനകൾ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം ശക്തമാവുകയാണ്. സിനിമാ സെറ്റുകളിൽ അടക്കം ലഹരി പരിശോധന കർക്കശമാക്കാനുള്ള സർക്കാർ തീരുമാനം വന്നപ്പോൾ അതിനെതിരെ രംഗത്ത് വന്നതും ഇതേ സിനിമാ സംഘടനകൾ തന്നെ. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഷൈൻ ടോം ചാക്കോയ്ക്ക് വീണ്ടും ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ച സിനിമ സംഘടനകളുടെ നടപടിയും പുതിയ സാഹചര്യത്തിൽ കൂടുതൽ വിമർശന വിധേയമാവുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം