
ഹൃത്വിക് റോഷനും ബോളിവുഡ് താരം സബ ആസാദും പ്രണയത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത. ഹൃത്വിക് റോഷനൊപ്പം അഞ്‍ജാത യുവതിയെന്ന തരത്തില്‍ അടുത്തിടെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും തുടര്‍ന്ന് അത് നടി സബ ആസാദാണെന്ന് തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ആണ് ആദ്യം ഓണ്‍ലൈനില്‍ തരംഗമായത്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള കൂടുതല്‍ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുകയാണ് (Hrithik Roshan).
മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഇരുവരുടെയും ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൈകോര്‍ത്ത് പിടിച്ച് ഇരുവരും നടന്നുവരുമ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇവരുടെ ഫോട്ടോ പ്രചരിക്കുകയുമാണ്. പ്രണയ ബന്ധം ഇരുവരും പരസ്യമാക്കുന്നതിന്റെ ഭാഗമാണ് ഫോട്ടോകളെന്ന് ചിലര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കമന്റുകളായി എഴുതുന്നു.
അടുത്തിടെയായി സാമൂഹ്യ മാധ്യമങ്ങളില്‍ ഹൃത്വിക് റോഷനും സബയും പരസ്‍പരം തമാശകള്‍ പങ്കിടാറുണ്ട്. സബ ഒരു ഫോട്ടോ പങ്കുവെച്ചപ്പോള്‍ ഹൃത്വിക് റോഷൻ തമാശ കമന്റുമായി എത്തിയിരുന്നു. ഹൃത്വിക് റോഷന്റെ കുടുംബത്തിനൊപ്പം ഉച്ച ഭക്ഷണം കഴിക്കാനും ഒരിക്കല്‍ സബ സമയം ചെലവഴിച്ചിരുന്നു. സബയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ ഹൃത്വിക് റോഷന്റെ അമ്മാവൻ രാജേഷ് റോഷൻ ഷെയര്‍ ചെയ്യുകയും ചെയ്‍തിരുന്നു.
സുശാന്ത് സിംഗ് ചിത്രമായ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി"യിലൂടെ ശ്രദ്ധേയായ നടിയാണ് സബ ആസാദ്. 'ദില്‍ കബഡി'യെന്ന ചിത്രത്തിലും സബ വേഷമിട്ടിട്ടുണ്ട്. ഹൃത്വിക്ക് സബയും സുഹൃത്തുക്കളാണെന്നും ഇരുവരും ഒന്നിച്ച് സമയം ചെലവിടാറുണ്ടെന്നും സിനിമാ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്. ഹൃത്വിക്ക് റോഷന്റെയും സബ ആസാദിന്റെയും സുഹൃത്തുക്കളെ ഉദ്ധരിച്ചായിരുന്നു വാര്‍ത്തകള്‍.
ഹൃത്വിക്കും സൂസനുമായുള്ള വിവാഹമോചനം 2014ലായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. ഹൃതാൻ, ഹൃഹാൻ എന്നിവരാണ് മക്കള്‍. 'ഫൈറ്റര്‍' എന്ന സിനിമയാണ് ഹൃത്വിക് റോഷന്റേതായി ഇനി റീലീസ് ചെയ്യാനുള്ളത്.
Read More : സബയ്‍ക്കൊപ്പം ഹൃത്വിക് റോഷൻ, ഫോട്ടോകള്‍ വീണ്ടും പ്രചരിക്കുന്നു
ദീപിക പദുക്കോണാണ് 'ഫൈറ്റര്‍' ചിത്രത്തില്‍ നായികയാകുന്നത്. ഹൃത്വിക് റോഷനും ദീപികയും ഇതാദ്യമായിട്ടാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും 'ഫൈറ്റര്‍' എന്നാണ് ചലച്ചിത്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രവും ഹൃത്വിക് റോഷന്റെ 'ഫൈററ്ററി'നോട് ഏറ്റുമുട്ടാൻ എത്തും.
രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രം ലവ് രഞ്‍ജൻ ആണ് സംവിധാനം ചെയ്യുന്നത്. രണ്‍ബിര്‍ കപൂര്‍ നായകനാകുനന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഹൃത്വിക് റോഷന്റേയും രണ്‍ബിര്‍ കപൂറിന്റെയും ചിത്രം ഒരേദിവസം റിലീസ് ചെയ്യുമ്പോള്‍ ആര്‍ക്കാകും വിജയം എന്ന് കാത്തിരുന്ന് കാണണം.രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക.
വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് 'ഫൈറ്റര്‍' നിര്‍മിക്കുന്നത്. 'വാര്‍' എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദും ഹൃത്വിക് റോഷനും ഒന്നിക്കുകയാണ് 'ഫൈറ്റര്‍'. 'വാര്‍' എന്ന ചിത്രം വൻ വിജയമായി മാറുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും 'വാര്‍' ആയിരുന്നു.