നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച എല്ലാവർക്കും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി രേഖപ്പെടുത്തി.
അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയവരെ ഓർത്ത് മോഹൻലാൽ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തികൊണ്ട് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചു.
"എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന." മോഹൻലാൽ കുറിച്ചു.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തകുമാരിയുടെ വിയോഗം.തിരുവനന്തപുരം പൂജപ്പുര മുടുവൻമുകളിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും സിനിമാ ലോകത്തെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വാത്സല്യനിധിയായ അമ്മ ആയിരുന്നു. മുടവൻമുകളിലെ വീട്ടിൽ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയവർക്ക്, അമ്മയും മകനും തമ്മിലുള്ള സ്നേഹത്തിന്‍റെയും മകന്‍റെ കൂട്ടുകാർക്ക് നൽകിയ കരുതലിന്‍റെയും ഓർമ്മകളാണ് പറയാനുണ്ടായിരുന്നത്.



