
മുംബൈ: 'യൂഫോറിയ', 'ദി വൈറ്റ് ലോട്ടസ്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് നടി സിഡ്‌നി സ്വീനി ഉടൻ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ നടിക്ക് ഒരു ഓഫർ ലഭിച്ചതായി 'സൺ' റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, 28 വയസുള്ള നടിക്ക് ഒരു നിർമ്മാണ കമ്പനി 530 കോടി രൂപയിലധികം വരുന്ന ഒരു ഓഫർ നൽകിയിട്ടുണ്ട്. ഈ ഓഫർ സ്വീകരിച്ചാൽ, അവർ ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി മാറും. ഇത് ഹോളിവുഡിൽ നിന്ന് ബോളിവുഡിലേക്കുള്ള ഒരു വലിയ മാറ്റമായിരിക്കും.
ഈ കരാറിൽ പ്രതിഫലവും സ്പോൺസർഷിപ്പ് കരാറുകളും ഉൾപ്പെടുന്നു. "35 ദശലക്ഷം പൗണ്ട് (ഏകദേശം 415 കോടി രൂപ) പ്രതിഫലവും 10 ദശലക്ഷം പൗണ്ട് (ഏകദേശം 115 കോടി രൂപ) സ്പോൺസർഷിപ്പ് കരാറുകളും ഈ കരാറിൽ ഉൾപ്പെടുന്നു. സിഡ്‌നിയുടെ താരമൂല്യം സിനിമയെ അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ സിനിമയിൽ, ഒരു ഇന്ത്യൻ സെലിബ്രിറ്റിയുമായി പ്രണയത്തിലാകുന്ന ഒരു യുവ അമേരിക്കൻ താരത്തിന്റെ വേഷമാണ് നടി അവതരിപ്പിക്കുക. 2026ന്‍റെ തുടക്കത്തിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ന്യൂയോർക്ക്, പാരീസ്, ലണ്ടൻ, ദുബായ് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. തുടക്കത്തിൽ സിഡ്‌നി ഈ ഓഫറിൽ ഞെട്ടിപ്പോയിരുന്നു. 45 ദശലക്ഷം പൗണ്ട് എന്നത് വലിയൊരു തുകയാണ്. പക്ഷേ, ഈ സിനിമ കൗതുകമുണർത്തുന്നതാണ്. ഇത് അവരുടെ അന്താരാഷ്ട്ര പ്രശസ്തി വർധിപ്പിക്കാൻ സഹായിക്കും. ഇന്ത്യൻ ചലച്ചിത്രമേഖല ശക്തവും വളർന്നുകൊണ്ടിരിക്കുന്നതുമാണ്, കൂടാതെ ഈ സിനിമയിലൂടെ ലോക മാർക്കറ്റിലേക്ക് എത്തുന്നതിനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നതെന്ന് നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
ഇതുവരെ താരം ഒന്നും തീരുമാനിച്ചിട്ടില്ല. പക്ഷേ, ഇത് വലിയൊരു അവസരമാണ്. പണം മാത്രമല്ല എല്ലാം, അവർക്ക് നിരവധി പ്രോജക്റ്റുകൾ വരാനുണ്ട്. എങ്കിലും ഇതൊരു നടിയെന്ന നിലയിൽ അവരെ പുതിയ തലങ്ങളിലേക്ക് എത്തിച്ചേക്കാം എന്നും വൃത്തങ്ങൾ കൂട്ടിച്ചേര്‍ത്തു. ഈ റിപ്പോർട്ടിനെക്കുറിച്ച് നടിയുടെ പ്രതിനിധികൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസ് പ്രോ-ഫൈറ്റർ ക്രിസ്റ്റി മാർട്ടിന്‍റെ വേഷം അവതരിപ്പിക്കുന്ന 'ക്രിസ്റ്റി'യാണ് സിഡ്‌നിയുടെ അടുത്ത ചിത്രം. നവംബർ ഏഴിനാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. സിഡ്‌നി അഭിനയിച്ച 'ദി ഹൗസ്മെയ്ഡ്' ഡിസംബർ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ