
1998 ൽ പുറത്തിറങ്ങിയ 'മംഗല്യപല്ലക്ക്' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് രാജശ്രീ. രാവണപ്രഭു, മേഘസന്ദേശം, ഗ്രാന്‍ഡ് മാസ്റ്റര്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം തുടങ്ങീ ചിത്രങ്ങളിലും രാജശ്രീയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേളയെടുത്ത രാജശ്രീ വീണ്ടും സജീവമാവുന്നുണ്ട്. പൃഥ്വിരാജ് നായകനായി എത്തി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത 'വിലായത്ത് ബുദ്ധ'യാണ് രാജശ്രീയുടെ ഏറ്റവും പുതിയ ചിത്രം.
സുരേഷ് ഗോപി നായകനായി എത്തിയ മേഘസന്ദേശം എന്ന ചിത്രത്തിൽ യക്ഷിയായി ശ്രദ്ധേയമായ പ്രകടനമായിരുന്നു രാജശ്രീയുടേത്. സംയുക്ത വർമ്മയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ താനും സംയുക്തയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കാറുകയാണ് രാജശ്രീ. മേഘസന്ദേശം എന്ന ആദ്യ ചിത്രത്തിൽ തന്നെ തങ്ങളുടെ സൗഹൃദം നല്ലപോലെ വളർന്നു എന്നാണ രാജശ്രീ പറയുന്നത്.
"സംയുക്തയ്ക്കൊപ്പം ഞാൻ ചെയ്ത ആദ്യ സിനിമയാണ് മേഘസന്ദേശം. അതോടെ ഞങ്ങൾ ശരിക്കും അടുത്തു. സൂര്യനെ കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ഹൈദരാബാദിലാണ് ഞാൻ താമസിക്കുന്നത്. കേരളത്തിൽ വന്നാൽ രണ്ട് ദിവസമെങ്കിലും സംയുക്തയ്ക്കൊപ്പം ചെലവിടും. സംയുക്തയുടെ മകൻ ദക്ഷും എന്റെ മകൻ അദ്വൈവും ഒരേ പ്രായമാണ്, ഇരുവരും നല്ല സൗഹൃദമാണ്. എന്റെ സഹോദരനാണ് സംയുക്തയുടെ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ സൗഹൃദത്തിനിടെ അവർ തമ്മിൽ പ്രണയത്തിലായി. ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു. അവർ ഒരുമിച്ച് സമയം ചെലവഴിക്കുമായിരുന്നു. പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ വിവാഹം നടത്തികൊടുത്തു" രാജശ്രീ പറയുന്നു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രാജശ്രീയുടെ പ്രതികരണം.
അതേസമയം ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് 'വിലായത്ത് ബുദ്ധ'.