
മുംബൈ: ബോളിവുഡിലെ മിന്നും സൂപ്പർസ്റ്റാർ ഹൃത്വിക് റോഷനും, പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസും ഒരു പാൻ-ഇന്ത്യൻ ചിത്രത്തിനായി കൈകോർക്കുന്നു. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ തന്നെ വരാനിരിക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും HXH എന്ന് താല്‍കാലികമായി പേരിട്ട ചിത്രം എന്നാണ് വിവരം.
ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കമ്പനികളിൽ ഒന്നായ ഹോംബാലെ ഫിലിംസ്, അനേകം വിജയ ചലച്ചിത്രങ്ങൾ ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. മെഗാ ബ്ലോക്ക്ബസ്റ്ററുകളിലൂടെ ഹോംബാലെ ഫിലിംസ്സ് പ്രേക്ഷകരെ ഇതിനുമുൻപും വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും, ഹൃത്വിക് റോഷനുമൊത്തുള്ള ഈ പുതിയ പ്രൊജക്റ്റ് പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് സമ്മാനിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ പ്രഖ്യാപനം വന്ന അന്നുമുതൽ ഈ ചിത്രം വ്യാപകമായ ചർച്ചകൾക്കും, അഭിപ്രായങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ഹൃത്വിക് റോഷൻ ആരാധകർക്കും സിനിമാപ്രേമികൾക്കും ഇത് തീർച്ചയായും ഒരു വലിയ വാർത്തയാണ്.
ഈ സഹകരണത്തിൽ അദ്ദേഹം വളരെ സന്തോഷവാനാണെന്നും, ഒരു സാധാരണ സിനിമ ചെയ്യുക എന്നതിലുപരി, പ്രേക്ഷകരെ ചിന്തിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും, ആസ്വാദനത്തിൻറെ പുതിയ തലങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന സിനിമകൾ എടുക്കുകയെന്നതാണ്, ഒരു പ്രൊഡക്ഷൻ സ്റ്റുഡിയോ എന്ന നിലയിൽ തങ്ങളുടെ ലക്ഷ്യമെന്നും ഇതേക്കുറിച്ച് സംസാരിച്ച ഹോംബാലെ ഫിലിംസ് സ്ഥാപകൻ വിജയ് കിരഗണ്ടൂർ പറഞ്ഞു. ഹൃത്വിക് റോഷനുമായുള്ള ഈ സിനിമ ആ ലക്ഷ്യത്തിന് ഒരു പുതിയ ദിശ നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഹോംബാലെ ഫിലിംസ് കഴിഞ്ഞ കുറെ വർഷങ്ങളായി വ്യത്യസ്തങ്ങളായ പല കഥകളും അവതരിപ്പിച്ചിട്ടുണ്ട്. ആ പ്രൊഡക്ഷന്‍ ഹൗസുമായി കൈ കോർത്ത് പ്രേക്ഷകർക്കായി മികച്ചൊരു ചലച്ചിത്രാനുഭവം തന്നെ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങൾ വലിയൊരു സ്വപ്നം കാണുന്നു, ആ സ്വപ്നത്തെ പൂർണമായ ദൃശ്യമികവോടെ സ്‌ക്രീനിൽ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഞങ്ങൾക്കുണ്ട്", ഹൃത്വിക് റോഷന്‍ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ, വിതരണ കമ്പനികളിൽ ഒന്നായി ഉയർന്നുവന്ന ഹോംബാലെ ഫിലിംസ്, കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ കെജിഎഫ് ചാപ്റ്റർ 1 & ചാപ്റ്റർ 2, സലാർ: പാർട്ട് 1 - സീസ്-ഫയർ, കാന്താര എന്നീ മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു.
വ്യത്യസ്തമായ കഥകൾ പറയുന്നതിൽ ഒരു നാഴികക്കല്ല് സൃഷ്ടിക്കുക മാത്രമല്ല, സ്ഥിരമായി ബോക്സ് ഓഫീസ് വിജയങ്ങൾ നേടാനും ഹോംബാലെ ഫിലിംസിന് സാധിച്ചിട്ടുണ്ട്. ഈ മികവിനൊപ്പം ആരാധകപിന്തുണയിലും, ജനപ്രീതിയിലും, താരമൂല്യത്തിലും മുൻപന്തിയിലുള്ള സൂപ്പർ താരങ്ങളിലൊരാൾ എന്ന നിലയിൽ ഹൃത്വിക് റോഷന്റെ സാന്നിധ്യവും ആകുമ്പോള്‍ ചിത്രത്തിൻറെ മാറ്റ് ഇനിയും വർദ്ധിക്കുമെന്നതിൽ സംശയമില്ല.
ഇന്ത്യന്‍ സിനിമ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വാർ 2, ക്രിഷ് 4 എന്നിങ്ങനെ പല വമ്പൻ ചിത്രങ്ങളും ഹൃത്വിക് റോഷന്‍റെതായി വരാനുണ്ട്. പിആര്‍ഒ-മഞ്ജു ഗോപിനാഥ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ