
നിര്‍മ്മിക്കുന്ന സിനിമകളുടെ നിലവാരം കൊണ്ട് പ്രേക്ഷകരുടെ കാഴ്ചപ്പാടില്‍ മിനിമം ഗ്യാരന്‍റി ഉള്ള ബാനര്‍ ആണ് മമ്മൂട്ടി കമ്പനി. ഈ ബാനറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ ജിതിന്‍ കെ ജോസ് ആണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ആളാണ് ജിതിൻ. ഡിസംബര്‍ 5 നാണ് കളങ്കാവല്‍ തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടി കമ്പനിയുടെ പ്രോജക്റ്റ് തെരഞ്ഞെടുപ്പുകളെക്കുറിച്ച് പറയുകയാണ് മമ്മൂട്ടി. കളങ്കാവല്‍ റിലീസിന് മുന്നോടിയായി മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിലൂടെത്തന്നെ പുറത്തെത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറയുന്നത്.
മമ്മൂട്ടി കമ്പനിയുടെ അടുത്ത സിനിമ ഇതാണെന്ന് എങ്ങനെയാണ് തീരുമാനം എടുക്കുന്നത് എന്ന ചോദ്യത്തിന് മമ്മൂട്ടി പറയുന്ന മറുപടി ഇങ്ങനെ- “വേറൊരു നിര്‍മ്മാതാവിന് ചിലപ്പോള്‍ ചെയ്യാന്‍ സാധിക്കാത്ത സിനിമകള്‍ ആയിരിക്കാം. വേറൊരു നിര്‍മ്മാതാവിന് എന്നെ വച്ച് ചെയ്യാന്‍ താല്‍പര്യമില്ലാത്ത സിനിമകള്‍ ആയിരിക്കാം. ഉറപ്പായുമുള്ള സാമ്പത്തിക വിജയം തീര്‍ച്ചയില്ലാത്ത സിനിമകള്‍ ആയിരിക്കാം. അതൊക്കെ ആയിരിക്കാം നമ്മള്‍ എടുക്കുന്നത്. വാണിജ്യപരമായ വശങ്ങള്‍ ഉള്ള സിനിമകള്‍ ആണെങ്കിലും അതിന് എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ വേണമെന്നുമുണ്ട്. റോഷാക്ക് ആണെങ്കിലും കണ്ണൂര്‍ സ്ക്വാഡ് ആണെങ്കിലും ടര്‍ബോ ആണെങ്കിലുമൊക്കെ അങ്ങനെയാണ്. അങ്ങനത്തെ സിനിമകളാണ് നമ്മള്‍ തെരഞ്ഞെടുക്കുന്നത്”, മമ്മൂട്ടി പറയുന്നു.
കരിയറില്‍ നാനൂറിലധികം സിനിമകളാണ് മമ്മൂട്ടി ഇതിനകം ചെയ്തിട്ടുള്ളത്. അതിനായി അയ്യായിരത്തിലേറെ കഥകള്‍ ഇതിനകം കേട്ടിട്ടുണ്ടാവുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കളങ്കാവല്‍ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവലിനായി കാത്തിരിക്കുന്നത്. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. അതേസമയം ചിത്രത്തിന്‍റെ ഒറിജിനല്‍ മോഷന്‍ പിക്ചര്‍ സൗണ്ട് ട്രാക്കും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ പുറത്തെത്തിയ നിലാ കായും എന്ന ഗാനമുള്‍പ്പെടെ ചിത്രത്തിലെ അഞ്ച് ട്രാക്കുകള്‍ സ്പോട്ടിഫൈ, യുട്യൂബ് മ്യൂസിക്, പ്രൈം മ്യൂസിക് അടക്കം ഒന്‍പത് പ്ലാറ്റ്‍ഫോമുകളില്‍ നിലവില്‍ കേള്‍ക്കാനാവും.