Visa fraud case Producer Joby George sentenced to 4 years in prison and fined Rs 66 lakh. മൂവാറ്റുപുഴ, മുളന്തുരുത്തി സ്വദേശികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത വഞ്ചനാക്കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് നടപടി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 

കൊച്ചി: ‌യുകെയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിർമ്മാതാവ് ജോബി ജോർജിന് തടവും പിഴയും. രണ്ട് കേസുകളിലുമായി നാല് വര്‍ഷം തടവും പിഴയായി 66.5 ലക്ഷം രൂപ അടയ്ക്കണമെന്നും കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള്‍ എന്നിവരുടെ പരാതിയിലെടുത്ത കേസുകളിലാണ് ജോബി ജോര്‍ജിനെതിരെ നടപടി.

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 2011ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യുവിന് യുകെയിൽ ജോബ് വിസ ലഭ്യമാക്കുകയും ബിസിനസ് ആരംഭിക്കാൻ സഹായിക്കുമെന്നും പറഞ്ഞ് ജോബി ജോർജ് വിശ്വസിപ്പിച്ചു. തുടർന്ന് രണ്ട് ഘട്ടങ്ങളിലായി രാജേഷ് മാത്യുവിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങുകയായിരുന്നു.

വിസ ലഭ്യമാക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് രാജേഷ് മാത്യു പോലീസിൽ പരാതി നൽകി. കേസിൽ ജോബി ജോർജിനെതിരായ വഞ്ചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. പിഴയായി ഈടാക്കുന്ന 50 ലക്ഷം രൂപ പരാതിക്കാരനായ രാജേഷ് മാത്യുവിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. ജോബി ജോർജിന്റെ ഭാര്യയെയും കേസിൽ പ്രതിയാക്കിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. 2012 ഓഗസ്റ്റിൽ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.

യുകെയില്‍ ബിസിനസ് പങ്കാളിത്തവും, സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്താണ് മുളന്തുരുത്തി സ്വദേശികളായ ബിജു വര്‍ഗീസ്, ഭാര്യ ഡാര്‍ലി ബിജു എന്നിവരില്‍ ജോബി പണം വാങ്ങിയത്. യുകെയിലെത്തിയ ദമ്പതികള്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ഇതോടെ പണം തിരികെ ചോദിച്ചപ്പോള്‍ ജോബി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാര്‍ മൊഴി നല്‍കി. കേസില്‍ ജോബിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച കോടതി, 16.52 ലക്ഷം പിഴയടക്കാനും ഉത്തരവിട്ടു.