'ഹൗസ്ഫുള്‍' പ്രദര്‍ശനങ്ങളുടെ ആദ്യദിനം; അരങ്ങുണര്‍ത്തി ലോകസിനിമാ വിഭാഗം

By Web TeamFirst Published Dec 6, 2019, 8:13 PM IST
Highlights

ലോകസിനിമാ വിഭാഗത്തില്‍ ആദ്യദിനം പ്രദര്‍ശിപ്പിച്ചത് 15 ചിത്രങ്ങള്‍. രാവിലെ 10നുള്ള ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പേ ക്യൂ.
 

ഉദ്ഘാടന ദിനത്തില്‍ മികച്ച പ്രേക്ഷക പങ്കാളിത്തവുമായി 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. നിശാഗന്ധിയില്‍ ഉദ്ഘാടനചിത്രത്തിന്റെ പ്രദര്‍ശനം കൂടാതെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ തീയേറ്ററുകളിലായിരുന്നു ഇന്നത്തെ പ്രദര്‍ശനങ്ങള്‍. അഞ്ച് തീയേറ്ററുകളില്‍ മൂന്ന് പ്രദര്‍ശന സമയങ്ങളിലായി പതിനഞ്ച് സിനിമകള്‍. എല്ലാം ലോകസിനിമാ വിഭാഗത്തില്‍ നിന്നുള്ള ചിത്രങ്ങള്‍. മേളയുടെ ഉദ്ഘാടനദിവസങ്ങളില്‍ സാധാരണ കാണാത്ത തരത്തിലുള്ള പ്രേക്ഷക പങ്കാളിത്തമായിരുന്നു ഇത്തവണ. പത്ത് മണിക്ക് കൈരളിയിലും ടാഗോറിലുമായിരുന്നു ഇന്നത്തെ ആദ്യ പ്രദര്‍ശനങ്ങള്‍. 'ബേണിംഗ് ഗോസ്റ്റ്' എന്ന ഫ്രഞ്ച് ചിത്രം കാണാന്‍ കൈരളി തീയേറ്ററിന് മുന്നില്‍ രാവിലെ എട്ട് മണി മുതല്‍ ക്യൂ രൂപപ്പെട്ടിരുന്നു.

 

എന്നാല്‍ ആദ്യദിനം പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ ചെറുശതമാനമാണ് പ്രേക്ഷകപ്രീതി നേടിയത്. ഡാനിഷ് ചിത്രം 'സണ്‍സ് ഓഫ് ഡെന്‍മാര്‍ക്' മികച്ച അഭിപ്രായം നേടിയപ്പോള്‍ അറബിക് ചിത്രം 'യു വില്‍ ഡൈ അറ്റ് 20', ബംഗ്ലാദേശില്‍ നിന്നുള്ള 'മേഡ് ഇന്‍ ബംഗ്ലാദേശ്' എന്നിവ മോശമില്ലാത്ത അഭിപ്രായവും നേടി. യൂറോപ്പില്‍ ഉയര്‍ന്നുവരുന്ന നവ നാസി പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ അവയ്‌ക്കെതിരേ പ്രതികരിക്കാന്‍ തീരുമാനിക്കുന്ന രണ്ട് മുസ്ലിം യുവാക്കള്‍ നേരിടുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. ഉലാ സലിം തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഇത്തവണത്തെ റോട്ടര്‍ഡാം മേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു.

 

സുഡാനീസ് സംവിധായകന്‍ അംജദ് അബു അലലയുടെ 'യു വില്‍ ഡൈ അറ്റ് 20' അന്ധവിശ്വാസങ്ങളുടെ പ്രതലത്തില്‍ സഞ്ചരിക്കുന്ന ചിത്രമാണ്. മകന് 20-ാം വയസ് വരെ മാത്രമാണ് ആയുസ്സെന്ന് ഒരു ദിവ്യന്‍ പ്രവചിക്കുന്നതോടെ ഒരു ഗ്രാമീണകുടുംബം കടന്നുപോകേണ്ടിവരുന്ന സംഘര്‍ഷങ്ങളെയാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. അംജദ് അബുവിന്റെ അരങ്ങേറ്റ ചിത്രത്തിന് വെനീസ് മേളയിലും മികച്ച അഭിപ്രായം ലഭിച്ചിരുന്നു. റുബയ്യത്ത് ഹൊസൈന്‍ ഒരുക്കിയ ബംഗ്ലാദേശി ചിത്രം 'മേഡ് ഇന്‍ ബംഗ്ലാദേശ്' അവിടുത്തെ പുതുതലമുറ സ്ത്രീ മുന്നേറ്റത്തിന്റെ കഥ പറയുന്ന ചിത്രമാണ്. ഒരു തുണിക്കടയില്‍ ജോലി ചെയ്യുന്ന ഇരുപത്തിമൂന്നുകാരി ഷിമു തൊഴിലാണി യൂണിയന്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയാണ്. മാനേജ്‌മെന്റിന്റെ ഭീഷണിയെയും ഭര്‍ത്താവിന്റെ എതിര്‍പ്പിനെയും വകവെക്കാതെ മുന്നോട്ട് പോവുകയാണ് അവള്‍.

 

ആദ്യദിനമായ ഇന്ന് അഡ്വാന്‍സ് സീറ്റ് റിസര്‍വേഷന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ശനിയാഴ്ച മുതല്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് റിസര്‍വേഷന്‍ സൗകര്യമുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ 12ന് ശനിയാഴ്ചത്തേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചിരുന്നു. ശനിയാഴ്ച പ്രദര്‍ശിപ്പിക്കുന്ന പകുതിയിലധികം ചിത്രങ്ങള്‍ ഇതിനകം 'ഹൗസ്ഫുള്‍' ആയിട്ടുണ്ട്. ഐഎഫ്എഫ്‌കെയുടെ വെബ് സൈറ്റ് വഴിയും ആപ്ലിക്കേഷന്‍ വഴിയും പതിവുപോലെ സീറ്റുകള്‍ റിസര്‍വ്വ് ചെയ്യാം. ഒരു ഡെലിഗേറ്റിന് ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങളാണ് റിസര്‍വ് ചെയ്യാന്‍ അവസരം. 10,500 പാസുകളാണ് ചലച്ചിത്ര അക്കാദമി ഇത്തവണ വിതരണത്തിന് ലക്ഷ്യമാക്കിയിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളാണ് വരുന്നത്. ഫെസ്റ്റിവലിന് ഏറ്റവും തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള ദിവസങ്ങളിലേക്കുള്ള സീറ്റ് റിസര്‍വേഷനിലും അത് പ്രതിഫലിക്കുന്നുണ്ട്. 

click me!