
കല്യാണി പ്രിയദർശൻ നായികയായി എത്തിയ 'ലോക' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഡൊമിനിക് അരുൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർഹീറോ ചിത്രം കൂടിയാണ് ലോക. കല്യാണിയുടെയും നസ്ലെന്റെയും സാൻഡിയുടെയും പ്രകടനത്തോടൊപ്പം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു കഥാപാത്രമായിരുന്നു ചന്തു സലിംകുമാർ അവതരിപ്പിച്ച വേണു എന്ന കഥാപാത്രം. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷം ചന്തുവിന്റെ കരിയറിലെ മികച്ച കഥാപാത്രത്തിൽ ഒന്ന് കൂടിയായി മാറിയിരിക്കുകയാണ് ലോകയിലെ വേണു.
എന്നാൽ ഇപ്പോഴിതാ സിനിമയിലേക്ക് എത്തിപ്പെട്ട തന്റെ വഴികളെ കുറിച്ച് സംസാരിക്കുകയാണ് ചന്തു. ചെറുപ്പം മുതൽ രൂപത്തിന്റെയും നിറത്തിന്റെയും പേരിൽ താൻ ഒരുപാട് കളിയാക്കലുകൾ നേരിട്ടുണ്ടെന്നാണ് ചന്തു പറയുന്നത്. ആദ്യമായി തന്നെ കാണാൻ കൊള്ളാം എന്ന് പറഞ്ഞത് കോളജിൽ ഉണ്ടായിരുന്നപ്പോൾ പ്രണയിച്ച കുട്ടിയായിരുന്നുവെന്നും അവൾ നൽകിയ ആത്മവിശ്വാസം വലുതായിരുന്നുവെന്നും ചന്തു ഓർത്തെടുക്കുന്നു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചന്തുവിന്റെ പ്രതികരണം.
"ചെറുപ്പത്തില്‍ രൂപത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് ഞാൻ. കാണാന്‍ കൊള്ളില്ല എന്ന് കേട്ട് വളര്‍ന്ന ഒരാളായതിനാൽ നടനാകാന്‍ കഴിയില്ലെന്നാണ് കരുതിയത്. നടനാകാന്‍ സൗന്ദര്യം വേണം എന്നൊരു ചിന്തയുണ്ട്. അത് കേട്ടാണ് വളര്‍ന്നാണ്. നടനാകണാമെന്ന് പറയുമ്പോള്‍ തമിഴ് സിനിമയില്‍ ഭാവിയുണ്ട് എന്നാണ് പറയുക, അത് ഞാന്‍ രക്ഷപ്പെടണം എന്നു കരുതി പറയുന്നതല്ല. കറുത്തവനാണ്, കറുത്തവര്‍ തമിഴ് സിനിമയിലാണ് വരേണ്ടത് എന്നൊരു പൊതുബോധത്തിന്റെ ഭാഗമാണ്
ഇത്തരം കാര്യങ്ങളിലൂടെ വളര്‍ന്നു വന്നൊരാള്‍ ആയതിനാല്‍ നടനാകാന്‍ പറ്റും എന്നൊരു ചിന്തയുണ്ടായിരുന്നില്ല. കണ്ണാടിയിലൊക്കെ നോക്കി അഭിനയിച്ചു നോക്കുമ്പോഴും ഇതെല്ലാം കേട്ട് വളര്‍ന്നതിനാല്‍ എനിക്ക് ഒരിക്കലും തൃപ്തി ലഭിച്ചിരുന്നില്ല. എങ്ങനെയൊക്കെ കരഞ്ഞാലും കാണാന്‍ കൊള്ളില്ല. എനിക്ക് എന്നെ കാണാന്‍ ഇഷ്ടമല്ലാതായി. അങ്ങനൊരു ഘട്ടത്തിലാണ് കോളജില്‍ വച്ച് ആദ്യമായൊരു പ്രണയമുണ്ടാകുന്നത് ആദ്യമായി എന്നെ കാണാന്‍ കൊള്ളാം എന്ന് പറയുന്നത് ആ കുട്ടിയാണ്. അത് കേട്ടപ്പോള്‍ ആത്മവിശ്വാസം തോന്നി. പ്രണയിക്കുന്നവര്‍ അങ്ങോട്ടും ഇങ്ങോട്ടും കാണാന്‍ കൊള്ളാമെന്ന് പറയുമല്ലോ. എങ്കിലും അതൊരു ആത്മവിശ്വാസം നല്‍കി. സിനിമയില്‍ അഭിനയിച്ചാല്‍ നന്നാകുമെന്ന് ആദ്യമായി പറയുന്നത് ആ കുട്ടിയാണ്.
കോളജില്‍ പഠിക്കുമ്പോള്‍ എന്റെ ആഗ്രഹം ഓസ്‌കര്‍ വാങ്ങണമെന്നായിരുന്നു. അതിനായി സ്‌ക്രീന്‍ റൈറ്റിങ് പഠിക്കാനാണ് ലിറ്ററേച്ചര്‍ എടുത്തത് എന്നായിരുന്നു പറഞ്ഞിരുന്നത്. സാധാരണ ഞാന്‍ ഓസ്‌കര്‍ എന്ന് പറയുമ്പോള്‍ എല്ലാവരും ചിരിക്കും. പക്ഷെ ആ കുട്ടി മാത്രം ചിരിച്ചില്ല. ഒരു ദിവസം കിട്ടും എന്നൊരു വിശ്വാസം തന്നു. എന്റെ ജീവിതത്തില്‍ അമ്മയ്ക്ക് ശേഷം എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ആ കുട്ടി" ചന്തു പറയുന്നു.
അതേസമയം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതിയോടെ എത്തിയ ലോക കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് ലോക. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം ലോക സ്വന്തമാക്കിയത്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കൂടാതെ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവരും കാമിയോ റോളിൽ ചിത്രത്തിലെത്തുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ