
ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്‍ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പങ്കുവെച്ച് അമ്മ സിന്ധു കൃഷ്‍ണ. തങ്ങൾ കൊടുത്ത കേസിൽ ദിയയുടെ സ്ഥാപനത്തിൽ ഉണ്ടായിരുന്ന പെൺകുട്ടികൾക്ക് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ലെന്ന് സിന്ധു കൃഷ്‍ണ പുതിയ വ്ളോഗിൽ പറയുന്നു. എല്ലാം കഴിഞ്ഞ് അവരെ ഒന്നു നേരിട്ടു കാണണമെന്നും സിന്ധു കൂട്ടിച്ചേർത്തു.
''ഒരുപാടു പേർ കേസ് എന്തായി എന്ന് അന്വേഷിക്കുന്നുണ്ട്. ഞങ്ങൾ കൊടുത്ത കേസിൽ അവർക്ക് ജാമ്യം കിട്ടിയില്ല. ഇനി സ്വാഭാവികമായിട്ടും അവർ ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുമായിരിക്കും. ഞങ്ങൾ അവരെ കാറിൽ തട്ടിക്കൊണ്ടുപോയി എന്നാണ് ആ പെൺകുട്ടികൾ പ്രസ് മീറ്റിൽ പറഞ്ഞത്. ഈ പാവപ്പെട്ട ഇന്നോവ കാറിൽ അവരായിട്ട് കയറിയാണ് വന്നത്. ഈ കാർ എത്രയോ കാലമായിട്ട് ദിയ ഉപയോഗിക്കുന്നതാണ്. അവർക്ക് നന്നായി അറിയുന്ന കാർ ആണ് ഇത്'', സിന്ധു കൃഷ്‍ണ വീഡിയോയിൽ പറയുന്നു.
''എന്തൊക്കെ കള്ളങ്ങളാ ആ പിള്ളേര് പറഞ്ഞത്. പണം എല്ലാം അവരുടെ അക്കൗണ്ടിൽ തന്നെ ഉണ്ടായിരുന്നതുകൊണ്ട് പെട്ടെന്ന് കിട്ടി. വീട് വയ്ക്കാനും, ലണ്ടനിലോട്ട് സഹോദരനെ വിടാനും, പണയം എടുക്കാനും ഒന്നും അവർ പണം ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ട് എളുപ്പത്തിൽ കള്ളത്തരം പിടിക്കാൻ പറ്റി.
ഞാൻ അവരുടെ ഡ്രസിനെപ്പറ്റിയും അവരുപയോഗിക്കുന്ന മൊബൈലിനെപ്പറ്റിയുമൊക്കെ പറഞ്ഞെന്നാണല്ലോ വിനീത എന്ന് പറഞ്ഞ കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. നിനക്കൊക്കെ എന്തിനാണ് ഐഫോൺ എന്ന് ഞാൻ ചോദിച്ചത്രേ. സത്യമായിട്ടും ആ കുട്ടി ഏതു മൊബൈൽ ആണ് ഉപയോഗിക്കുന്നതെന്ന് എന്നു പോലും എനിക്കറിയില്ല. ഇതൊക്കെ കഴിഞ്ഞിട്ട് എനിക്ക് അവരെയൊക്കെ ഒന്ന് കാണണം'', സിന്ധു കൃഷ്‍ണ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക