‘സഹജീവികൾക്ക് കൂടി കൈ കൊടുക്കൂ, അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്ക്കൂ'; ഹരീഷ് പേരടി

By Web TeamFirst Published Apr 26, 2021, 5:14 PM IST
Highlights

കൊവിഡ് വാക്സീൻ സൗജന്യമായി നൽകാനുള്ള നടപടിയിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹരീഷ് പേരടി കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവർക്കും കഴിയുന്ന സംഭാവനകൾ നൽകണമെന്ന് നടൻ ഹരീഷ് പേരടി. പുതിയ കാലത്തിലെ പുതിയ മനുഷ്യരാകാൻ സഹജീവികൾക്കുകൂടി കൈ കൊടുക്കുക. അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്ക്കണമെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു. 

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്കാരത്തോടും പാരമ്പര്യത്തോടും ഒപ്പം ചേർന്ന് ഫോട്ടോയെടുക്കാൻ നല്ല രസാ ...പക്ഷെ ജീവിക്കുന്ന കാലത്തോടൊപ്പം ചേർന്ന് യാത്ര ചെയ്യാൻ ശാസ്ത്ര വേഗത സ്വീകരിച്ചേ മതിയാവു...നിങ്ങളുടെ സമയം വരുമ്പോൾ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിനേഷൻ സ്വീകരിക്കുക...പുതിയ കാലത്തിലെ പുതിയ മനുഷ്യരാകാൻ സഹജീവികൾക്കുകൂടി കൈ കൊടുക്കുക...അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്ക്കുക...

കൊവിഡ് വാക്സീൻ സൗജന്യമായി നൽകാനുള്ള നടപടിയിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹരീഷ് പേരടി കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. മുഖ്യമന്ത്രി കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചുവെന്നായിരുന്നു ഹരീഷ് കുറിച്ചത്. 

വാക്സീൻ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് സംസ്ഥാനങ്ങളോട്  കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെയാണ് എന്തു വന്നാലും കേരളത്തിൽ വാക്സീൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്.  പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണ് നടന്നത്. സമീപകാലത്ത് കാര്യമായ സംഭാവനകൾ എത്താതെ ഉറങ്ങിക്കിടന്നിരുന്ന ദുരിതാശ്വസ നിധിയിലേക്കങ്ങനെ യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ പണം ഒഴുകിത്തുടങ്ങുകയായിരുന്നു.

click me!